പറയാതെ വയ്യ..ഇതുപോലൊരു സാഹചര്യം ജീവിതത്തിലിതുവരെ ഉണ്ടായിട്ടില്ല. ശൈലജടീച്ചറുടെ സുരക്ഷാ ചുമതല നിർവ്വഹിക്കുന്ന ടീം അംഗത്തിന്റെ എഫ് ബി കുറിപ്പ്

ശൈലജടീച്ചറുടെ സുരക്ഷാ ചുമതല നിർവ്വഹിക്കുന്ന ടീം അംഗത്തിന്റെ എഫ് ബി കുറിപ്പ് വൈറൽ ആകുന്നു .ആവുകയാണ് . പറയാതെ വയ്യ എന്നും ഇതുപോലൊരു സാഹചര്യം ജീവിതത്തിലിതുവരെ ഉണ്ടായിട്ടില്ല എന്നും ഷൈജു മച്ചത്തി എഴുതുന്നു .രാഷ്ട്രീയ വ്യത്യാസമില്ലാതെ സുഷമസ്വരാജിന്റെ പ്രവർത്തികളെ നെഞ്ചോട് ചേർക്കുന്നപോലെ സി.പി.എമ്മിലെ സുഷമ സ്വരാജായി ശൈലജ ടീച്ചറം മാറുകയാണ് .കേരളരാഷ്ട്രീയത്തിൽ രാഷ്ട്രീയ വ്യത്യാസമില്ലാതെ ജനം ഈ മന്ത്രിയെ നെഞ്ചോട് ചേർക്കുന്നു .

പോസ്റ്റിലേക്ക് ….
നിപ രോഗത്തിൽ നിന്നും അത്ഭുതകരമായി രക്ഷപ്പെട്ട അജന്യയെയും ഉബീഷിനെയും മെഡിക്കൽ കോളേജിൽ ചെന്ന് കാണുമെന്നൊരു സൂചന ലഭിച്ചിരുന്നെങ്കിലും പോകേണ്ടി വരുമെന്ന് കരുതിയിരുന്നില്ല.കോഴിക്കോട് കലക്ട്രേറ്റിൽ രാവിലെ വിളിച്ച് ചേർത്ത സർവ്വകക്ഷി യോഗത്തിന് ശേഷം പത്രപ്രവർത്തകരെ സാക്ഷിനിർത്തി ബഹുമാനപ്പെട്ട മന്ത്രി ഒരു അറിയിപ്പ് നൽകി.വൈകീട്ട് നാല് മണിക്ക് ഐസൊലേഷൻ വാഡിലേക്ക് പോവുകയാണ്.
രോഗമുക്തി നേടിയിട്ടും സമൂഹം ഭയത്തോടെയും അവജ്ഞയോടെയും നോക്കിക്കാണുന്നതിനാൽ ഡിസ്ചാർജ് ചെയ്യാൻ പ്രയാസപ്പെടുന്ന അജന്യയെയും ഉബീഷിനേയും നേരിൽ കാണുകയാണ്.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

ഒരു ജനതയുടെ ആകെ ആശങ്കയെ മാറ്റാൻ ഇത്ര ഭയരഹിതമായും ആർജ്ജവത്തോടെയും ഉറച്ചവാക്കുകളിൽ മന്ത്രി പ്രഖ്യാപനം നടത്തിയപ്പോൾ സുരക്ഷാ ചുമതല നിർവ്വഹിക്കേണ്ടൊരാൾ എന്ന നിലയിൽ വലിയൊരാശങ്കയുണ്ടായത് എനിക്കാണ്.നിശ്ചയദാർഢ്യത്തോടെയുള്ള ആ തീരുമാനത്തെ മാറ്റിക്കാനാവില്ലെന്ന് ഉറപ്പായതിനാൽ ആദ്യം മണിപ്പാൽ ആശുപത്രിയിൽ നിന്നും വന്ന വൈറോളജി വിദഗ്ദനായ ഡോക്ടർ അരുൺ കുമാറിനോട് സാഹചര്യത്തിൻ്റെ ഗൗരവം ചോദിച്ച് മനസിലാക്കി.കൃത്യമായ പ്രോട്ടോക്കോൾ പാലിച്ച് കൊണ്ട് മാത്രമേ പോകാവൂ എന്നും മന്ത്രി എവിടെ പോകുന്നുണ്ടെങ്കിലും കൂടെ ഞാനുമുണ്ടാകുമെന്നും എനിക്ക് കൂടി സംവിധാനങ്ങൾ ഒരുക്കിത്തരണമെന്നും ഞാൻ അദ്ധ്യേഹത്തോട് അഭ്യർത്ഥിച്ചു.

ഭയപ്പെടേണ്ട സാഹചര്യമില്ലെന്നും നിശ്ചിതമായ അകലം പാലിച്ച് കൊണ്ട് സംസാരിക്കുകമാത്രമേ ചെയ്യുകയുള്ളുവെന്നും ആവശ്യമായ ക്രമീകരണങ്ങൾ ചെയ്യാമെന്നും അദ്ധ്യേഹം സമ്മതിച്ചു.സമയം 3.45 ആയപ്പോഴേക്കും ഞങ്ങൾ ഗസ്റ്റ്ഹൗസിൽ നിന്നും മെഡിക്കൽ കോളേജിലേക്ക് പുറപ്പെട്ടു.
റോഡും നഗരവും പൊതുവെ തിരക്ക് കുറവുള്ളതായി തോന്നി.മെഡിക്കൽ കോളേജിനടുത്തെത്തിയപ്പോൾ ദിവസം ഇത്ര കഴിഞ്ഞിട്ടും ആളൊഴിഞ്ഞ പൂരപ്പറമ്പ് പോലെയാണ് തോന്നിയത്.ഏറെയും കടകൾ അടഞ്ഞ് കിടക്കുന്നു.ഞങ്ങൾ മെഡിക്കൽ കോളേജ് പ്രിൻസിപ്പളിൻ്റെ മുറിയിലേക്ക് ചെന്നു.
അവിടെ വച്ച് കാര്യങ്ങൾ പ്ലാൻ ചെയ്തു.ബഹുമാനപ്പെട്ട മന്ത്രിയോടൊപ്പം എം.എൽ.എ,കലക്ടർ,ഡിഎ്ച് എസ്,അരുൺ ഡോക്ടർ എന്നിവർ മാത്രം ഐസോലേഷൻ വാഡിലേക്ക് കയറ്റിയാൽ മതി.മാധ്യമങ്ങൾ പുറത്ത് നിൽക്കട്ടേ.അഞ്ച് മിനുട്ടിനകം ഡാനിഷ് ഡോക്ടറുടെ വിളിവന്നു.അജന്യയും,ഉബീഷും റഡിയാണ്.
ഞങ്ങളെല്ലാവരും അങ്ങോട്ടേക്ക് നടന്നു.

പനി ക്ലിനിക്കിൻ്റെ പരിസരത്തുള്ളവരെല്ലാം സുരക്ഷാ ഉപകരണങ്ങൾ ധരിച്ചിട്ടുണ്ട്.ഐസൊലേഷൻ വാഡിനകത്ത് കണ്ടാൽ ആരെയും പ്രത്യേകം മനസിലാകുന്നില്ല.എല്ലാവരും ബഹിരാകാശ സഞ്ചാരികളെപ്പോലെ എൻ90 മാസ്കും,ബോഡി ബാഗുമെല്ലാം ധരിച്ചവരാണ്.കണ്ണ് മാത്രം കാണാം.പരസ്പരം തിരിച്ചറിയാൻ പ്ലാസ്റ്റിക്ക് കോട്ടിന് പുറത്ത് അറ്റൻ്റർ,ഡോക്ടർ എന്നെല്ലാമെഴുതിയ എഴുത്ത് മാത്രം.ഡിപിഎം ഡോക്ടർ ബിജോയ് ഞങ്ങൾക്കെല്ലാം ഹാൻ്റ് റബ് തന്നു.
ആരും ഭയപ്പെടേണ്ടതില്ലെന്നും നമ്മളാരും മാസ്കോ കോട്ടോ ധരിക്കേണ്ടതില്ലെന്നും.നമ്മളിൽ നിന്ന് അവർക്ക് ഇൻഫെക്ഷനുണ്ടാവരുതെന്ന് കരുതിയാണ് ഹാൻ്റ്റബ്ബ് ലോഷൻ തന്നതെന്നും പറഞ്ഞു..

ഇത്തിരി മുന്നോട്ട് ചെന്നപ്പോൾ തന്നെ വളരെ പ്രസന്ന വദനയായി അജന്യയും,ഉബീഷും മന്ത്രിയെ കാത്തിരിക്കുന്നു.മരണത്തെ മുഖാമുഖം കണ്ട രണ്ടുപേരും പൂർണ്ണ ആരോഗ്യത്തോടെ ആത്മവിശ്വാസത്തോടെ ഏറെ നന്ദിയോടെ മന്ത്രിയുടെ മുന്നിൽ നിന്നു.ലോകാരോഗ്യ രംഗത്ത് കേരളം നൽകുന്ന സംഭാവ..നിപ്പാ രോഗത്തെ അതിജീവിച്ച പുതു ചരിത്രം കോഴിക്കോട് മെഡിക്കൽ കോളേജിലെ ഡോക്ടർമാർക്കും കേരളാ ആരോഗ്യ വകുപ്പിനും ഇനി തലയെടുപ്പോടെ തന്നെ വിളിച്ച് പറയാം..അൽപ്പ നേരത്തെ കുശല വർത്താമാനത്തിൽ ഒരു മന്ത്രിയുടെ കാര്യക്ഷമതയും,ഒരു സാമൂഹ്യ പ്രവർത്തകയുടെ കടമയും, ഒരമ്മയുടെ കരുതലും സ്നേഹവുമെല്ലാം അവിടെ കാണാനിടയായി.അത് എല്ലാവരിലും നല്ല ആത്മ വിശ്വാസം പകർന്നു.ഇനി ഞാനെപ്പഴാണ് ഡ്യൂട്ടിക്ക് പോകേണ്ടതെന്ന അജന്യയുടെ ചോദ്യം എല്ലാവരിലും ചിരി പടർത്തി.പോകാൻ നേരത്ത് പ്രോട്ടോക്കോൾ ലംഘിച്ച് ടീച്ചർ അവളുടെ തോളിൽ തട്ടി ആശ്വസിപ്പിച്ചു.
അരുൺ ഡോക്ടർ എന്നെയൊന്ന് നോക്കി.
ഗൗരവം വെടിഞ്ഞ് ഞാൻ ചിരിച്ചു..
പുറത്ത് മാധ്യമ പ്രവർത്തകർ വിശേഷങ്ങൾക്കായി കാതോർത്തിരിപ്പുണ്ടായിരുന്നു.
അവർക്ക് വേണ്ടത് അവർക്ക് നൽകി തിരികെ ഗസ്റ്റ് ഹൗസിവേക്ക് പുറപ്പെട്ടു..
ഞാൻ വഴി നീളെ ചിന്തിക്കുകയായിരുന്നു.എത്ര വലിയൊരു വിപത്തിനെയാണ് ഇവിടെ പിടിച്ച് കെട്ടിയത്..
നിപ്പയെ പിടിച്ച് കെട്ടിയ ബഹുമാനപ്പെട്ട മന്ത്രിമുതൽ മൃതദേഹം മറവ് ചെയ്ത തൊഴിലാളി വരെ ആരോഗ്യ വകുപ്പിലെ മുഴുവൻ ടീമിനോടും കേരള ജനത മുഴുവൻ നിവർന്ന് നിന്നൊന്ന് സല്യൂട്ട് ചെയ്യേണ്ടതുണ്ട്…
അവർ നടത്തുന്ന പൊതുജനാരോഗ്യ പ്രവർത്തനങ്ങളിൽ ഒപ്പം ചേരേണ്ടതുണ്ട്…

Top