സിനിമാ താരമായി ഫൗസിയ ഹസന്‍; മാധ്യമങ്ങള്‍ക്ക് മുഖം നല്‍കാതെ മറിയം റഷീദ; രണ്ട് മാലി വനിതകൾ അനുഭവിച്ച ക്രൂരതകൾ

1994ലായിരുന്നു സംഭവം. തിരുവനന്തപുരം ഐ.എസ്.ആര്‍.ഒ (ഇന്ത്യന്‍ സ്‌പേസ് റിസര്‍ച്ച് ഓര്‍ഗനൈസേഷന്‍) യിലെ ഉദ്യോഗസ്ഥരായിരുന്ന ഡോ. ശശികുമാരനും ഡോ. നമ്പിനാരായണനും ചേര്‍ന്ന് മറിയം റഷീദ എന്ന മാലി സ്വദേശിനി വഴി ഇന്ത്യയുടെ ബഹിരാകാശ പരിപാടിയുടെ രഹസ്യങ്ങള്‍ വിദേശികള്‍ക്ക് ചോര്‍ത്തിനല്‍കി എന്നതായിരുന്നു ആരോപണം. എന്നാല്‍ റഷ്യന്‍ സാങ്കേതികവിദ്യ ഇന്ത്യക്ക് ലഭിക്കാതിരിക്കാന്‍ അമേരിക്ക നടത്തിയ ഗൂഢാലോചനയാണ് ഇങ്ങനെയൊരു കഥക്ക് പിന്നില്‍ എന്ന് വിശ്വസിക്കപ്പെടുന്നു.

ആയിടെ മാലിയില്‍ നിന്നും കേരളത്തില്‍ വന്ന മറിയം റഷീദ എന്ന യുവതി വിസ പുതുക്കാന്‍ എത്തിയപ്പോള്‍ അവരെ തന്ത്രപരമായി അറസ്റ്റ് ചെയ്തു. അവരെക്കുറിച്ച് ‘കിടപ്പറയിലെ ട്യൂണ’ എന്നുവരെ ചില പത്രങ്ങള്‍ എഴുതിപ്പിടിപ്പിച്ചു. ഫൗസിയ ഹസന്‍ എന്ന യുവതിയെയും പൊലീസ് അറസ്റ്റ് ചെയ്തു. ഇരുവരെയും പുരുഷപോലീസുകാര്‍ വസ്ത്രമുരിഞ്ഞും ലൈംഗികാതിക്രമങ്ങള്‍ നടത്തിയുമാണു ചോദ്യം ചെയ്തത്. ഫൗസിയയുടെ 14 വയസ്സുള്ള മകളെ മുന്നില്‍ നിര്‍ത്തി, കുറ്റം സമ്മതിച്ചില്ലെങ്കില്‍ പെണ്‍കുട്ടിയെ ബലാല്‍സംഗം ചെയ്യുമെന്ന് ഭീഷണിപ്പെടുത്തിയാണു കുറ്റം സമ്മതിപ്പിച്ചത് എന്ന് പിന്നീട് മൊഴി നല്‍കിയിരുന്നു. 1996ല്‍ സിബിഐ, ഐഎസ്ആര്‍ഒ ചാരക്കേസ് വ്യാജ സൃഷ്ടിയാണെന്ന് കണ്ടെത്തിയതോടെയാണു നമ്പി നാരായണന്‍ വീണ്ടും നിയമപോരാട്ടം തുടങ്ങിയത്.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

”ചാരക്കേസിന്റെ കാലത്ത് ആരും എന്റെ കൂടെയുണ്ടായിരുന്നില്ല. സര്‍ക്കാര്‍, രാഷ്ട്രീയ പാര്‍ട്ടികള്‍ – ഇടതും വലതും, മാധ്യമങ്ങള്‍, എല്ലാവരും എതിരായിരുന്നു. ഓരോരുത്തര്‍ക്കും ഓരോ ലക്ഷ്യങ്ങളായിരുന്നു. ഒരു പത്രത്തിന് രമണ്‍ ശ്രീവാസ്തവയോടുള്ള വിരോധം. സര്‍കുലേഷനില്‍ മുന്‍പില്‍ നില്‍ക്കുന്ന ഒരു പത്രത്തിന് നിലവിലെ മുഖ്യമന്ത്രിയെ താഴെ ഇറക്കുക എന്നതായിരുന്നു ലക്ഷ്യം. പിന്നെ മറ്റു പത്രങ്ങളെ സംബന്ധിച്ചിടത്തോളം, സെന്‍സേഷണലായ ഒരു വാര്‍ത്ത കിട്ടുമ്പോള്‍ അവര്‍ ആഘോഷിക്കാതിരിക്കുമോ ?” നമ്പി നാരായണന്‍ ചോദിക്കുന്നു.

”ഏതെങ്കിലും ഒരു മുസ്ലിമിന്റെ പേര് നീ പറയൂ.. നിനക്കറിയാവുന്ന പേര് പറയൂ” എന്നാണ് ശാസ്ത്രജ്ഞനായ നമ്പി നാരായണന്‍ തന്റെ സുഹൃത്തുക്കളുടെ പേര് പറയുമ്പോള്‍ അന്വേഷണ ഉദ്യോഗസ്ഥര്‍ ചോദിച്ചിരുന്നത്. അതിനു മറുപടിയായി എ.പി.ജെ അബ്ദുല്‍ കലാമിന്റെ പേര് പറഞ്ഞു നമ്പി നാരായണന്‍. എന്നാല്‍ ‘ആ പേര് വേണ്ടെന്നും വേറെ മുസ്ലിം പേര് പറയൂ’ എന്നായിരുന്നു അന്വേഷണ ഉദ്യോഗസ്ഥരുടെ പ്രതികരണം.

”അത് എനിക്ക് ആദ്യം മനസ്സിലായിരുന്നു. അവര്‍ എന്റെ ഒരു മുസ്ലിം സുഹൃത്തിന്റെ പേര് ചോദിച്ചപ്പോള്‍ ഞാന്‍ പുസ്തകത്തിലുള്ള പോലെ പറഞ്ഞു. പിന്നെ അവസാനം എനിക്ക് പെട്ടെന്ന് ഓര്‍മ വന്നു. എന്റെ കൂടെ പഠിച്ച വെറ്റിനറി സര്‍ജന്‍ ആയ അബൂബക്കറിന്റെ പേര് പറഞ്ഞു. ഒരു ദിവസം കഴിഞ്ഞിട്ട് വേറൊരു ടീം വന്നിട്ട് എന്നോട് ചോദിച്ചത് ഈ അബൂബക്കറിന്റെ വീട്ടില്‍ എത്ര ഡോക്യൂമെന്റുകള്‍ ആണ് നിങ്ങള്‍ സൂക്ഷിച്ചുവെച്ചതെന്ന്.

നിങ്ങളുടെ വീട്ടില്‍ നിന്ന് വാങ്ങിയതാണോ അതോ നിങ്ങള്‍ അവിടെ കൊടുത്തതാണോ ? എനിക്ക് അപ്പോളാണ് അത് സ്‌ട്രൈക്ക് ആയത്. അവര്‍ ഈ കേസ് പാകിസ്ഥാനും ബാക്കിയുള്ള ഐ.എസ്.ഐയുമൊക്കെയായി കണക്ട് ചെയ്യണമെകില്‍ എന്റെ ഒരു സുഹൃത്ത് മുസ്ലിം ആയിരിക്കണം എന്നായിരുന്നു അവരുടെ ധാരണ. അതിനായി ഒരു മുസ്ലിമിനെ അവിടെ വരുത്തിക്കൊണ്ട് വരികയാണ്. ഇങ്ങനെയാണല്ലോ ഇവിടെ ഈ കേസ് ഉണ്ടാക്കുന്നത് എന്ന് ഞാന്‍ പേടിക്കാന്‍ തുടങ്ങി..” ‘ഓര്‍മ്മകളുടെ ഭ്രമണപഥം’ എന്ന ആത്മകഥയിലെ പരാമര്‍ശങ്ങള്‍ നമ്പിനാരായണന്‍ വിശദീകരിച്ചത് ഇങ്ങനെയാണ്.

ചാരക്കേസിലെ വിവാദ നായികമാരായ ഫൗസിയ ഹസനും മറിയം റഷീദയും ഇപ്പോഴും മാലദ്വീപില്‍ സാധാരണ ജീവിതം നയിക്കുകയാണ്. അത്യാവശ്യം തിരക്കുള്ള സിനിമാതാരമാണ് ഫൗസിയ. നൂറിലേറെ ചിത്രങ്ങളില്‍ വേഷമിട്ടു കഴിഞ്ഞു. മിക്കതും പ്രേതറോളുകളാണ്. 1985 മുതല്‍ സിനിമയിലുണ്ട്. പതിനേഴാം വയസില്‍ മൂത്തമകന്റെ ജനനശേഷം മാലദ്വീപിലെ സൗന്ദര്യറാണി പട്ടം നേടി.

2008ല്‍ ചാരക്കേസ് ഇതിവൃത്തമാക്കിയ മലയാള സിനിമയുടെ ചിത്രീകരണത്തിന് ഫൗസിയ തിരുവനന്തപുരത്ത് എത്തിയിരുന്നു. ചിത്രാഞ്ജലിയായിരുന്നു ലൊക്കേഷന്‍. ഒരുമാസം ആരുമറിയാതെ കേരളത്തിലുണ്ടായിരുന്നു. തിരിച്ചു പോകുമ്പോള്‍ തിരുവനന്തപുരം വിമാനത്താവളത്തില്‍ എമിഗ്രേഷന്‍ ഉദ്യോഗസ്ഥന്‍ തടഞ്ഞു. ഏറെനേരം ചോദ്യംചെയ്ത ശേഷം വിട്ടയച്ചു. പിന്നീട് ഫൗസിയ എവിടെയാണ് താമസിച്ചതെന്ന് കണ്ടെത്താന്‍ പൊലീസ് അന്വേഷണം തുടങ്ങി. ഫൗസിയയെ ഫോണില്‍ വിളിച്ചെങ്കിലും അവര്‍ വിവരം നല്‍കിയില്ല. മകന്‍ നാസിഫ് ബിസിനസ് ആവശ്യത്തിനായി പലപ്പോഴും ഇന്ത്യയിലെത്താറുണ്ട്.

മറിയം റഷീദയും മാലദ്വീപില്‍ തന്നെയുണ്ട്. അടുത്തിടെ ദ്വീപിലെത്തിയ മലയാളി മാദ്ധ്യമപ്രവര്‍ത്തകയെ കാണാന്‍ മറിയം വിസമ്മതിച്ചിരുന്നു. കേരള പൊലീസിനും ഐ.ബിക്കും സിബി മാത്യൂസിനും വിജയനുമെതിരെ അന്താരാഷ്ട്ര മനുഷ്യാവകാശ കമ്മിഷനില്‍ കേസ് നല്‍കുമെന്നാണ് മറിയത്തിന്റെ നിലപാട്. ഇക്കാര്യം തന്നോടും മറിയം പറഞ്ഞിട്ടുണ്ടെന്ന് ഫൗസിയയും വ്യക്തമാക്കി.

Top