രാഹുൽ ഗാന്ധി കോൺഗ്രസ് തലപ്പത്ത് …കോൺഗ്രസിൽ പുതുയുഗപ്പിറവി

ചാംപ്യൻസ് ട്രോഫിയിൽ ഇന്ത്യ പാക്ക് ഫൈനൽ; ബംഗ്ലാ കടുവകളെ കൂട്ടിലടച്ച് കോഹ്ലിക്കൂട്ടം

സ്‌പോട്‌സ് ഡെസ്‌ക്

ലണ്ടൻ: രണ്ടാഴ്ചയ്ക്കിടെ രണ്ടാം തവണയും ഇന്ത്യയും പാക്കിസ്ഥാനും വീണ്ടും നേർക്കുനേർ. ഇത്തവണ പക്ഷേ പോരാട്ടം കടുക്കും. ഇംഗ്ലണ്ടിനെ പരാജയപ്പെടുത്തി പാക്കിസ്ഥാനും, ബംഗ്ലാദേശിനെ പരാജയപ്പെടുത്തി ഇന്ത്യയും ഫൈനലിലേയ്ക്കു കുതിക്കുന്നതോടെയാണ് വീണ്ടും ചാംപ്യൻസ് ട്രോഫി ഫൈനലിൽ ആവേശം അണപൊട്ടിയൊഴുകുന്നത്.
ബംഗ്ലാദേശിനെ 9 വിക്കറ്റിന് തകർത്ത് ഇന്ത്യ ചാമ്പ്യൻസ് ട്രോഫി ഫൈനലിൽ എത്തിയത്. ബംഗ്ലാദേശ് ഉയർത്തിയ 265 റൺസിന്റെ വിജയസക്ഷ്യം 40.1 ഓവറിൽ 1 വിക്കറ്റ് നഷ്ടത്തിലാണ് ഇന്ത്യ മറികടന്നത്. സെഞ്ച്വറിയുമായി പുറത്താകാതെ നിന്ന രോഹിത് ശർമ്മയുടെയും വിരാട് കോഹ്ലിയുടെയും പ്രകടനത്തിന്റെ പിൻബലത്തിലാണ് ഇന്ത്യയുടെ ഫൈനൽ പ്രവേശനം.
ആദ്യമായി ചമ്പ്യൻസ് ട്രോഫി സെമിഫൈനലിലെത്തിയ ബംഗ്ലാദേശ് വീറോടെ പൊരുതിയെങ്കിലും ഇന്ത്യൻ ബാറ്റിങ് നിരയെ വീഴ്ത്താൻ ബംഗ്ലാ കടുവകൾക്ക് കഴിഞ്ഞില്ല. ഇന്ത്യക്കായി രോഹിത് ശർമ്മ 129 പന്തിൽ 123ഉം വിരാട് കോഹ്ലി 78 പന്തിൽ 96 റൺസുമായി പുറത്താകാതെ നിന്നു. 34 പന്തിൽ 46 റൺസെടുത്ത ശിഖർ ധവാന്റെ വിക്കറ്റാണ് ഇന്ത്യക്ക് നഷ്ടമായത്. രോഹിത്താണ് കളിയിലെ താരം.
ചാമ്പ്യൻസ് ട്രോഫി സെമിഫൈനലിൽ സെഞ്ച്വറി നേടുന്ന രണ്ടാമത്തെ താരമായും രോഹിത് മാറി ഗാംഗുലിയാണ് ഇതിനു മുമ്പ് സെഞ്ച്വറി നേടിയ താരം. ഇന്നത്തെ ഇന്നിങ്സിലൂടെ വേഗത്തിൽ 8,000 റൺസ് നേടുന്ന താരമായി കോഹ്ലിയും മാറി.
നേരത്തെ ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിനിറങ്ങിയ ബംഗ്ലാദേശ് നിശ്ചിത ഓവറിൽ ഏഴു വിക്കറ്റ് നഷ്ടത്തിൽ 264 റൺസടിച്ചു. മൂന്നാം വിക്കറ്റിൽ തമീം ഇഖ്ബാലും മുഷ്ഫിഖുർ റഹ്മാനും ചേർന്ന് നേടിയ സെഞ്ചുറി കൂട്ടുകെട്ട് ബംഗ്ലാദേശിന് അടിത്തറ നൽകിയെങ്കിലു പിന്നീട് വന്ന മധ്യനിര ബാറ്റ്സ്മാൻമാർ വലിയ സ്‌കോർ കണ്ടെത്തുന്നതിൽ പരാജയമായതോടെയാണ് ബംഗ്ലാദേശിന്റെ സ്‌കോർ 264ൽ ഒതുങ്ങിയത്.
31 റൺസെടുക്കുന്നതിനിടയിൽ രണ്ട് വിക്കറ്റ് നഷ്ടമായ ബംഗ്ലാദേശിനെ മൂന്നാം വിക്കറ്റിൽ തമീം മുഷ്ഫുഖിറും ചേർന്ന് 150 റൺസ് കടത്തുകയായിരുന്നു. അർധസെഞ്ചുറി നേടിയ ഇരുവരും മൂന്നാം വിക്കറ്റിൽ 123 റൺസിന്റെ കൂട്ടുകെട്ടുണ്ടാക്കി. 82 പന്തിൽ ഏഴു ഫോറും ഒരു സിക്‌സുമടക്കം തമീം ഇഖ്ബാൽ 70 റൺസടിച്ചപ്പോൾ മുഷ്ഫിഖുർ 85 പന്തിൽ നിന്ന് 61 റൺസ് നേടി. ടൂർണമെന്റിൽ മൂന്നാം അർധസെഞ്ചുറിയാണ് തമീം പിന്നിട്ടത്.
ഇന്ത്യക്കായി ഭുവനേശ്വർ, ജാദവ്, ബുംറ എന്നിവർ രണ്ട് വിക്കറ്റ് വീതം വീഴ്ത്തിയപ്പോൾ ജഡേജ ഒരു വിക്കറ്റ് നേടി. ഫൈനലിൽ പാകിസ്ഥാനാണ് ഇന്ത്യയുടെ എതിരാളികൾ.

Latest