ഒന്നുമില്ലായ്മയില്‍ നിന്ന് 37,000 കോടി അമേരിക്കന്‍ ഡോളര്‍ ആസ്തിയുമായി കോടീശ്വരന്മാരില്‍ ഒരുവൻ, ആര്‍ക്കും പ്രചോദനമാകുന്ന ജീവിതം ;ജാക്ക് മാ, പരാജയങ്ങളെ പടവുകളാക്കിയ വിജയി

ഒന്നുമില്ലായ്മയില്‍ നിന്ന് 37,000 കോടി അമേരിക്കന്‍ ഡോളര്‍ ആസ്തിയുമായി കോടീശ്വരന്മാരില്‍ ഒരുവൻ,ആര്‍ക്കും പ്രചോദനമാകുന്ന ജീവിതം ;ജാക്ക് മാ, പരാജയങ്ങളെ പടവുകളാക്കിയ വിജയി ജാക്ക് മാ.കേവലം പതിനെട്ടു വര്‍ഷം കൊണ്ട് ഒന്നുമില്ലായ്മയില്‍ നിന്ന് 37,000 കോടി അമേരിക്കന്‍ ഡോളര്‍ ആസ്തിയുമായി ലോകത്തിലെ എണ്ണം പറഞ്ഞ കോടീശ്വരന്മാരില്‍ ഒരുവനായി മാറിയ ജാക്ക് മായെക്കുറിച്ചു കേട്ടിട്ടുണ്ടോ…?

സ്വന്തമായി ഒരു ഇ-മെയില്‍ പോലും ഇല്ലാതിരുന്നിടത്തുനിന്ന്, വളരെ കുറച്ചു നാളുകള്‍കൊണ്ട് ദിനംതോറും പത്തു കോടിയോളം ആളുകള്‍ വ്യാപാരത്തിനായി ആശ്രയിക്കുന്ന ലോകത്തിലെ മുന്‍നിര ഇന്റര്‍നെറ്റ് അധിഷ്ഠിത കമ്പനികളില്‍ ഒന്നായി മാറിയ ആലിബാബ എന്ന ഇ-കൊമേഴ്സ് കമ്പനിയുടെ ഉടമയാണ് ജാക്ക് മാ.സമ്പത്തില്‍ ഇന്ത്യയിലെ ഒന്നാം സ്ഥാനക്കാരന്‍ മുകേഷ് അംബാനിയെക്കാളും മുകളിലാണ് കേവലം ഒരു വെബ് പ്ലാറ്റഫോം വഴി വെറും പതിനെട്ടു വര്‍ഷം കൊണ്ട് കോടീശ്വരനായ ജാക്ക് മായുടെ സ്ഥാനം…ആലിബാബയെക്കുറിച്ചും, താന്‍ കടന്നുവന്ന വഴികളെക്കുറിച്ചും ജാക്ക് മാ പറയുന്നത് കേള്‍ക്കൂ…

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

‘ എന്റെ ജന്മദേശമായ ഹാങ്ങ് ഷുവിലെ ഷാങ്-റില ഹോട്ടലില്‍ അമേരിക്കയില്‍നിന്നും മറ്റും വരുന്ന വിദേശികളെ സ്ഥലങ്ങള്‍ ചുറ്റിനടന്നു കാണിക്കാന്‍ ഒന്‍പതു വര്‍ഷക്കാലം ഞാന്‍ ഒരു ഗൈഡ് ആയി ജോലിനോക്കിയിരുന്നു. അവരാണ് എന്നെ ഇംഗ്ലീഷ് പഠിപ്പിച്ചത്. എന്നെ രൂപപ്പെടുത്തുന്നതില്‍ അത് വളരെ വലിയ പങ്കു വഹിച്ചിട്ടുണ്ട്.ഒരിക്കല്‍പ്പോലും ചൈനയ്ക്കു പുറത്തുപോയിട്ടില്ലാത്ത ഞാന്‍ ഇംഗ്ലീഷ് സംസാരിക്കാന്‍ തുടങ്ങി. ”ജാക്ക് നീയെങ്ങനെ ഇംഗ്ലീഷ് പഠിച്ചു.jack-ma-success-

നീയെങ്ങനെ വിദേശികളെപ്പോലെ സംസാരിക്കുന്നു…?” കൂട്ടുകാര്‍ക്കെല്ലാം അത് വലിയ അത്ഭുതമായിരുന്നു. ആ ഒന്‍പതു വര്‍ഷക്കാലം വിദേശ വിനോദസഞ്ചാരികളാണ് എന്റെ മനസ്സ് തുറന്നത് .ഞാന്‍ എന്റെ നാട്ടിലെ സ്‌കൂളിനിന്നു പഠിച്ചതില്‍ നിന്ന്, ഞാന്‍ അതുവരെ അറിഞ്ഞതില്‍നിന്ന് വളരെ വ്യത്യസ്തമായ അറിവുകളാണ് അവരില്‍നിന്നു എനിക്ക് ലഭിച്ചത്…എന്റെ ശരിക്കുള്ള പേര് മാ യുന്‍ എന്നാണ്. ഷാങ്-റില ഹോട്ടലില്‍ വച്ചു പരിചയപ്പെട്ട ടെന്നസിയില്‍ നിന്നുള്ള എന്റെ ഒരു കൂട്ടുകാരിയാണ് മാ യുന്‍ എന്ന എന്റെ പേര് ജാക്ക് മാ എന്നാക്കിയത്. അവര്‍ ഹാങ്ങ് ഷുവില്‍ വന്നതുമുതല്‍ ഞങ്ങള്‍ സുഹൃത്തുക്കളായി. പിന്നെ തൂലികാ സുഹൃത്തുക്കളായി. അവള്‍ക്കു എന്റെ പേര് എഴുതാനും പറയാനും ബുദ്ധിമുട്ടു വന്നപ്പോള്‍ അവളാണ് ഒരു എളുപ്പത്തിനുവേണ്ടി എന്നെ ജാക്ക് എന്ന് വിളിച്ചുതുടങ്ങിയത്.

അങ്ങനെയിരിക്കെ, ഒരു ഹൈവേ പണിക്കായാണ് 1995-ല്‍ ഞാന്‍ അമേരിക്കയില്‍ എത്തുന്നത്.അന്ന് സിയാറ്റിലില്‍ എന്റെ ഒരു കൂട്ടുകാരന് ഒരു ഓഫീസുണ്ട്. അവിടെ കുറെ കംപ്യൂട്ടറുകളുണ്ടായിരുന്നു. എന്നെ ഇന്റര്‍നെറ്റ് കാണിച്ചിട്ടു അവന്‍ പറഞ്ഞു ജാക്ക്, ഇതാണ് ഇന്റര്‍നെറ്റ്. നിനക്കു ഇഷ്ടമുള്ളത് സേര്‍ച്ച് ചെയ്യൂ. അത് കാണിച്ചുതരും. ഞാന്‍ ബിയറിനെക്കുറിച്ചു സേര്‍ച്ച് ചെയ്തു. ദാ വരുന്നു ഉത്തരം. അമേരിക്കന്‍ ബിയര്‍; ജര്‍മന്‍ ബിയര്‍; ജപ്പാന്‍ ബിയര്‍; പക്ഷെ, ചൈനയില്‍ നിന്നുമാത്രം ഒന്നുമില്ല. ചൈനയെക്കുറിച്ചു ഉത്തരം തരാന്‍ സൈറ്റുകള്‍ ഒന്നുമില്ല. അന്നുതന്നെ, ഞങ്ങള്‍ ചൈനയെക്കുറിച്ചു ഒരു വെബ് പേജുണ്ടാക്കി രജിസ്റ്റര്‍ ചെയ്തു. രാവിലെ 9:40-നാണ് ആ സൈറ്റ് പ്രസിദ്ധപ്പെടുത്തുന്നത് . ഉച്ചയ്ക്ക് 12:30-ആയപ്പോള്‍ എനിക്ക് കൂട്ടുകാരന്റെ ഫോണ്‍ വന്നു. ജാക്ക് നിനക്ക് 5 ഇ-മെയിലുകള്‍ വന്നിരിക്കുന്നു. എന്താണ് ഇ-മെയില്‍..? അന്ന് ഇതൊന്നും എനിക്കറിയില്ല . ഇന്റര്‍നെറ്റിന്റെ വലിയ സാദ്ധ്യതകളെക്കുറിച്ചു ഞാന്‍ അറിയുന്നത് അങ്ങനെയാണ്…jack-ma-2-300x227

അമേരിക്കയില്‍നിന്നും ഇന്റര്‍നെറ്റില്‍ എന്തെങ്കിലും ചെയ്യുക എന്ന വലിയ സ്വപ്നവുമായാണ് ഞാന്‍ ചൈനയില്‍ തിരികെ എത്തുന്നത്. ലോകത്തെ മാറ്റാന്‍ തക്ക ശേഷി ഇന്റര്‍നെറ്റിനുണ്ടെന്ന് എനിക്കറിയാമായിരുന്നു . പക്ഷെ, 1996-1997 ഞങ്ങള്‍ക്ക് വലിയൊരു പ്രതിസന്ധിയുടെ സമയമായിരുന്നു. ബന്ധുക്കളില്‍ നിന്നും, കൂട്ടുകാരില്‍ നിന്നും രണ്ടായിരം ഡോളര്‍ കടം വാങ്ങി. തുടക്കത്തില്‍ ചൈന ടെലികോമിനോട് ചേര്‍ന്ന് ഞങ്ങള്‍ പ്രവര്‍ത്തിക്കാന്‍ തീരുമാനിച്ചു. പക്ഷെ, അത് അധികകാലം നീണ്ടില്ല. ഇന്റര്‍നെറ്റ് രാജ്യത്ത് കൂടുതല്‍ വ്യാപിപ്പിക്കാന്‍ ഗവണ്‍മെന്റില്‍ സ്വാധീനം ചെലുത്താന്‍ വേണ്ടി ബീജിങ്ങില്‍ പോയി . പക്ഷെ, രണ്ടു കൂട്ടരുടെയും ആശയങ്ങള്‍ ഒത്തുപോവില്ലെന്ന് അറിഞ്ഞതോടെ ഞാന്‍ ബീജിംഗ് വിട്ടു. എങ്ങും ആശ്രയമില്ല. .മൊത്തം നിരാശ. എല്ലാം വിട്ടെറിഞ്ഞു പോയാലോ എന്ന് ചിന്തിച്ച കാലം . തിരിച്ചു നാട്ടിലേക്ക്, ഹാങ്ങ് ഷുവിലേക്ക്. അങ്ങനെ 1999 ഫെബ്രുവരി 21-നു എന്റെ വീട്ടിലേക്കു എന്റെ പതിനെട്ടു സുഹൃത്തുക്കളെ ഞാന്‍ വിളിച്ചു. ആ മീറ്റിങ്ങിന്റെ വീഡിയോ ഇന്നും ഞങ്ങളുടെ കയ്യിലുണ്ട്. അന്നുതൊട്ടിന്നോളം കമ്പനി സംബന്ധമായ എല്ലാ മീറ്റിങ്ങുകളുടെയും വിഡിയോ ഞങ്ങള്‍ സൂക്ഷിക്കുന്നുണ്ട്. ഞങ്ങള്‍ എടുത്ത തീരുമാനങ്ങളില്‍ എവിടെയാണ് തെറ്റുകള്‍ വന്നതെന്ന് അടുത്ത തലമുറയ്ക്ക് അറിയാന്‍ അത് വളരെ സഹായിക്കും. ഹാങ്ങ് ഷുവില്‍ 1999-ലാണ് ആലിബാബ ആരംഭിക്കുന്നത്. ചിലര്‍ ചോദിച്ചു എന്താണ് നിങ്ങള്‍ക്ക് ബീജിങ്ങില്‍ അല്ലെങ്കില്‍ ഷാങ് ഹായില്‍ തുടങ്ങാമായിരുന്നില്ലേ…?

അന്ന് ഹാങ്ങ് ഷു ഒന്നുമല്ല. അവരോടു ഞാന്‍ പറഞ്ഞ ഒരു കാര്യമുണ്ട്. അന്ന് നോക്കിയ വലിയൊരു കമ്പനിയാണ്. .അതിന്റെ ആസ്ഥാനം എവിടെയാണ്. .ഫിന്‍ലണ്ടിലെ ഒരു കുഞ്ഞു ദ്വീപിലാണ്. നിങ്ങള്‍ എവിടെയാണ് എന്നതല്ല പ്രധാനം. നിങ്ങളുടെ ഉള്‍ക്കാഴ്ച എത്രമാത്രം ശക്തമാണ് എന്നതാണ്. ബീജിങ്ങില്‍ പ്രധാനമായും ഗവണ്‍മെന്റിന്റെ വ്യവസായങ്ങളാണ്. ഷാങ് ഹായില്‍ ആണെങ്കില്‍ ഐ. ബി. എം., മൈക്രോസോഫ്റ്റ് പോലുള്ള ബഹുരാഷ്ട്ര കമ്പനികളാണ്. ഈ കുഞ്ഞന്‍ സ്റ്റാര്‍ട്ട് അപ്പ് പ്രസ്ഥാനത്തിന് അവിടെ വലിയ പ്രസക്തിയില്ല …ബീജിങ്ങിലോ ഷാങ്ഹായിലോ നമ്മള്‍ ഒന്നുമല്ല. എന്നാല്‍, സ്വന്തം നാടായ ഹാങ്ങ് ഷുവില്‍ നമ്മള്‍ എന്തോ ആണ്…library_logos_alibababv_large-300x168

1999-2000 കാലത്ത് ആലിബാബ തുടങ്ങിയ സമയത്ത്, ഞങ്ങളുടെ ബിസിനസ് രീതികള്‍ അന്ന് അധികമാര്‍ക്കും അറിയില്ല. അന്ന് ആകെ അറിയപ്പെട്ടിരുന്നത് യാഹൂ, അതുപോലുള്ള കുറച്ചു കമ്പനികള്‍ മാത്രം. ഒരു കിറുക്കന്‍ തങ്ങള്‍ക്കു മനസ്സിലാകാത്ത എന്തോ വികൃതികള്‍ ചെയ്യുന്നതായിട്ടാണ് ആളുകള്‍ക്ക് തോന്നിയിരുന്നത്. ടൈം മാഗസിന്‍ പോലും ആദ്യം എന്നെ വിശേഷിപ്പിച്ചത് ക്രേസി ജാക്ക് എന്നാണ്. എല്ലാവര്‍ക്കും തുടക്കത്തില്‍ മനസ്സിലാകുന്ന ഒരു കാര്യം ചെയ്യുന്നതില്‍ എന്താണ് നമുക്കുള്ള മേന്മ…? ആളുകള്‍ കിറുക്കന്‍ എന്ന് വിളിച്ചാലും ഞാന്‍ ചെയ്യുന്നതെന്താണെന്നു എനിക്ക് വ്യക്തമായി അറിയാമായിരുന്നു…

ലോകം മുഴുവന്‍ പരക്കുന്ന ഇന്റര്‍നെറ്റില്‍ ലോകം മുഴുവന്‍ അറിയുന്ന ഒരു പേര് വേണം എന്ന് കരുതിയിട്ടാണ് ആലിബാബ എന്ന പേര് നല്‍കിയത്. അക്കാലത്തെ അറിയപ്പെടുന്ന ഒരു പേര് യാഹൂ ആണ്. അന്ന് ഞാന്‍ സാന്‍ഫ്രാന്‍സിസ്‌കോയിലാണ്മു. റിയിലേക്ക് വന്ന വേലക്കാരിയോട് ഞാന്‍ ചോദിച്ചു. ”അലിബാബയെക്കുറിച്ചു കേട്ടിട്ടുണ്ടോ..?” ”ആലിബാബയെക്കുറിച്ചും നാല്‍പതു കള്ളന്മാരെക്കുറിച്ചും കേള്‍ക്കാത്തവര്‍ ആരുണ്ട്..! ‘.അതായിരുന്നു അവളുടെ മറുപടി…

ഇന്റര്‍നെറ്റ് പ്രതീക്ഷിച്ചപോലെ വ്യാപിക്കാതിരുന്ന തുടക്കകാലത്തു കാര്യങ്ങള്‍ എങ്ങനെ മുന്നോട്ടുപോകുമെന്നോര്‍ത്തു വളരെ സമ്മര്‍ദ്ദം അനുഭവിച്ചിട്ടുണ്ട്. ആ സമയത്താണ് ഫോറസ്‌ററ് ഗമ്പ് എന്ന സിനിമ ഞാന്‍ കാണുന്നത്. നമുക്ക് വളരെക്കാര്യങ്ങള്‍ ആ സിനിമയില്‍ നിന്ന് പഠിക്കാനുണ്ട്. അതിലെ കഥാപാത്രവുമായി വളരെ സാമ്യം തോന്നിയ നാളുകള്‍. വളരെ സാധാരണമെന്നു നമുക്ക് തോന്നിയാലും ഒരിക്കലും വിട്ടുകൊടുക്കാത്ത മനസ്സ്. ആലിബാബ തുടങ്ങി കുറച്ചുകാലം കഴിഞ്ഞപ്പോള്‍ ഞാന്‍ വളരെ മാനസിക സമ്മര്‍ദ്ദത്തിലായിരുന്നു. ഫോറസ്‌ററ് ഗമ്പ് എന്ന സിനിമയാണ് ആ സമയത്തു എന്നെ മുന്നോട്ട് നയിച്ചത്.
ചെയ്യുന്നതെന്തോ അതില്‍ വിശ്വസിക്കുക. മറ്റുള്ളവര്‍ എന്തു കരുതിയാലും കുഴപ്പമില്ല. അതിലെ ഒരു ഡയലോഗുണ്ട് ”ജീവിതം ഒരു ചോക്ലേറ്റ് പെട്ടിപോലെയാണെന്ന് …എന്താണ് അതില്‍ നിന്ന് കിട്ടുകയെന്നു നിങ്ങള്‍ക്ക് ഒരു ഉറപ്പുമില്ല.” ഞാന്‍ ഇന്ന് ഇങ്ങനെയെല്ലാം ആയിത്തീരുമെന്നു ഞാന്‍ ഒരിക്കലും കരുതിയിരുന്നില്ല. അന്ന്, 18 വര്‍ഷം മുന്‍പ്, ആദ്യത്തെ മീറ്റിങ്ങിനായി കൂടിയവരോട് ഞാന്‍ പറഞ്ഞ കാര്യമുണ്ട്. നമുക്ക് വിജയിക്കാനായാല്‍ ചൈനയിലെ എണ്‍പതു ശതമാനം യുവജനങ്ങള്‍ക്കും വിജയിക്കാനാകും. കാരണം, ഞങ്ങള്‍ക്ക് ധനാഢ്യനായ പിതാവില്ല, ശക്തരായ അമ്മാവന്മാരില്ല, ബാങ്കില്‍ നിന്നോ, ഗവണ്‍മെന്റില്‍ നിന്നോ ഒരു നയാപൈസ പോലും കടം കിട്ടുകയുമില്ല. ഒരു ടീമായി ജോലിചെയ്യുക.
പതിനെട്ടു വര്‍ഷങ്ങള്‍ പിന്നിടുമ്പോള്‍, ദിനംതോറും പത്തു കോടി ആളുകളാണ് ആലിബാബ വെബ്‌സൈറ്റ് സന്ദര്‍ശിക്കുകയും സാധനങ്ങള്‍ വാങ്ങുകയും ചെയ്യുന്നത്. ചൈനയില്‍ മാത്രം ഏതാണ്ട് പതിനാലു ദശലക്ഷം ആളുകള്‍ക്കാണ് പ്രത്യക്ഷമായും, പരോക്ഷമായും ഞങ്ങള്‍ ജോലി നല്‍കിയിട്ടുള്ളത്. വെറും പതിനെട്ടു പേരില്‍നിന്നാണ് ആലിബാബ ആരംഭിച്ചത്. ഇന്ന് ഞങ്ങള്‍ക്ക് നാലു വലിയ ക്യാംപസുകളുണ്ട്. ഒന്നുമില്ലായ്മയില്‍ നിന്നാണ് ഞങ്ങള്‍ വളര്‍ന്നത്. ഇന്ന് ആലിബാബയെ ലോകം മുഴുവന്‍ അറിയും. പതിനെട്ടു വര്‍ഷം മുന്‍പ് ഈ ആശയം പറഞ്ഞപ്പോള്‍ പലരും നെറ്റിചുളിച്ചു. എന്താണ് ഇതുകൊണ്ടുള്ള ഗുണം, എന്താണ് ഇ-കൊമേഴ്‌സ് എന്ന് അധികമാര്‍ക്കും അറിയില്ല. ഇന്റര്‍നെറ്റില്‍ ബിസിനസ് ചെയ്യാന്‍ പറ്റുമോ.? ധാരാളം ചോദ്യങ്ങള്‍. എന്നാല്‍, ഇന്ന് കാര്യങ്ങള്‍ മാറിയിരിക്കുന്നു. കുറച്ചുകൂടി കഴിയുമ്പോള്‍ ആളുകള്‍ക്ക് ഇ-കൊമേഴ്‌സ് നിത്യജീവിതത്തിലെ ഒഴിച്ചുകൂടാനാകാത്ത വൈദ്യുതി പോലെയോ, കുടിവെള്ളം പോലെയോ ഉള്ള ഒന്നായി മാറിയിരിക്കും. അങ്ങനെ ഒരവസ്ഥയെക്കുറിച്ചാണ് ഞങ്ങള്‍ സ്വപ്നം കാണുന്നത്.

എന്റെ കുടുംബ പശ്ചാത്തലവും, പഠനത്തിന്റെ നിലവാരവും എല്ലാം വച്ചുനോക്കിയാല്‍ സത്യസന്ധമായി പറഞ്ഞാല്‍ ഞാനൊരു മൈനസ് 3 എന്ന തലത്തിലാണ് എന്നെ കാണുന്നത്. ഞാനാരാണെന്നു എനിക്കറിയാം. എന്റെ അപ്പനും, അമ്മയും വീട്ടിലെ ആരും സര്‍ക്കാര്‍ ഉദ്യോഗസ്ഥരോ, വലിയ കാശുകാരോ അല്ല. അതുകൊണ്ടുതന്നെ, കഴിഞ്ഞ വര്‍ഷങ്ങള്‍ക്കിടയില്‍ ഒരു നയാപൈസ പോലും സര്‍ക്കാരില്‍ നിന്നോ, ചൈന ബാങ്കുകളില്‍ നിന്നോ ഞങ്ങള്‍ക്ക് കിട്ടിയിട്ടില്ല . കോളേജില്‍ ചേരാന്‍ വേണ്ടിയുള്ള പ്രവേശന പരീക്ഷ മൂന്നുപ്രാവശ്യം എഴുതി പരാജയപ്പെട്ടവനാണ് ഞാന്‍. പരാജയങ്ങളുടെ ഒരു പരമ്പരതന്നെ എന്റെ ജീവിതത്തിലുണ്ട്. പ്രൈമറി സ്‌കൂളില്‍ രണ്ടു തവണ ഞാന്‍ തോറ്റിട്ടുണ്ട്. മിഡില്‍ സ്‌കൂളില്‍ മൂന്നുതവണ തോറ്റിട്ടുണ്ട്. അന്ന് ഞങ്ങളുടെ നാട്ടില്‍, ഹാങ്ങ് ഷുവില്‍, ആകെ ഒരു മിഡില്‍ സ്‌കൂളെ ഉള്ളൂ. പഠനത്തില്‍ അത്ര മോശമായതുകൊണ്ട് മറ്റു മിഡില്‍ സ്‌കൂളുകളില്‍ പോകാനും നിര്‍വ്വാഹമില്ല. തിരസ്‌കരണം നമ്മുടെ ജീവിതത്തില്‍ വലിയ പാഠങ്ങള്‍ തരുന്നുണ്ട്. ഇന്നും അനേകര്‍ എന്നെ തിരസ്‌കരിക്കുന്നുണ്ട്. ജോലിക്കുവേണ്ടി അപേക്ഷിച്ചിട്ടു മുപ്പതു പ്രാവശ്യം എന്റെ അപേക്ഷ തിരസ്‌കരിക്കപ്പെട്ടിട്ടുണ്ട്. പോലീസില്‍ ചേരാന്‍ പോയിട്ടുണ്ട്. ഞങ്ങള്‍ അഞ്ചുപേരാണ് പോയത്. കൂട്ടുകാര്‍ നാലുപേരും തിരഞ്ഞെടുക്കപ്പെട്ടു. എന്റെ രൂപം കണ്ടിട്ട് അവര്‍ക്ക് എന്നെ വേണ്ട .കെ. എഫ്. സി. ചൈനയില്‍ വന്നപ്പോള്‍ ഞങ്ങള്‍ 24-പേരാണ് ജോലിക്കു അപേക്ഷിച്ചത്. അതില്‍ 23-പേര്‍ക്കും ജോലികിട്ടി. എന്നെ അവര്‍ തിരസ്‌കരിച്ചു. ഹാര്‍വാര്‍ഡില്‍ പഠിക്കാന്‍ പോകാന്‍ ഞാന്‍ പത്തു തവണയാണ് അപേക്ഷിച്ചത്. പത്തു പ്രാവശ്യവും എന്റെ അപേക്ഷ തിരസ്‌കരിക്കപ്പെട്ടു….

ചെറുപ്പത്തിലേ ഞാന്‍ ചിന്തിച്ചിരുന്നത് ഒന്നും അസാധ്യമല്ല എന്നാണ്. എന്നാല്‍, ഇന്ന് ഞാന്‍ തിരിച്ചറിയുന്നു, മറ്റുള്ളവരെക്കൂടി പരിഗണിക്കുമ്പോള്‍ നമുക്ക് എല്ലാം സാധ്യമല്ല. നമ്മുടെ ഇടപാടുകാര്‍, സമൂഹം, നമ്മുടെ കൂടെ ജോലിചെയ്യുന്നവര്‍. പക്ഷെ, നമ്മുടെ സ്വപ്നം മുന്നില്‍ വച്ച് കഠിനാധ്വാനം ചെയ്താല്‍ അസാധ്യമായി യാതൊന്നുമില്ല. ആദ്യത്തെ അഞ്ചു വര്‍ഷം, നിലനില്‍പ്പിനു വേണ്ടിയുള്ള ശ്രമമായിരുന്നു. ആദ്യത്തെ മൂന്നുവര്‍ഷം ഞങ്ങളുടെ വരുമാനം പൂജ്യമായിരുന്നു. ക്രമേണ, ആലിബാബയിലൂടെ കുറേപ്പേരുടെ ജീവിതങ്ങള്‍ മാറിയ കാഴ്ച ഞങ്ങള്‍ കണ്ടു. പക്ഷെ, ഞങ്ങള്‍ ജോലി ചെയ്തുകൊണ്ടേയിരുന്നു. അങ്ങനെയിരിക്കെ ഒരു ദിവസം ഞാന്‍ ഹോട്ടലില്‍ ഭക്ഷണം കഴിച്ച് ബില്‍ കൊടുക്കാന്‍ തുടങ്ങുമ്പോള്‍, എന്റെ ബില്ല് ആരോ കൊടുത്തുകഴിഞ്ഞു; അവിടെ ഒരു കുറിപ്പ് വച്ചിരിക്കുന്നു. സര്‍, ഞാന്‍ നിങ്ങളുടെ ആലിബാബ പ്ലാറ്റഫോമിലെ ഒരു ഇടപാടുകാരനാണ്. ആലിബാബ വഴി ഞാന്‍ ജീവിതം കണ്ടെത്തി. നന്ദി… ഇങ്ങനെ എത്രയെത്ര സംഭവങ്ങള്‍. നമ്മള്‍ അധ്വാനിച്ചുകൊണ്ടിരുന്നാല്‍ എല്ലാം സാധ്യമാണ്.

ഓണ്‍ലൈന്‍ ബിസിനസിന്റെ പ്രധാന അടിസ്ഥാനം പരസ്പരമുള്ള വിശ്വാസമാണ്…ഈ വിശ്വാസം പടുത്തുയര്‍ത്താനാണ് ഞങ്ങള്‍ പരിശ്രമിക്കുന്നത്…പരസ്പര വിശ്വാസം കുറവുള്ള ഒരു നാടാണ് ചൈന. എന്നാല്‍, ഇപ്പോള്‍ നോക്കൂ. അറുപതു ദശലക്ഷം ഇടപാടുകളാണ് ദിവസംതോറും ഞങ്ങള്‍ നടത്തുന്നത്. ഇവര്‍ക്കാര്‍ക്കും പരസ്പരം അറിയില്ല. ഉത്പന്നങ്ങള്‍ അയക്കുന്നു. പണം വാങ്ങുന്നു. മലകളും, നദികളും താണ്ടി അറുപതു ദശലക്ഷം വിശ്വാസമാണ് ഓരോ ദിവസവും ആലിബാബയിലൂടെ സഞ്ചരിക്കുന്നത്. ആദ്യത്തെ മൂന്നുവര്‍ഷങ്ങള്‍ ആലിബാബ വെറുമൊരു വെബ് സൈറ്റ് മാത്രമായിരുന്നു. ഒരു വ്യാപാരവും നടന്നിരുന്നില്ല. ബാങ്കുകളൊന്നും ഇതിനോട് സഹകരിക്കാന്‍ തയ്യാറായില്ല. എന്ത് ചെയ്യണമെന്നറിയില്ല. ഇതിനുവേണ്ടി ഞാനൊരു പണമിടപാട് സ്ഥാപനം തുടങ്ങിയാല്‍ സര്‍ക്കാര്‍ ലൈസന്‍സ് തുടങ്ങി നൂലാമാലകള്‍ ഏറെയാണ്. അങ്ങനെയിരിക്കെയാണ്, ദാവോസില്‍ വച്ച് ഒരു നേതൃത്വ പരിശീലനക്ലാസ് കേള്‍ക്കുന്നത്. ഉടനെ ഞാന്‍ ഹാങ്ങ് ഷുവിലേക്ക് വിളിച്ചു. ഇന്നുതന്നെ ആലി പേയ്ക്ക് വേണ്ട നടപടികള്‍ തുടങ്ങുക. എന്തുപ്രശ്‌നം വന്നാലും, ഇനി ജയിലില്‍ പോകേണ്ടി വന്നാലും ഞാന്‍ പൊയ്‌ക്കോളാം. അങ്ങനെയാണ് ആലി പേ തുടങ്ങുന്നത്. ആലി പേ തുടക്കത്തില്‍ ആളുകള്‍ക്ക് അംഗീകരിക്കാന്‍ വലിയ പാടായിരുന്നു. ആന മണ്ടത്തരം എന്ന് പറഞ്ഞാണ് അവര്‍ എന്നെ കളിയാക്കിയത്. പക്ഷെ, ഇന്ന് 800 ദശലക്ഷം ആളുകളാണ് ആലി പേ ഉപേയാഗിക്കുന്നത്.

ചെറുകിട ബിസിനസുകാരെ ലോകം മുഴുവന്‍ എത്തിക്കുക എന്നതാണ് ഞങ്ങളുടെ ദൗത്യം. അനേക ലക്ഷം ചെറുകിട ബിസിനസുകാരാണ് അവരുടെ ഉത്പന്നങ്ങള്‍ വില്‍ക്കാന്‍ ഞങ്ങളുടെ പ്ലാറ്റ്‌ഫോം ഉപയോഗിക്കുന്നത്. അവരില്‍ നിന്നും 30 കോടി ആളുകളാണ് വളരെ വിലക്കുറവില്‍ കാര്യക്ഷമമായി ആലിബാബ വഴി ഉത്പന്നങ്ങള്‍ വാങ്ങുന്നത്. വാഷിംഗ്ടണ്‍ സംസ്ഥാനത്തെ കര്‍ഷകരുടെ മുന്നൂറു ടണ്‍ ചെറിപ്പഴമാണ് കഴിഞ്ഞവര്‍ഷം ചൈനയില്‍ വിറ്റഴിച്ചത്. അമേരിക്കന്‍ സ്ഥാനപതി ഈ ആവശ്യവുമായി ആലിബാബയെ സമീപിക്കുകയായിരുന്നു. ഓര്‍ഡര്‍ കിട്ടി 48 മണിക്കൂറുകള്‍ക്കുള്ളില്‍ ചെറി മുഴുവന്‍ വിറ്റഴിച്ചു. പിന്നെയും ആവശ്യക്കാരായിരുന്നു. ഇതുപോലെ അലാസ്‌കയില്‍ നിന്നുള്ള കടല്‍ ഉത്പന്നങ്ങളും ചൈനയില്‍ വിറ്റഴിക്കുന്നുണ്ട്. ഇതെല്ലം ചെറുകിടക്കാരില്‍ നിന്നുമുള്ള ഉത്പന്നങ്ങളാണ്. ലോകത്തു എവിടെനിന്നുമുള്ള സാധനങ്ങള്‍ വീട്ടിലിരുന്നു വാങ്ങാനുള്ള സൗകര്യമാണത്.

വളരെ കുറഞ്ഞ തുകയാണ് പരസ്യത്തില്‍ നിന്നും ഇടപാടുകാരില്‍ നിന്നും ലഭിക്കുന്നത്. ഒരു കോടി ചെറുകിട ബിസിനസുകാരാണ് ആലിബാബയിലുള്ളത്. ദിനംപ്രതി വാള്‍മാര്‍ട് കഴിഞ്ഞാല്‍, ലോകത്തിലെ രണ്ടാമത്തെ വലിയ ഇടപാടുകള്‍ നടക്കുന്നത് ആലിബാബയിലാണ്. പത്തുവര്‍ഷത്തിനുള്ളില്‍ വാള്‍മാര്‍ട്ടിനെ മറികടക്കാനാകുമെന്നാണ് പ്രതീക്ഷ. കാരണം പുതിയ പതിനായിരം ഇടപാടുകാരെ അവര്‍ക്കു വേണമെങ്കില്‍, പുതിയ കെട്ടിടം, ഗോഡൗണ്‍ തുടങ്ങി എന്തെല്ലാം കാര്യങ്ങള്‍ ചെയ്യണം..പക്ഷെ, ഞങ്ങള്‍ക്ക് ഇതിനെല്ലാം കൂടി രണ്ടു വലിയ സെര്‍വറുകള്‍ മതി.JAC MA-victory

ഇരുപത്തയ്യായിരം കോടി അമേരിക്കന്‍ ഡോളര്‍ ശേഖരിച്ച ആലിബാബ ഐ. പി. ഓ. ആണ് ലോകത്തിലെ ഏറ്റവും വലിയ ഐ. പി. ഓ ആയി കണക്കാക്കപ്പെടുന്നത്. എന്നാല്‍, 2001-ല്‍ അഞ്ചു ദശലക്ഷം ഡോളര്‍ വെഞ്ച്വര്‍ കാപിറ്റല്‍ വഴി ശേഖരിക്കാന്‍ ഞങ്ങള്‍ ചെന്നപ്പോള്‍, ഞങ്ങള്‍ മടങ്ങിയത് നിരാശരായി വെറും കയ്യോടെയാണ്. എന്നാല്‍, ഇപ്പോള്‍ നോക്കൂ. ഞങ്ങള്‍ ഈ ശേഖരിച്ച ഇരുപത്തയ്യായിരം കോടി അമേരിക്കന്‍ ഡോളര്‍ വെറുതെ പണമായല്ല ഞങ്ങള്‍ കാണുന്നത്. ഇത് ലോകം ഞങ്ങള്‍ക്ക് തന്ന വിശ്വാസമാണ്. നല്ല ജോലിക്കുവേണ്ടി, നല്ല വരുമാനത്തിനുവേണ്ടി അതുകൊണ്ടുതന്നെ ഇത് കാര്യക്ഷമമായി വിനിയോഗിക്കുക എന്നത് ഞങ്ങള്‍ക്ക് വലിയ സമ്മര്‍ദ്ദം തന്നെയാണ്. കാരണം, ഇപ്പോള്‍ ഓഹരി മൂലധനത്തിന്റെ കാര്യത്തില്‍, ഐ. ബി. എമ്മിനേക്കാളും, വാള്‍ മാര്‍ട്ടിനേക്കാളും മുകളിലാണ് ഞങ്ങള്‍. മൂലധനത്തിന്റെ കാര്യത്തില്‍ .ലോകത്തിലെ പത്തു വലിയ കമ്പനികളില്‍ ഒന്നാണ് ആലിബാബ.

ആലിബാബയെല്ലാം തുടങ്ങുന്നതിനു മുന്‍പ് ഒരു ദിവസം ഞാന്‍ ഭാര്യയോട് ചോദിച്ചു, നിന്റെ ഭര്‍ത്താവ് സമ്പന്നനാകുന്നതാണോ, സമൂഹത്തില്‍ ബഹുമാനിക്കപ്പെടുന്നതാണോ നിനക്കിഷ്ടം..? സമൂഹത്തിലെ ബഹുമാനമുള്ള ഭര്‍ത്താവിനെയാണ് അവള്‍ കൂടുതല്‍ ഇഷ്ടപെട്ടത്.കാരണം, അവള്‍ ഒരിക്കലും ഇങ്ങനെയൊരു വളര്‍ച്ച സ്വപ്നം കണ്ടിട്ടുണ്ടാകില്ല. ആയിരം കോടി ഡോളര്‍ നിങ്ങളുടെ കയ്യിലുണ്ടെന്നു കരുതുക. അത് ഒരിക്കലും നിങ്ങളുടെ പണമല്ല. അത് ജനങ്ങള്‍ നിങ്ങള്‍ക്ക് തന്ന വിശ്വാസമാണ്. നിങ്ങള്‍ ആ പണം സര്‍ക്കാരിനേക്കാള്‍ വിശ്വസ്തതയോടെ കൈകാര്യം ചെയ്യുമെന്ന് അവര്‍ വിശ്വസിക്കുന്നു…

ഇന്ന് എന്നെ ഏറ്റവും വിഷമിപ്പിക്കുന്നത് വളരെയേറെ ചെറുപ്പക്കാര്‍ പ്രതീക്ഷയും ദര്‍ശനവും നഷ്ടപ്പെട്ടവരായി മാറി പരാതികള്‍ മാത്രം പറയാന്‍ തുടങ്ങുന്ന കാഴ്ചയാണ്. തുടര്‍ച്ചയായി തിരസ്‌കരിക്കപ്പെട്ടവനാണ് ഞാന്‍. അത്രയും തിരസ്‌കരണം ഒരുപക്ഷെ നിങ്ങളില്‍ അധികം പേര്‍ക്ക് കിട്ടിയിട്ടുണ്ടാകില്ല. അവിടെയെല്ലാം, പരാതികള്‍ പറയാന്‍ നില്‍ക്കാതെ എന്നിലെ കുറവുകളെ കണ്ടുപിടിച്ച് മാറ്റിയെടുക്കാനാണ് ഞാന്‍ ശ്രമിച്ചത്. നിങ്ങള്‍ വിജയിയോ, പരാജിതനോ ആയിക്കോട്ടെ. പക്ഷെ, നിങ്ങള്‍ മറ്റുള്ളവരെക്കുറിച്ചു പരാതി പറയാന്‍ തുടങ്ങുമ്പോള്‍ നിങ്ങള്‍ക്കു ഒരു തിരിച്ചുവരവ് ഉണ്ടാകില്ലെന്ന് കരുതിക്കൊള്ളുക…

(ദാവോസിലെ ലോക സാമ്പത്തീക സമ്മേളനത്തില്‍ വച്ച് ജാക്ക് നടത്തിയ പ്രഭാഷണമാണ് ഇതിന് ആധാരം)

Top