പാകിസ്താന് നദീജലം നൽകില്ല; നിലപാട് കടുപ്പിച്ച് ഇന്ത്യ

പാകിസ്താനെതിരെ നിലപാട് ശക്തമാക്കി ഇന്ത്യ. മൂന്ന് നദികളിലെ ജലം പാകിസ്താനുമായി പങ്കുവയ്ക്കുന്നത് നിര്‍ത്തിവെക്കാൻ ഇന്ത്യ തീരുമാനിച്ചു. പാകിസ്താനിലേക്ക് ഒഴുകുന്ന മൂന്ന് നദികളിലെ ജലം യമുനാ നദിയിലേക്ക് തിരിച്ചുവിടുമെന്ന് ജലവിഭവമന്ത്രി നിതിന്‍ ഗഡ്കരി വ്യക്തമാക്കി.സിന്ധൂ നദീജല കരാര്‍ പ്രകാരം ഇന്ത്യയ്ക്ക് പൂര്‍ണ നിയന്ത്രണമുള്ള നദികളിലെ ജലം പാകിസ്താനുമായി പങ്കുവയ്ക്കുന്നതാണ് ഇന്ത്യ നിര്‍ത്താനൊരുങ്ങുന്നത്. 1960 ലെ കരാര്‍ പ്രകാരം ആറ് നദികളില്‍ മൂന്നെണ്ണത്തിന്റെ നിയന്ത്രണം ഇന്ത്യയ്ക്കും മൂന്നെണ്ണത്തിന്റെ നിയന്ത്രണം പാകിസ്താനുമാണ്. രവി, ബിയാസ്, സത്‌ലജ് നദികളുടെ പൂര്‍ണ നിയന്ത്രണമാണ് ഇന്ത്യയ്ക്കുള്ളത്. ഛലം, ചിനാബ്, സിന്ധു നദികളുടെ നിയന്ത്രണം പാകിസ്താനാണ്. വിഭജനത്തിന് ശേഷമാണ് ഇന്ത്യയും പാകിസ്താനും മൂന്ന് നദികള്‍വീതം പങ്കിട്ടെടുത്തതെന്ന് കേന്ദ്രമന്ത്രി പറഞ്ഞു. ഇന്ത്യയുടെ നിയന്ത്രണത്തിലുള്ള നദികളിലെ ജലം പാകിസ്താനിലേക്ക് ഒഴുകുകയാണ്. പദ്ധതികള്‍ പൂര്‍ത്തിയാകുന്നതോടെ അവയിലെ ജലം യമുനയിലേക്ക് തിരിച്ചുവിടും.

Top