അച്ഛനെ കൊന്നവരോടുള്ള പ്രതികാരം തീര്‍ക്കാന്‍ പഠിച്ച് ഐഎഎസുകാരിയായ കിന്‍ജാലിന്റെ ത്രസിപ്പിക്കുന്ന ജീവിതം; അനുജത്തിയെയും തന്റെയൊപ്പം എത്തിച്ചു; പ്രതികള്‍ക്ക് ശിക്ഷയും വാങ്ങി നല്‍കി നീതിയും നേടിയെടുത്തു

പ്രതികാരം തീര്‍ക്കുക എന്ന ലക്ഷ്യത്തിനായി കഷ്ടപ്പെട്ട് കോടീശ്വരനാകുന്നതും പോലീസാകുന്നതും ഒക്കെ നമ്മള്‍ സിനിമയില്‍ പുരുഷ കഥാപാത്രങ്ങള്‍ ചെയ്യുന്നതായി കണ്ടിട്ടുള്ളതാണ്. എന്നാല്‍ ഇവിടെ പറയുന്നത് ജീവിതത്തില്‍ തന്റെ അച്ഛനെ കൊന്നവരോടുള്ള പ്രതികാരത്തിനായി പഠിച്ച് ഐഐസ് ഓഫീസറായ യുവതിയുടെ ജീവചരിത്രത്തെക്കുറിച്ചാണ്. ആറുമാസം പ്രായമുള്ളപ്പോള്‍ അച്ഛനെ കൊന്ന സഹപ്രവര്‍ത്തകരെ ഇരുമ്പഴിക്കുള്ളില്‍ ആക്കാന്‍ വേണ്ടി വാശിയോടെ പഠിച്ച് ഐഎഎസുകാരിയായിത്തീര്‍ന്ന വീരചരിതമാണ് കിന്‍ജാലിനുള്ളത്. തനിക്ക് പുറമെ അനിയത്തിയെയും ഐഎഎസുകാരിയാക്കാനും ഈ ധീരപുത്രിക്ക് സാധിച്ചിട്ടുണ്ട്. ചുരുക്കിപ്പറഞ്ഞാല്‍ ഒരു സാധാരണ പെണ്‍കുട്ടി ഐഎഎസുകാരിയായി അച്ഛന്റെ കൊലപാതകികളോട് പ്രതികാരം തീര്‍ത്ത അപൂര്‍വകഥയാണിത്.

തന്റെ പിതാവും ഡിസ്ട്രിക്ട് ഡെപ്യൂട്ടി സൂപ്രണ്ട് ഓഫ് പൊലീസുമായിരുന്ന കെ.പി.സിംഗിന്റെ കൊലപാതകിയെ അഴിക്കുള്ളിലാക്കാനായിരുന്നു കിന്‍ജാല്‍ തന്റെ സര്‍വ കഴിവുകളും ഉപയോഗിച്ച് ഐഎഎസ് ഓഫീസറായിത്തീര്‍ന്നത്. തല്‍ഫലമായി കെ.പി.സിംഗിന്റെ കൊലപാതകിക്ക് 31 വര്‍ഷങ്ങള്‍ക്ക് ശേഷം അഴിക്കുള്ളിലാവുകയും ചെയ്തു. അദ്ദേഹത്തെ അന്ന് വെടിവച്ച് കൊന്നിരുന്നത് ഗോണ്ടയിലെ അദ്ദേഹത്തിന്റെ സഹപ്രവര്‍ത്തകര്‍ തന്നെയായിരുന്നുവെന്നതാണ് ഈ മകളെ പ്രതികാര ദുര്‍ഗയാക്കിയിരുന്ന ദുഃഖകരമായ സത്യം. ഈ കൊല നടക്കുമ്പോള്‍ കിന്‍ജാലിന് വെറും ആറ് മാസം പ്രായമായിരുന്നു. അനിയത്തിയായ പ്രാന്‍ജാല്‍ ആകട്ടെ അമ്മയുടെ വയറ്റിലുമായിരുന്നു. ഭര്‍ത്താവിന്റെ കൊലപാതകത്തിന് ശേഷം രണ്ട് പെണ്‍മക്കളെ മാറോട് ചേര്‍ത്ത് വളര്‍ത്തുന്നതിനിടയിലും പ്രിയതമന്റെ കൊലപാതകികള്‍ക്ക് ശിക്ഷ വാങ്ങിക്കൊടുക്കാന്‍ അദ്ദേഹത്തിന്റെ വിധവയായ വിഭ സിങ് രാപ്പകല്‍ ഓടി നടന്നിരുന്നു. എന്നാല്‍ എപ്പോഴും കൊലപാതകികള്‍ക്കായിരുന്നു വിജയം. അതിനെ തുടര്‍ന്ന് 31 വര്‍ഷക്കാലം അവര്‍ ശിക്ഷയില്‍ നിന്നും വഴുതി മാറുകയും ചെയ്തു.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

താന്‍ കൊച്ചു കുഞ്ഞായിരുന്നപ്പോള്‍ അമ്മ തന്നെയും കൂട്ടി ഇടയ്ക്കിടെ ഡല്‍ഹി സുപ്രീംകോടതി കയറിയിറങ്ങുന്നത് എന്തിനാണെന്ന് കിന്‍ജാളിന് മനസിലായിരുന്നില്ല. ഭര്‍ത്താവിന്റെ മരണശേഷം വിഭയ്ക്ക് വാരാണസിയിലെ ട്രഷറിയില്‍ ജോലി ലഭിച്ചിരുന്നുവെങ്കിലും അവിടെ നിന്നും ലഭിക്കുന്ന ശമ്പളത്തില്‍ ഭൂരിഭാഗവും കോടതി ചെലവുകള്‍ക്ക് വേണ്ടി ചെലവഴിക്കേണ്ടി വന്നിരുന്നു. ഇത്തരത്തില്‍ ഏറെ ബുദ്ധിമുട്ടുകളെ അഭിമുഖീകരിക്കേണ്ടി വന്നപ്പോഴും ആ അമ്മ തന്റെ പെണ്‍മക്കളെ നന്നായി പഠിക്കാന്‍ പ്രേരിപ്പിച്ചിരുന്നു. ഐഎഎസ് ഓഫീസറാകണമെന്നത് അച്ഛന്റെ മോഹമായിരുന്നുവെന്നും അത് മക്കളെങ്കിലും സഫലമാക്കണമെന്നും അവര്‍ മക്കളോട് എപ്പോഴും പറഞ്ഞിരുന്നു. കെ.പി.സിങ് കൊല്ലപ്പെട്ട ഏതാനും ദിവസങ്ങള്‍ക്ക് ശേഷം വന്ന ഐഎഎസ് പരീക്ഷാഫലത്തില്‍ അദ്ദേഹം വിജയിച്ചിരുന്നു. പഠനത്തില്‍ മിടുക്കിയായ കിന്‍ജാളിന് ഡല്‍ഹിയിലെ പ്രശസ്തമായ ലേഡി ശ്രീറാം കോളജില്‍ പ്രവേശനം ലഭിക്കുകയും ചെയ്തിരുന്നു.

എന്നാല്‍ ഗ്രാജ്വേഷന്റെ ആദ്യ സെമസ്റ്ററിലായിരുന്നു തന്റെ അമ്മയ്ക്ക് അര്‍ബുദമാണെന്ന നഗ്നസത്യം കിന്‍ജാള്‍ തിരിച്ചറിഞ്ഞത്. അതവളെ ഒരു വേള തളര്‍ത്തിയിരുന്നു. തനിക്കും സഹോദരിക്കും ഇനിയാരുമില്ലെന്ന തോന്നല്‍ കിന്‍ജാളില്‍ ശക്തമായ അനിശ്ചിതത്വം സൃഷ്ടിച്ചു. തന്റെ പെണ്‍മക്കളെ അനാഥരാക്കി പോകേണ്ടി വരുമെന്ന ഭയത്താല്‍ വിഭ സിങ് എല്ലാ ഊര്‍ജവും സംഭരിച്ച് ക്യാന്‍സറിനോട് പൊരുതിയിരുന്നു. അവര്‍ കീമോതെറാപ്പിക്ക് വിധേയയായിരുന്നു. താനും സഹോദരിയും ഐഎഎസ് ഓഫീസര്‍മാരാകുമെന്നും പിതാവിന്റെ കൊലപാതകികളെ നീതിപീഠത്തിന് മുന്നിലെത്തിക്കുമെന്നും അമ്മയുടെ മരണക്കിടക്കയില്‍ വച്ച് കിന്‍ജാല്‍ അവര്‍ക്ക് വാക്ക് നല്‍കുകയായിരുന്നു. തുടര്‍ന്ന് നാളുകള്‍ക്ക് ശേഷം അമ്മ മരിക്കുകയും ചെയ്തു. സംസ്‌കാരം കഴിഞ്ഞ് കിന്‍ജാല്‍ ഡല്‍ഹിയിലെത്തുകയും ഒരു പരീക്ഷയ്ക്കിരിക്കുകയും ചെയ്തു. തുടര്‍ന്ന് ഡല്‍ഹി യൂണിവേഴ്‌സിറ്റിയില്‍ നിന്നും ഡിഗ്രിയില്‍ ഒന്നാമതായി പാസാവുകയും സ്വര്‍ണമെഡല്‍ നേടുകയും ചെയ്തു.

തന്റെ അമ്മയ്ക്ക് കൊടുത്ത വാക്ക് പാലിക്കുന്നതിനായി കിന്‍ജാല്‍ ഗ്രാജ്വേഷന് ശേഷം സഹോദരിയെയും ഡല്‍ഹിയിലേക്ക് കൊണ്ട് വന്ന് ഇരുവരും ഡല്‍ഹിയിലെ മുഖര്‍ജി നഗറില്‍ ഒരു അപാര്‍ട്ട്‌മെന്റ് വാടകയ്‌ക്കെടുത്ത് താമസിക്കുകയും ചെയ്തു. ഇവിടെ വച്ച് ഇരുവരും ഐഎഎസിന് തയ്യാറെടുക്കുകയായിരുന്നു. ആ സമയത്ത് അവരുടെ അമ്മാവനും അമ്മായിയും അവര്‍ക്ക് തുണയായെത്തുകയും ചെയ്തു.

തുടര്‍ന്ന് പഠനത്തില്‍ മാത്രമായിരുന്നു ഈ സഹോദരിമാര്‍ ശ്രദ്ധ പതിപ്പിച്ചിരുന്നത്. ഇരുവരും പരസ്പരം ശക്തിയും പ്രചോദനവും പകര്‍ന്നതോടെ പഠനത്തില്‍ മുന്നിലെത്തുകയായിരുന്നു. തല്‍ഫലമായി 2007ല്‍ ഐഎഎസ് പരീക്ഷാഫലം പുറത്ത് വന്നതോടെ കിന്‍ജാളിന് 25ാം റാങ്കും സഹോദരിക്ക് 252ാംറാങ്കുമായിരുന്നു. തുടര്‍ന്ന് ഇരു സഹോദരിമാരും പിതാവിന്റെഘാതകരെ നീതിപീഠത്തിന് മുന്നിലെത്തിച്ച് ശിക്ഷ വാങ്ങിക്കൊടുക്കുത്ത് അമ്മയോടുള്ള വാക്ക് പാലിക്കുകയുംചെയ്തു. അവരുടെ ദൃഢനിശ്ചയും ഉത്തര്‍പ്രദേശ് കോടതിയെ പിടിച്ച് കുലുക്കിയിരുന്നു. ഇതിനെ തുടര്‍ന്ന് കൊലപാതകികളായ മൂന്ന് പൊലീസുകാര്‍ക്ക് വധശിക്ഷയാണ് കോടതി വിധിച്ചത്. തുടര്‍ന്ന് 2013 ജൂണ്‍ അഞ്ചിന് ലക്‌നൗവിലെ സിബിഐ പ്രത്യേക കോടതി കെപിസിംഗിന്റെ കൊലപാതകത്തില്‍ പങ്കുള്ള 18 പൊലീസുകാര്‍ക്ക് കൂടി ശിക്ഷ വിധിച്ചു. നിലവില്‍ കിന്‍ജാല്‍ രാജ്യത്തെ ഏറ്റവും മികച്ച ഒരു ഐഎഎസ് ഓഫീസറാണ്. പ്രതിസന്ധികളില്‍ തകര്‍ന്ന് പോകുന്നവര്‍ക്ക് പ്രചോദനമേകുന്ന ജീവിതത്തിനുടമകളുമാണീ സഹോദരിമാര്‍.

Top