പോഷകാഹാരക്കുറവുള്ള കുട്ടികളില്‍ ഇന്ത്യ ഒന്നാമതെന്ന് ലോകാരോഗ്യ സംഘടന

ലോകത്തില്‍ ഏറ്റവുമധികം പോഷകാഹാരക്കുറവുള്ള കുട്ടികളുള്ളത് ഇന്ത്യയിലെന്ന് ലോകാരോഗ്യ സംഘടനയുടെ റിപ്പോര്‍ട്ട്. ഇന്ത്യയിലുള്ള കുട്ടികളില്‍ 9.7% വും ഭാരക്കുറവുള്ളവരാണെന്നും ഗുരുതരമായ ഭാരക്കുറവുള്ള കുട്ടികളും കൗമാരക്കാരും ഏറ്റവുമധികമുള്ളത് ഇന്ത്യയിലാണെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. ദ ലാന്‍സെറ്റ് ജേണല്‍ ആണ് ലോകാരോഗ്യ സംഘടനയുടെ റിപ്പോര്‍ട്ട് പ്രസിദ്ധീകരിച്ചത്. ലോകാരോഗ്യ സംഘടനയും യുകെയിലെ ഇംപീരിയല്‍ കോളജ് ലണ്ടനും സംയുക്തമായാണ് പഠനം നടത്തിയത്. 2016ലെ കണക്കുപ്രകാരം ഇന്ത്യയിലെ 22.7% പെണ്‍കുട്ടികളും 30.7% ആണ്‍കുട്ടികളും ഭാരക്കുറവുള്ളവരാണ്. തെക്കേ ഏഷ്യയില്‍ ഭാരക്കുറവുള്ള കുട്ടികളുടെ എണ്ണം വളരെക്കൂടുതലാണെന്നും ഇത് പെണ്‍കുട്ടികളില്‍ 22.7%വും ആണ്‍കുട്ടികളില്‍ 30.7%വുമാണെന്നും റിപ്പോര്‍ട്ടില്‍ പറയുന്നുണ്ട്. ഡല്‍ഹിയുള്‍പെടെ രാജ്യത്തെ പ്രധാനനഗരങ്ങളില്‍ പോഷകാഹാരക്കുറവുകൊണ്ടുണ്ടാകുന്ന വളര്‍ച്ചാ മുരടിപ്പ് ആഫ്രിക്കന്‍ രാജ്യങ്ങളിലേതിനു തുല്യമാണെന്ന് നേരത്തെ പഠന റിപ്പോര്‍ട്ടുകള്‍ പ്രസ്താവിച്ചിരുന്നു. നാഷണല്‍ ഫാമിലി ഹെല്‍ത്ത് സര്‍വ്വേയിലാണ് കൊച്ചിയും ഹൈദരാബാദും ഒഴികെയുള്ള പ്രധാന നഗരങ്ങളിലെ നാലിലൊന്ന് കുട്ടികളില്‍ വളര്‍ച്ചാ മുരടിപ്പുണ്ടെന്ന് കണ്ടെത്തിയത്. ഭോപ്പാലിലെ കുട്ടികളാണ് ഏറ്റവും കൂടുതല്‍ പോഷകാഹാരക്കുറവ് അനുഭവിക്കുന്നത്. ഭോപ്പാലിലെയും ജയ്പൂരിലെയും പാറ്റ്നയിലെയും വളര്‍ച്ചാ മുരടിപ്പ് ആഫ്രിക്കന്‍ രാജ്യമായ നൈജീരിയെക്കാള്‍ കൂടുതലാണ്. ഡല്‍ഹിയിലെയും നൈജീരിയയിലെയും പോഷകാഹാരക്കുറവ് ഏകദേശം തുല്യവും.

പട്ടിണിയുടെയും ദാരിദ്ര്യത്തിന്റെയും കണക്കനുസരിച്ചുള്ള ആഗോള ഹംഗര്‍ ഇന്‍ഡെക്‌സില്‍ 118 രാജ്യങ്ങളില്‍ 97-ാം സ്ഥാനത്തുള്ള ഇന്ത്യയില്‍ 15 ശതമാനം പേര്‍ മുഴുപട്ടിണിയിലാണ്.

Latest
Widgets Magazine