മാംസം ഭക്ഷിക്കുന്ന ബാക്ടീരിയ യുവാവിന്റെ കാല് തീര്‍ത്തു; ചെറിയ കുമിള പൊന്തിയത് നിസ്സാരമായി കണ്ടത് കുഴപ്പമായി

വാഷിങ്ടണ്‍: തൊഴിലിനിടയില്‍ പറ്റിയ പരിക്കാണെന്ന് കരുതിയ കുമിളകള്‍ അപകടകാരികളായി. കാലിലെ കുമിളകള്‍ വളരുന്നത് കണ്ടതിനെത്തുടര്‍ന്നാണ് അമേരിക്കക്കാരനായ റൗള്‍ റെയ്സ് ആശുപത്രിയില്‍ എത്തിയത്. പരിശോധിച്ച ശേഷം ഡോക്ടര്‍ കാല്‍പാദം മുറിച്ചുമാറ്റണമെന്നാവശ്യപ്പെട്ടപ്പോള്‍ റൗളും ഭാര്യയും ഞെട്ടിപ്പോയി. മാംസം ഭക്ഷിച്ച് വളരുന്ന ഒരു തരം ബാക്ടീരിയയായിരുന്നു റൗളിന്റെ കാല്‍പാദത്തില്‍ കയറിക്കൂടിയത്.

ഒറ്റ ദിവസം കൊണ്ട് കാല്‍പാദം മുഴുവന്‍ കുമിളകള്‍ കൊണ്ട് നിറഞ്ഞത് കണ്ട് ഭയന്നാണ് 26 വയസുകാരനായ റൗള്‍ റെയ്സ് ആശുപത്രിയിലെത്തിയത്. പരിശോധനയ്ക്കൊടുവില്‍ എക്സറേ പരിശോധനയിലാണ് കാലില്‍ മാംസം ഭക്ഷിക്കുന്ന ഒരിനം ബാക്ടീരിയ കയറിയതായി കണ്ടെത്തിയത്.

ശരീരത്തില്‍ പ്രവേശിച്ച ശേഷം മൃദുകോശങ്ങളെ നശിപ്പിക്കുന്ന ഇത്തരം ബാക്ടീരിയകള്‍ വളരെ പെട്ടന്ന് തന്നെ ശരീരം മുഴുവന്‍ വ്യാപിക്കുകയും ആളുടെ മരണത്തിന് തന്നെ കാരണമാവുകയും ചെയ്യുമെന്നാണ് ഡോക്ടര്‍മാര്‍ വ്യക്തമാക്കിയത്. ശരീരത്തിന്റെ മറ്റ് ഭാഗങ്ങളിലേക്ക് പടരുന്നത് തടയാനാണ് റൗളിന്റെ കാല്‍പാദം മുറിച്ചുമാറ്റിയത്.

പ്രതിവര്‍ഷം ആയിരത്തോളമാളുകളെ ഇങ്ങനെയുള്ള ബാക്ടീരികള്‍ ബാധിക്കുന്നുണ്ടെന്നാണ് ഇത് സംബന്ധിച്ച പഠനങ്ങള്‍ വ്യക്തമാക്കുന്നത്. ഉപ്പിന്റെ അംശമുള്ള വെള്ളത്തില്‍ നിന്ന് ജീവികള്‍ വഴിയാണ് ബാക്ടീരിയ മനുഷ്യ ശരീരത്തില്‍ പ്രവേശിക്കുന്നത്. ശരീരത്തിലെ മുറിവുകളിലൂടെ ഇവ വേഗം ഉള്ളിലെത്തും.

റൗളിന്റെ കാല്‍ വിരലിലുണ്ടായിരുന്ന മുറിവിലൂടെയാകാം ബാക്ടീരിയ അകത്ത് പ്രവേശിച്ചതെന്നാണ് കരുതുന്നത്. ഹൂസ്റ്റണിലെ ഡെകെയര്‍ അധ്യാപകനാണ് റൗള്‍. രക്തത്തില്‍ കടന്നാല്‍ നിമിഷനേരം കൊണ്ട് ആളുടെ മരണത്തിന് വരെ കാരണമാകുന്ന അപകടകരമായ ബാക്ടീരിയ necrotizing fasciitsi എന്ന പേരിലാണ് അറിയപ്പെടുന്നത്.

Latest
Widgets Magazine