കൂറ്റന്‍ ഹനുമാന്‍ പ്രതിമ എടുത്തുമാറ്റൂ; തിരക്ക് കുറയുമെന്ന് ദില്ലി ഹൈക്കോടതി

രാജ്യതലസ്ഥാനത്തെ ജനത്തിരക്ക് പരിഹരിക്കാന്‍ പുതിയ മാര്‍ഗ്ഗം നിര്‍ദ്ദേശിച്ച് ദില്ലി ഹൈക്കോടതി. 108 അടി ഉയരമുള്ള ഹനുമാന്‍ പ്രതിമ എടുത്തുമാറ്റാനാണ് കോടതി നിര്‍ദ്ദേശം. അമേരിക്കയില്‍ അംബര ചുംബികളായ കെട്ടിടങ്ങള്‍ മാറ്റിസ്ഥാപിക്കാറുണ്ടെന്നും അത്തരത്തില്‍ ഈ പ്രതിമയും എടുത്തു മാറ്റാമെന്നും ചീഫ് ജസ്റ്റിസ് ഗീത മിത്തല്‍, ജസ്റ്റിസ് സി ശങ്കര്‍, എന്നിവര്‍ അടങ്ങിയ ബെഞ്ച് നിരീക്ഷിച്ചു. പ്രതിമയ്ക്ക് ചുറ്റുമുള്ള കയ്യേറ്റം ഒഴിപ്പിക്കാനും അധികൃതര്‍ക്ക് കോടതി നിര്‍ദ്ദേശം നല്‍കി. ദില്ലിയിലെ കരോള്‍ ബാഘ് മേഖലയിലെ ഭൂമി കയ്യേറ്റങ്ങളും അനധികൃതമായ നിര്‍മ്മാണങ്ങളും ഒഴിപ്പിക്കണമെന്നാവശ്യപ്പെട്ട് ഒരു എന്‍ജിഒ നല്‍കിയ ഹര്‍ജി പരിഗണിക്കുകയായിരുന്നു കോടതി. കയ്യേറ്റം ഒഴിപ്പിക്കണമെന്ന് കോടതി നവംബര്‍ 15ന് നല്‍കിയ നിര്‍ദ്ദേശം പാലിക്കാത്തതിനെ തുടര്‍ന്നാണ് കേസ് വീണ്ടും കോടതിയുടെ പരിഗണനയ്‌ക്കെത്തിയത്. ഉത്തരവില്‍ ഭേദഗതി വരുത്തിയ കോടതി കേസ് നവംബര്‍ 24 ന് വീണ്ടും പരിഗണിക്കും.

Top