ആധാറില്ലെങ്കില്‍ പബ്ബുകളും പണി തരും; ഫിറ്റായാല്‍ ടീനേജുകാര്‍ക്ക് പിടിവീഴും

പബുകളില്‍ പ്രവേശിക്കുന്നതിന് ആധാര്‍ കാര്‍ഡ് നിര്‍ബന്ധമാക്കി തെലങ്കാന. തെലങ്കാനയിലെ എക്സൈസ് വകുപ്പാണ് പബ്ബില്‍ പ്രവേശിക്കുന്നതിന് ആധാര്‍ കാര്‍ഡ് സമര്‍പ്പിക്കണമെന്ന ചട്ടം കൊണ്ടുവന്നിട്ടുള്ളത്. ആധാറല്ലെങ്കില്‍ മറ്റേതെങ്കിലും ഫോട്ടോ പതിച്ച തിരിച്ചറിയല്‍‌ കാര്‍ഡ് സമര്‍പ്പിക്കാനും സര്‍ക്കാര്‍ അനുവദിക്കുന്നുണ്ട്. സ്കൂള്‍ വിദ്യാര്‍ത്ഥികള്‍ ഉള്‍പ്പെടെ പ്രായപൂര്‍ത്തിയാവാത്ത കുട്ടികള്‍ പബ്ബിലേയ്ക്ക് പ്രവേശിക്കുന്നത് തടയുന്നതിന് വേണ്ടിയാണ് സര്‍ക്കാര്‍ നീക്കം. നഗരത്തിലെ പബ്ബുകളിലും കുട്ടികള്‍ക്ക് യാതൊരു നിയന്ത്രണവുമില്ലാതെ പ്രവേശിക്കാന്‍ കഴിയുന്ന പബുകളുണ്ടെന്നും പലയിടങ്ങളിലും കുട്ടികളാണ് സ്ഥിരം സന്ദര്‍ശകരെന്ന കണ്ടെത്തലിനെയും തുടര്‍ന്നാണ് എക്സൈസ് വകുപ്പ് നിലപാട് കടുപ്പിക്കുന്നത്. നേരത്തെ ഹൈദരാബാദില്‍ നിന്ന് സിന്തറ്റിക് ഡ്രഗ് റാക്കറ്റിനെ പിടികൂടിയതോടെ നഗത്തിലെ 14 ഓളം പബ്ബുകള്‍ക്ക് പോലീസ് താക്കീത് നല്‍കിയിരുന്നു. ഇതിന് പിന്നാലെയാണ് കൂടുതല്‍ നിയന്ത്രണങ്ങള്‍ സര്‍ക്കാര്‍ കൊണ്ടുവരുന്നത്. നഗരത്തില്‍ 17 കാരി കൊലചെയ്യപ്പെട്ട കേസിന്‍റെ അന്വേഷണത്തിനിടെ പ്രായപൂര്‍ത്തിയാവാത്ത കുട്ടികളും നഗത്തിലെ ബാര്‍ ഹോട്ടലിലെത്തി മദ്യം കഴിച്ചിരുന്നുവെന്ന് കണ്ടെത്തിയതിന് പിന്നാലെയാണ് സര്‍ക്കാര്‍ നീക്കം. കൊലപാതക കേസ് അന്വേഷിച്ച പോലീസ് സംഘത്തിന് കിട്ടിയത് ഞെട്ടിയ്ക്കുന്ന വിവരങ്ങളായിരുന്നു. സില്‍വര്‍ ഓക്ക് സ്കൂളിലെ വിദ്യാര്‍ത്ഥിയായ പെണ്‍കുട്ടി സ്ഥിരമായി പബ്ബിലെത്തുകയും മദ്യപിക്കുകയും ചെയ്തിരുന്നുവെന്ന് പോലീസ് കണ്ടെത്തുകയായിരുന്നു. പിന്നീട് നടത്തിയ അന്വേഷണത്തിലാണ് നിരവധി പ്രായപൂര്‍ത്തിയാവാത്ത കുട്ടികളാണ് പബ്ബില്‍ സ്ഥിരസന്ദര്‍ശകരായി എത്തുന്നതെന്ന് കണ്ടെത്തിയത്. പബ്ബിലെത്തുന്നവരുടെ ആധാര്‍ കാര്‍ഡ് ഉള്‍പ്പെടെയുള്ള തിരിച്ചറിയല്‍ രേഖ പരിശോധിച്ച് പ്രായം സ്ഥിരീകരിച്ച ശേഷം മാത്രം പബ്ബിലേയ്ക്ക് പ്രവേശിക്കാന്‍ അനുവദിച്ചാല്‍ മതിയെന്നാണ് തെലങ്കാന എക്സൈസ് വകുപ്പ് നല്‍കിയിട്ടുള്ള നിര്‍ദേശം. 21 വയസ്സില്‍ താഴെയുള്ളവരെ പബ്ബിലേയ്ക്ക് പ്രവേശനം നല്‍കരുതെന്നും എക്സൈസ് വകുപ്പ് കര്‍ശനമായി വിലക്കുന്നുണ്ട്. മദ്യപിച്ച് വാഹനമോടിച്ച് അപകടമുണ്ടാക്കുന്നത് തടയുന്നതിനായി പരിമിതമായ അളവില്‍ മാത്രം മദ്യം വിളമ്പിയാല്‍ മതിയെന്ന് പബ് ഉടമകള്‍ക്ക് നിര്‍ദേശം നല്‍കിയതായി എക്സൈസ് കമ്മീഷണര്‍ ആര്‍ വി ചന്ദ്രവദനെ ഉദ്ധരിച്ച് ഇന്ത്യാ ടുഡേ റിപ്പോര്‍ ട്ട് ചെയ്യുന്നു. പ്രായപൂര്‍ത്തിയാവാത്ത കുട്ടികളുടെ മദ്യപിച്ച് വാഹനമോടിക്കുന്നില്ലെന്ന് ഉറപ്പുവരുത്തുന്നതിനായാണ് തിരിച്ചറിയല്‍ രേഖകള്‍ പരിശോധിക്കാന്‍ എക്സൈസ് വകുപ്പ് നിര്‍ദേശം നല്‍കിയിട്ടുള്ളത്. ഓല, യൂബര്‍ തുടങ്ങിയ ക്യാബ് കമ്പനികളുമായി ചേര്‍ന്ന് പബ്ബില്‍ പോകുന്നവര്‍ക്ക് സുരക്ഷിതമായി യാത്ര ചെയ്യുന്നതിനുള്ള സൗകര്യങ്ങള്‍ ഒരുക്കുന്നതിനും സര്‍ക്കാര്‍ നിര്‍ദേശിച്ചിട്ടുണ്ട്.

സന്ദര്‍ശകരുടെ വിവരങ്ങള്‍ കൃത്യമായി സൂക്ഷിക്കുന്നതിനായി രജിസ്റ്റര്‍ സൂക്ഷിക്കാന്‍ സംസ്ഥാനത്തെ പബ്- ബാര്‍ മാനേജര്‍മാര്‍ക്ക് സര്‍ക്കാര്‍ നിര്‍ദേശം നല്‍കിയിട്ടുണ്ട്. പ്രായപൂര്‍ത്തിയാവാത്ത കുട്ടികള്‍ പബ്ബില്‍ പ്രവേശിക്കുന്നത് തടയുന്നതിന്‍റെ ഭാഗമായാണിത്. മയക്കുമരുന്ന് റാക്കറ്റുകളുമായി ബന്ധമുണ്ടെന്ന് സംശയിക്കുന്നവരെ നിരീക്ഷിക്കാനും സര്‍ക്കാര്‍ നിര്‍ദേശിച്ചിട്ടുണ്ട്.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക
Top