സംസ്ഥാനത്തെ ജയിലിൽ 23 അസ്വാഭാവിക മരണങ്ങൾ; അന്വേഷണവും കേസും ഒന്നുമുണ്ടായില്ല

സ്വന്തം ലേഖകൻ

കൊച്ചി: സംസ്ഥാനത്തെ ജയിലുകളിൽ അസ്വഭാവിക രീതിയിൽ മരിച്ച സംഭവങ്ങളെ കുറിച്ച് അന്വേഷണമോ നടപടിയോ ഇല്ല. 2011 ഏപ്രിൽ ഒന്നു മുതൽ 2015 ഡിസംബർ വരെ സെൻട്രൽ ജയിലുകളിലും, ജില്ലാസബ് ജയിലുകളിലായി 200 പേർ മരിച്ചിട്ടുണ്ടെന്നാണ് കണക്ക്. ഇതിൽ 197 പേർ പുരുഷൻമാരും മൂന്നുപേർ സ്ത്രീകളുമാണ്.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

പുരുഷൻമാരിൽ 23 പേർ അസ്വഭാവികമായ രീതിയിലാണ് മരിച്ചിരിക്കുന്നത്. എന്നാൽ നാളിതുവരെയായിട്ടും മരണ കാരണങ്ങളെകുറിച്ച് ജയിലധികൃതരോ, പോലീസോ അന്വേഷണം നടത്തുകയോ അരുടെയും പേരിൽ നടപടിയെടുക്കുക്കയോ ചെയ്തിട്ടില്ലെന്നും രേഖകൾ വ്യക്തമാക്കുന്നു.

ജയിലുകളിൽ കടുത്ത മനുഷ്യാവകാശ ലംഘനമാണ് നടക്കുന്നതെന്ന ഗുരുതരമായ ആരോപണം നിലനിൽക്കുന്നതിനിടയിലാണ് ഇത്തരമൊരു റിപ്പോർട്ട് പുറത്ത്‌വന്നിരിക്കുന്നത്. ജയിലുകളിൽ മരിക്കുന്നവരിൽ ഭൂരിഭാഗവും മർദ്ദനമേറ്റതിനെ തുടർന്നുള്ള അസുഖം മൂലമാണെന്ന് ആരോപണം ഉയർന്നിരുന്നു. അതോടൊപ്പം വേണ്ടത്ര ചികിത്സ ലഭിക്കാതെയും നിരവധി പേർ മരിച്ചിട്ടുണ്ട്. വിയ്യൂർ സെൻട്രൽ ജയിൽ 2014 ൽ ഒരാഴ്ചക്കിടെ കൃത്യമായ ചികിത്സ ലഭിക്കാതെ രണ്ട് പേർ മരിച്ചിരുന്നു.

മഞ്ഞപ്പിത്തം മൂലമാണ് ഇവർ മരിച്ചത്. എന്നാൽ അവർക്ക് വേണ്ട സമയത്ത് ചികിത്സ നൽകാതിരുന്നതാണ് മരണ കാരണം. ഈ സംഭവത്തിൽ മനുഷ്യാവകാശ കമ്മീഷനും ജില്ലാ ജഡ്ജിയുമെല്ലാം ജയിലിലെത്തി പരിശോധന നടത്തി വീഴ്ച കണ്ടെത്തിയതാണ്. എന്നിട്ടും നടപടി ഉണ്ടായിട്ടില്ല.

200 പേരിൽ ഏറ്റവും കൂടുതൽ പേർ മരിച്ചത് തിരുവനന്തപുരം സെൻട്രൽ ജയിലിലാണ്. 2011 ഏപ്രിൽ ഒന്നു മുതൽ 2015 ഡിസംബർ വരെ കാലയളവിൽ 52 പേരാണ് മരിച്ചത്. കണ്ണൂരിൽ 32 പേരും വിയ്യൂരിൽ 21 പേരും മരിച്ചിരുന്നു. ബാക്കിയുള്ളവർ വിവിധ ജില്ലാസബ് ജയിലുകളിലാണ്. മരിച്ചവരിൽ 56 പേർ റിമാന്റ് പ്രതികളാണ്.

ജയിലിൽ വെച്ച് മരിച്ചവരുടെ കുടുംബങ്ങൾക്ക് നൽകുന്ന സഹായവിതരണവും കാര്യക്ഷമമല്ല. 17 പേർക്ക് മാത്രമാണ് ഇതുവരെ ധനസഹായം നൽകിയിരിക്കുന്നത്. 60,000 രൂപ മുതൽ നാല് ലക്ഷം രൂപ വരെയാണ് നൽകിയതെന്ന് വിവരാവകാശ പ്രവർത്തകൻ രാജു വാഴക്കാലയ്ക്ക് ലഭിച്ച രേഖകളിൽ വ്യക്തമാക്കുന്നു.

Top