പാലമരം നട്ടുവെച്ചിട്ട് നമ്മള്‍ മാമ്പഴം പ്രതീക്ഷിക്കരുതല്ലോ; ബഹ്‌റയെ ആഞ്ഞുകൊട്ടി ജേക്കബ് തോമസ്

തിരുവനന്തപുരം: പൊലീസിന്റെ തുടര്‍ച്ചയായ വീഴ്ചകളെത്തുടര്‍ന്ന് പഴികേള്‍ക്കുന്ന ഡിജിപിയെ പരിഹസിച്ച് വിജിലന്‍സ് മുന്‍ മേധാവി ജേക്കബ് തോമസ്. പൊലീസ് തലപ്പത്ത് ഇപ്പോഴുളളത് പാലമരമാണെന്ന് ജേക്കബ് തോമസ് പറഞ്ഞു. പാലമരത്തില്‍ നിന്നും മാമ്പഴം പ്രതീക്ഷിക്കരുതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ക്രമസമാധാന ചുമതലയുള്ള ഡിജിപി സ്ഥാനത്ത് നിന്നും ലോക്‌നാഥ് ബെഹ്‌റയെ മാറ്റിയേക്കുമെന്ന സൂചനകള്‍ പുറത്തുവരുന്നതിനിടയിലാണ് ജേക്കബ് തോമസിന്റെ പരിഹാസം.

‘പാലമരം നമ്മള്‍ നട്ടു വളര്‍ത്തിയാല്‍ അതില്‍ നിന്നും മാമ്പഴം പ്രതീക്ഷിക്കുന്നത് ശരിയാണോ. ആനപ്പുറത്തിരിക്കുമ്പോള്‍ ചിലര്‍ക്ക് താഴെ കാണണമെന്നില്ല. പാലമരങ്ങള്‍ ഇനിയും തുടരണോയെന്ന് ആലോചിക്കണം’ ജേക്കബ് തോമസ് പറഞ്ഞു.

ബെഹ്‌റയെ മാറ്റണമെന്ന ആവശ്യം സിപിഐ ഉള്‍പ്പടെയുള്ള ഘടകകക്ഷികളും മുഖ്യമന്ത്രി പിണറായി വിജയന് മുന്നില്‍ അവതരിപ്പിച്ചതായാണ് വിവരം. പോലീസിന്റെ പ്രവര്‍ത്തനം വലിയ വിമര്‍ശനത്തിന് ഇടയായ സാഹചര്യത്തില്‍ ബെഹ്‌റയെ ഇനിയും സംരക്ഷിക്കുന്നത് അപകടമാണെന്ന വ്യക്തമായ സൂചന തന്നെ സിപിഎം നേതാക്കള്‍ മുഖ്യമന്ത്രിയെ അറിയിച്ചിട്ടുണ്ട്.

പോലീസ് കുത്തഴിഞ്ഞ അവസ്ഥയിലായ സ്ഥിതിയില്‍ ഇനിയും തല്‍സ്ഥിതി തുടര്‍ന്നാല്‍ സര്‍ക്കാരിന്റെ പ്രതിച്ഛായയ്ക്ക് ഇപ്പോഴുണ്ടാക്കിയിരിക്കുന്ന തകരാര്‍ വര്‍ധിപ്പിക്കുകയുള്ളുവെന്ന വാദം പിണറായിക്ക് മുന്നില്‍ ശക്തമായി നില്‍ക്കുകയാണ്. തത്കാലം ബെഹ്‌റയെ ഡിജിപി സ്ഥാനത്ത് നിന്ന് മാറ്റിക്കൊണ്ടുള്ള തീരുമാനം ഉണ്ടായേക്കും. ബെഹ്‌റയെ വിജിലന്‍സ് ഡയറക്ടര്‍ സ്ഥാനത്തേയ്ക്ക് മാറ്റുന്നതിനെക്കുറിച്ചാണ് ആലോചിക്കുന്നത്.

നിലവിലെ വിജിലന്‍സ് ഡയറക്ടര്‍ എന്‍.സി.അസ്താന ബിഎസ്എഫ് ഡയറക്ടര്‍ സ്ഥാനം ഏറ്റെടുത്ത് കേന്ദ്രത്തിലേക്ക് പോയ സാഹചര്യത്തില്‍ വിജിലന്‍സിന് നാഥനില്ലാത്ത അവസ്ഥയാണ്. ഈ ഒഴിവിലേയ്ക്ക് പകരം നിയമനം നടത്തേണ്ട സാഹചര്യം കൂടി പരിഗണിച്ചായിരിക്കും സ്ഥലമാറ്റം. ഡിജിപിമാരായ എ.ഹേമചന്ദ്രന്‍, ഋഷിരാജ് സിംഗ് എന്നിവരെയാണ് ബെഹ്‌റയുടെ സ്ഥാനത്തേക്ക് പരിഗണിക്കുന്നത്.

ഡിജിപിയെ മാറ്റണമെന്ന ആവശ്യം മന്ത്രിമാരില്‍ ചിലരും ഇന്നത്തെ മന്ത്രിസഭായോഗത്തില്‍ ഉന്നയിച്ചു. ഈ നില തുടര്‍ന്നാല്‍ സര്‍ക്കാരും പാര്‍ട്ടിയും ജനങ്ങള്‍ക്കു മുന്നില്‍ ഒറ്റപ്പെടുമെന്ന ശക്തമായ വാദം തന്നെ മന്ത്രിമാര്‍ ഉന്നയിച്ചത്. രണ്ടുവര്‍ഷം പിന്നിടുന്ന പിണറായി സര്‍ക്കാരിന് പോലീസിന്റെ പ്രവര്‍ത്തനം വലിയ തലവേദനയാണ് സൃഷ്ടിക്കുന്നത്.

Latest