ഉഗ്ര സ്ഫോടനത്തിൽ നടുങ്ങി ഇരിട്ടി നഗരം

ഇരിട്ടി : ചൊവ്വാഴ്ച ഉച്ചക്ക് ഒന്നരയോടെ ഉണ്ടായ ഉഗ്ര സ്ഫോടനം ഇരിട്ടി നഗരത്തെ കുലുക്കി. നഗരസഭാ പുതിയ സ്റ്റാന്റിനോട് ചേർന്ന ബഹുനില കെട്ടിടത്തിൽ നിന്നുമാണ് സ്ഫോടനം ഉണ്ടായത്. ബസ്സ് സ്റ്റാന്റിൽ ഉണ്ടായിരുന്ന നൂറുകണക്കിന് ആളുകൾ പല ഭാഗങ്ങളിലേക്ക് ചിതറി ഓടി. എവിടെനിന്നാണ് സ്ഫോടനം ഉണ്ടായത് എന്ന്പോലും പലർക്കും മനസ്സിലായില്ല. ചീറിപ്പാഞ്ഞെത്തിയ അഗ്നിരക്ഷാസേനയും പോലീസും ഒരു നിമിഷം പകച്ചുപോയി. എന്താണ് സംഭവിച്ചത് എന്ന് അവർക്കു മനസ്സിലായില്ല. സന്നാഹമൊരുക്കി ബഹുനില കെട്ടിടത്തിനുള്ളിലേക്കു കയറിയപ്പോൾ എ സി പൊട്ടിച്ചിതറിയപോലെ കാണപ്പെട്ടു. എ സി യുടെ കംപ്രസ്സർ പൊട്ടിയുണ്ടായ സ്പോടനമാണെന്നാണ് ആദ്യം കരുതിയത്. തുടർന്ന് നടന്ന പരിശോധനയിൽ കെട്ടിടത്തിന്റെ ഭിത്തി ചിന്നിച്ചിതറിയ നിലയിൽ കാണപ്പെട്ടു. കെട്ടിടത്തിനുള്ളിൽ ശക്തമായ പുകയും ഗന്ധവും ഉയർന്നു. ഇതോടെയാണ് ഉഗ്ര സ്പോടനമാണ് നടന്നതെന്ന് മനസ്സിലായത്. മൂന്ന് നിലകളുള്ള 2 കെട്ടിടത്തിന്റെ പിറകുവശത്തെ ഭിത്തികൾക്കും കെട്ടിടത്തിനുള്ളിൽഉണ്ടായിരുന്ന ഉപകരണങ്ങളും ഫർണ്ണിച്ചറുകളും ചിന്നിച്ചിതറിയ നിലയിലായിരുന്നു.
ഒന്നര കിലോമീറ്റർ ചുറ്റളവിൽ സ്ഫോടനത്തിന്റെ പ്രകമ്പനമുണ്ടായി. കെട്ടിടത്തിന്റെ താഴത്തെ നിലയിലെ ജനൽ ഗ്ളാസ്സുകളും, അടുക്കിവെച്ച വസ്തുക്കളും നിലംപൊത്തി. കെട്ടിടത്തിനുള്ളിലായിരുന്നവർ എന്താണ് സംഭവിച്ചത് എന്നറിയാതെ ഇറങ്ങി ഓടി. കൂറ്റൻ സിമന്റ് കട്ടകൾ ഉൾപ്പെടെ ഇരുപതു മീറ്ററോളം ദൂരെ ചിതറിത്തെറിച്ചു. കല്ലുകൾ പതിച്ചാണ് കെട്ടിടത്തിന് താഴെ നിർത്തിയിട്ടിരുന്ന നാല് കാറുകൾ തകർന്നത്. കെട്ടിടത്തിന് ചുറ്റും ആളുകൾ തടിച്ചുകൂടിയതോടെ സ്റ്റാന്റിലേക്കുള്ള വാഹന ഗതാഗതവും തടസ്സപ്പെട്ടു. കെട്ടിടത്തിനുള്ളിലേക്കു ജനങ്ങൾ പ്രവേശിക്കാതിരിക്കാൻ പോലീസ് ശക്തമായ സുരക്ഷ ഒരുക്കി. സ്ഫോടക വസ്തുവാണ് പൊട്ടിത്തെറിച്ചതെന്ന് മനസ്സിലായതോടെ തെളിവ് നശിക്കാതിരിക്കാൻ പോലീസ് കെട്ടിടം പൂട്ടി ഫോറൻസിക് സംഘത്തിന്റെ പരിശോധനക്കായി കാത്തുനിന്നു.

Top