ജേക്കബ് തോമസിന്‍ എതിരെ പ്രതിഷേധം: ഐ.എ.എസ് ഉദ്യോഗസ്ഥര്‍ തിങ്കളാഴ്ച കൂട്ട അവധിയെടുക്കും

തിരുവനന്തപുരം:സംസ്ഥാനത്തെ ഐ.എ.എസ് ഉദ്യോഗസ്ഥര്‍ തിങ്കളാഴ്ച കൂട്ട അവധിയെടുക്കുന്നു. ജേക്കബ് തോമസ് പ്രതികാര നടപടികളിലൂടെ മനോവീര്യം കെടുത്തുന്നെന്ന് ആരോപിച്ചാണ് സംസ്ഥാനത്തെ ഐ.എ.എസ് ഉദ്യോഗസ്ഥര്‍ തിങ്കളാഴ്ച കൂട്ട അവധിയെടുത്ത് പ്രതിഷേധിക്കാന്‍ തീരുമാനിച്ചത്. ഐ.എ.എസ് ഉദ്യോഗസ്ഥര്‍ കേസില്‍പ്പെടുന്ന സംഭവങ്ങള്‍ പതിവായതിനെ തുടര്‍ന്ന് തിരുവനന്തപുരത്ത് ചേര്‍ന്ന യോഗത്തിലാണ് തീരുമാനമെടുത്തത്.
സിവില്‍ സര്‍വിസ് ഉദ്യോഗസ്ഥരുടെ തൊഴില്‍മാന്യത തകര്‍ക്കുംവിധമുള്ള പ്രവര്‍ത്തനങ്ങളാണ് കഴിഞ്ഞ കുറെ നാളുകളായി ജേക്കബ് തോമസ് നടത്തുന്നതെന്ന് ഐ.എ.എസുകാര്‍ ആരോപിക്കുന്നു. മുന്‍ മന്ത്രി ഇ.പി. ജയരാജന്‍ പ്രതിയായ ബന്ധുനിയമനക്കേസില്‍ വ്യവസായവകുപ്പ് അഡീഷനല്‍ ചീഫ് സെക്രട്ടറി പോള്‍ ആന്‍റണിയെ മൂന്നാം പ്രതിയാക്കിയ വിജിലന്‍സ് തീരുമാനമാണ് ഇപ്പോഴത്തെ പൊട്ടിത്തെറിക്ക് കാരണം. വിജിലന്‍സ് കോടതിയില്‍ എഫ്.ഐ.ആര്‍ സമര്‍പ്പിച്ചതിനുപിന്നാലെയാണ് ഐ.എ.എസ് ഉദ്യോഗസ്ഥര്‍ ശനിയാഴ്ച തലസ്ഥാനത്ത് യോഗം ചേര്‍ന്ന് പ്രതിഷേധനടപടിക്ക് രൂപംനല്‍കിയത്.

ജേക്കബ് തോമസിനെതിരെ കടുത്ത ആരോപണങ്ങള്‍ ഉന്നയിച്ചുള്ള പ്രമേയവും യോഗം പാസാക്കി. ഉദ്യോഗസ്ഥരുടെ മനോവീര്യം കെടുത്തുന്ന പ്രതികാര നടപടികളാണ് ജേക്കബ് തോമസ് സ്വീകരിക്കുന്നതെന്ന് അതില്‍ കുറ്റപ്പെടുത്തുന്നു. ഇതിലുള്ള പ്രതിഷേധം മുഖ്യമന്ത്രിയെ നേരില്‍കണ്ട് അറിയിക്കാന്‍ അസോസിയേഷന്‍ പ്രസിഡന്‍റിനെ ചുമതലപ്പെടുത്തി. ജേക്കബ് തോമസിന് അനധികൃത സ്വത്തുണ്ടെന്ന ആരോപണവും അസോസിയേഷന്‍ ഉയര്‍ത്തുന്നു. കര്‍ണാടകയില്‍ വനഭൂമി കൈയേറി, തുറമുഖ ഡയറക്ടര്‍ ആയിരിക്കെ ക്രമക്കേട് നടത്തി തുടങ്ങിയവയും ആരോപണങ്ങളില്‍പെടുന്നു.

ഇ.പി. ജയരാജന്‍ വ്യവസായമന്ത്രിയായിരിക്കെ ഫയലില്‍ കുറിച്ച നിര്‍ദേശം വകുപ്പ് പ്രിന്‍സിപ്പല്‍ സെക്രട്ടറി എന്ന നിലയില്‍ പോള്‍ ആന്‍റണി നടപ്പാക്കുകയായിരുന്നു. ഇതിന്‍െറ പേരിലാണ് അദ്ദേഹത്തെ ബന്ധുനിയമനക്കേസില്‍ പ്രതിയാക്കിയത്. ഇത് ചട്ടലംഘനമാണ്. മലബാര്‍ സിമന്‍റ്സ് എം.ഡി ആയിരിക്കെ പത്മകുമാറിനെ അറസ്റ്റ് ചെയ്തതും സുപ്രീംകോടതി മാര്‍ഗനിര്‍ദേശങ്ങളുടെ ലംഘനമായിരുന്നെന്നും കുറ്റപ്പെടുത്തുന്നു. ക്രമസമാധാനനിര്‍വഹണം ഉള്‍പ്പെടെ അടിയന്തരചുമതലകള്‍ നിര്‍വഹിക്കുന്ന കലക്ടര്‍മാര്‍ ഉള്‍പ്പെടെയുള്ള ഉദ്യോഗസ്ഥര്‍ക്ക് ചുമതലകള്‍ നിര്‍വഹിക്കാനുള്ള അനുമതി അസോസിയേഷന്‍ നല്‍കി. എന്നാല്‍, അവര്‍ അവധി എടുത്താവണം ജോലി ചെയ്യേണ്ടതെന്നാണ് നിര്‍ദേശം.

Latest
Widgets Magazine