ഹര്‍ത്താൽ!!..കനത്ത ജാഗ്രതയില്‍ പൊലീസ്

തിരുവനന്തപുരം: സംസ്ഥാനത്ത് ബി.ജെ.പി ആഹ്വാനം ചെയ്ത ഹര്‍ത്താല്‍ ആരംഭിച്ചു. രാവിലെ ആറ് മുതല്‍ വൈകീട്ട് ആറു വരെയാണ് ഹര്‍ത്താല്‍. തിരുവനന്തപുരത്ത് ബി.ജെ.പി സമരപ്പന്തലിന് പുറത്ത് തീകൊളുത്തി ആത്മഹത്യക്ക് ശ്രമിച്ചയാള്‍ മരിച്ചതിന് പിന്നാലെയാണ് ഹര്‍ത്താലിന് ആഹ്വാനം ചെയ്തത്. ഹര്‍ത്താലിന്റെ മറവില്‍ ജനദ്രോഹ നടപടികളുമായി രംഗത്തിറങ്ങുന്നവര്‍ക്കെതിരെ കര്‍ശന നടപടിയെടുക്കുമെന്ന് പൊലീസ് മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. അതിനിടെ വേണുഗോപാൽ ഡോക്ടർമാർക്ക് നൽകിയ മൊഴിയിൽ ശബരിമലയെ കുറിച്ചോ ബി.ജെ.പി സമരത്തെ കുറിച്ചോ പരാമർശമില്ല.ബി ജെ പി യുടെ സമരപന്തലിന് സമീപം ആത്മഹത്യാശ്രമം നടത്തിയ തിരുവനന്തപുരം സ്വദേശി വേണുഗോപാലന്‍ നായര്‍ മരിച്ചതിൽ പ്രതിഷേധിച്ചാണ് ഹർത്താൽ .പിണറായി വിജയന്‍ സര്‍ക്കാരിന്‍റെ ധാര്‍ഷ്ട്യമാണ് മരണത്തിന് വഴിവച്ചതെന്നാണ് ബിജെപിയുടെ ആരോപണം.

എന്നാല്‍ മരണത്തിന് ശബരിമല വിഷയവുമായി ബന്ധമില്ലെന്നാണ് പൊലീസ് വിശദീകരണം. ഹര്‍ത്താലിന്‍റെ പശ്ചാത്തലത്തില്‍ ഇന്ന് നടത്താനിരുന്ന എല്ലാ സര്‍വ്വകലാശാല പരീക്ഷകളും മാറ്റിവച്ചു. ഹയര്‍ സെക്കണ്ടറി, വൊക്കേഷണല്‍ ഹയര്‍സെക്കണ്ടറി പരീക്ഷകളും മാറ്റിവച്ചിട്ടുണ്ട്. ഒന്ന് മുതല്‍ പത്ത് വരെയുള്ള ക്ലാസുകളിലെ അര്‍ദ്ധവാര്‍ഷിക പരീക്ഷകള്‍ ഈ മാസം 21ലേക്ക് മാറ്റി

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

അതേസമയം ഹർത്താലിന്‍റെ പശ്ചാത്തലത്തിൽ അക്രമത്തിന് മുതിരുകയോ സഞ്ചാര സ്വാതന്ത്ര്യം തടസ്സപ്പെടുത്തുകയോ ചെയ്യുന്നവർക്കെതിരെ കർശന നടപടിയെന്ന് ഡിജിപി ലോക്നാഥ് ബെഹ്റ പറഞ്ഞു. അക്രമം നടത്തുന്നവർക്കെതിരെ കേസ് രജിസ്റ്റർ ചെയ്ത് നടപടി സ്വീകരിക്കും. സാമാന്യ ജനജീവിതം ഉറപ്പ് വരുത്തുന്നതിന് ആവശ്യമായ എല്ലാ നടപടികളും സ്വീകരിക്കാന്‍ ഡിജിപി ജില്ലാ പൊലീസ് മേധാവിമാര്‍ക്ക് നിര്‍ദ്ദേശം നല്‍കി. സ്ഥിതി ഗതികള്‍ നിരീക്ഷിച്ച് ആവശ്യമായ നടപടി സ്വീകരിക്കണമെന്ന് റേഞ്ച് ഐ ജിമാരോടും സോണല്‍ എ ഡി ജി പിമാരോടും ആവശ്യപ്പെട്ടിട്ടുണ്ട്.

ഇന്നലെ പുലർച്ചെ 2 മണിക്കാണ് മുട്ടട സ്വദേശി വേണുഗോപാലൻ നായർ സെക്രട്ടറിയേറ്റിന് മുന്നിലെ ബി.ജെ.പി സമരപ്പന്തലിന് മുന്നിൽ ആത്മഹത്യക്ക് ശ്രമിച്ചത്. ദേഹമാസകലം പെട്രോളൊഴിച്ച് കത്തിച്ച ഇയാൾ സമരപന്തലിലേക്ക് ഓടിക്കയറാൻ ശ്രമിക്കുകയായിരുന്നു. വൈകുന്നേരത്തോടെ മെഡിക്കൽ കോളേജിൽ വച്ച് ഇയാൾ മരണപ്പെട്ടു. ഇതിൽ പ്രതിഷേധിച്ചാണ് ബി.ജെ.പി ഹർത്താൽ.

ഈ മാസം ഇത് രണ്ടാം തവണയാണ് ബി.ജെ.പി ഹർത്താലിന് ആഹ്വാനം ചെയ്തത്. അതിനിടെ മരണപ്പെട്ടയാൾ സി.പി.എം പ്രവർത്തകനാണെന്ന ബി.ജെ.പിയുടെ ആരോപണത്തെ വേണുഗോപാലിന്റെ ബന്ധുക്കൾ തള്ളി. വേണുഗോപാൽ ആർ.എസ്.എസുകാരനാണെന്ന് സഹോദരി പുത്രൻ ബിനു മീഡിയവണിനോട് പറഞ്ഞു. അതിനിടെ ഡോക്ടർമാർക്ക് വേണുഗോപാൽ നൽകിയ മൊഴിയിൽ ശബരിമലയോ ബി.ജെ.പി സമരമോ പരാമർശിച്ചിട്ടില്ല. ജീവിതം തുടരാൻ താത്പര്യമില്ല എന്നു മാത്രമാണ് രേഖപ്പെടുത്തിയത്.

Top