ഇങ്ങനെ കളിച്ചാൽ ഇന്ത്യ പ്രീക്വാർട്ടറിൽ എത്തും; ലോകകപ്പിൽ ഇന്ത്യൻ പ്രതീക്ഷകൾ ഇങ്ങനെ

സ്വന്തം ലേഖകൻ

ദില്ലി: തുടർച്ചയായ രണ്ടാം തോൽവിയോടെ അണ്ടർ 17 ലോകകപ്പിന്റെ ആദ്യ റൗണ്ടിൽ തന്നെ പുറത്താവുകയെന്ന നാണക്കേടിന്റെ പടിവാതിലിലാണ് ആതിഥേയരായ ഇന്ത്യൻ ടീം. ആദ്യ മത്സരത്തിൽ അമേരിക്കയോട് എതിരില്ലാത്ത മൂന്നു ഗോളിനും രണ്ടാം മത്സരത്തിൽ കൊളംബിയക്കെതിരെ ഒന്നിനെതിരെ രണ്ടു ഗോളിനും തോറ്റതോടെ ആരാധകരുടെ പ്രതീക്ഷ ഏതാണ്ട് അവസാനിച്ചു. ഇനി ഘാനയ്‌ക്കെതിരെ ഒരു മത്സരം കൂടിയാണ് ഇന്ത്യക്ക് ബാക്കിയുള്ളത്. ലോകകപ്പ് നോക്കൗട്ടിലെത്താൻ ഇനി ഇന്ത്യയുടെ മുന്നിൽ എന്തെങ്കിലും സാധ്യതകൾ അവശേഷിക്കുന്നുണ്ടോ. സാങ്കേതികമായി ഇന്ത്യക്കിനിയും പ്രീക്വാർട്ടറിൽ എത്താനുള്ള സാധ്യത നിലനിൽക്കുന്നുണ്ട്.

അതിന് ആദ്യം വേണ്ടത് അവസാന മത്സരത്തിൽ രണ്ടു തവണ ചാമ്പ്യൻമാരായിട്ടുള്ള ഘാനയെ തോൽപ്പിക്കുകയാണ്. ഒപ്പം ഗ്രൂപ്പിലെ അവസാന മത്സരത്തിൽ അമേരിക്ക കൊളംബിയയെ തോൽപ്പിക്കുകയും വേണം. പ്രീ ക്വാർട്ടറിലെത്താൻ ആദ്യം പരിഗണിക്കുന്നത് ഗ്രൂപ്പിലെ പോയന്റ് നിലയാണ്. പോയന്റ് തുല്യമായാൽ ഗോൾ വ്യത്യാസം കണക്കിലെടുക്കും. ഇതും തുല്യമായാൽ ഗ്രൂപ്പ് മത്സരങ്ങളിൽ എത്ര ഗോൾ സ്‌കോർ ചെയ്തുവെന്ന് നോക്കും.

അതുകൊണ്ടുതന്നെ അവസാന മത്സരം വെറുതെ ജയിച്ചാൽ മാത്രം ഇന്ത്യക്ക് മുന്നേറ്റം സാധ്യമാവില്ല. അവസാന മത്സരത്തിൽ മൂന്നു ഗോൾ വ്യത്യാസത്തിലെങ്കിലും ഘാനയെ മറികടക്കണം. നിലവിൽ ഇന്ത്യയുടെ ഗോൾ വ്യത്യാസം -4 ആണ്. ഘാനയ്ക്കും കൊളംബിയക്കും പൂജ്യം ആണ് ഗോൾ വ്യത്യാസം. ഘാനയ്‌ക്കെതിരെ മൂന്ന് ഗോളിന് ജയിച്ചാൽ ഇന്ത്യയുടെ ഗോൾ വ്യത്യാസം -1 ആകും. ഘാനയുടേത് -3 ആയി മാറും.

ഇതുമാത്രം പോരാ, അമേരിക്കയോട് കൊളംബിയ രണ്ടു ഗോൾ വ്യത്യാസത്തിൽ തോൽക്കുകയും വേണം. അപ്പോൾ കൊളംബിയയുടെ ഗോൾ വ്യത്യാസം -2 ആകും. ഇതോടെ ഗ്രൂപ്പിലെ മൂന്ന് ടീമുകൾക്കും മൂന്ന് പോയന്റ് വീതമാകും. അപ്പോൾ ഗോൾ വ്യത്യാസം കണക്കിലെടുക്കേണ്ടിവരും. സ്വാഭാവികമായും ഇന്ത്യ തന്നെ അമേരിക്കക്കു പിന്നാലെ ഗ്രൂപ്പിൽ രണ്ടാമൻമാരായി പ്രീ ക്വാർട്ടറിലെത്തും.

Latest
Widgets Magazine