മൊബൈല്‍ഫോണില്‍ സംസാരിക്കാന്‍ അനുവദിച്ചില്ല; ഭര്‍ത്താവിനെ യുവതി തീകൊളുത്തി കൊന്നു

മൊബൈല്‍ ഫോണില്‍ സംസാരിച്ചതുമായി ബന്ധപ്പെട്ട തര്‍ക്കത്തിനൊടുവില്‍ ഭര്‍ത്താവിനെ ഭാര്യ മണ്ണെണ്ണയൊഴിച്ച് കത്തിച്ചു. ഉത്തര്‍പ്രദേശിലെ ബാലരാംപുര്‍ ജില്ലയില്‍ കഴിഞ്ഞ ബുധനാഴ്ചയായിരുന്നു സംഭവം. പൊള്ളലേറ്റു ചികിത്സയിലായിരുന്ന യുവാവ് ഒരാഴ്ചയ്ക്കു ശേഷം മരണത്തിനു കീഴടങ്ങി. നാന്‍കെ (35) എന്ന യുവാവാണ് മരിച്ചത്. ഭാര്യ പൂജ മൊബൈല്‍ ഫോണില്‍ സംസാരിച്ചതുമായി ബന്ധപ്പെട്ടുണ്ടായ തര്‍ക്കമാണ് കൊലപാതകത്തില്‍ കലാശിച്ചത്. മൊബൈല്‍ ഫോണില്‍ സംസാരിക്കാന്‍ അനുവദിക്കില്ലെന്ന് നാന്‍കെ പറഞ്ഞതില്‍ പൂജ കടുത്ത അമര്‍ഷത്തിലായിരുന്നു. ബുധനാഴ്ച രാത്രി ഭക്ഷണം കഴിച്ച് ഉറങ്ങാന്‍ കിടന്ന നാന്‍കെയുടെ ശരീരത്തില്‍ മണ്ണെണ്ണ തളിച്ച ശേഷം തീകൊളുത്തുകയായിരുന്നു. നാന്‍കെയുടെ നിലവിളികേട്ടെത്തിയ ബന്ധുക്കള്‍ ഇയാളെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ചൊവ്വാഴ്ച മരണത്തിനു കീഴടങ്ങി. സംഭവത്തില്‍ പൂജയെ പോലീസ് അറസ്റ്റ് ചെയ്തു.

Latest
Widgets Magazine