ജയ്‌സലിന്റെ മുതുകത്ത് ചവിട്ടിയാണ് അവര്‍ ജീവിത്തിലേക്ക് കയറിപ്പോയത്; ഉമ്മ പെങ്ങമ്മാരായിക്കണ്ടാണ് രക്ഷിച്ചതെന്ന് ജെയ്‌സല്‍

പ്രളയത്തിലപ്പെട്ടുഴലുന്നവര്‍ക്കു മുന്നില്‍ ദൈവദൂതരെപ്പലെയായിരുന്നു രക്ഷാപ്രവര്‍ത്തകരെത്തിയത്. ഓരോ ഉള്‍വഴികളിലും സാഹസികമായി ബോട്ടിലെത്തി വെള്ളപ്പൊക്കത്തില്‍ കുടുങ്ങിപ്പോയ ജനങ്ങളെ രക്ഷിക്കുന്ന കാഴ്ച ലോകംമുഴുവന്‍ നെഞ്ചിടിപ്പോടെയാണ് കണ്ടത്. ഇതിനിടയില്‍ ഹൃദയസ്പര്‍ശിയായ, ധീരമായ പലരംഗങ്ങളും ഉണ്ടായിരുന്നു.

ദുരന്തങ്ങള്‍ വരുമ്പോഴാണ് ശരിക്കുള്ള മനുഷ്യരെ തിരിച്ചറിയുന്നതെന്ന ചൊല്ല് ജെയ്സലിനെപ്പോലുള്ളവരുടെ കാര്യത്തില്‍ അക്ഷരംപ്രതി ശരിയാവുകയാണ്. ദേശീയ ദുരന്തനിവാരണസേനയുടെ അറിയിപ്പുപ്രകാരമാണ് താനൂരുള്ള കെ.പി. ജയ്സലും കൂട്ടുകാരും ബോട്ടുമായി രക്ഷാപ്രവര്‍ത്തനത്തിന് 25- കിലോമീറ്ററോളം അപ്പുറത്തുള്ള വേങ്ങരയിലേക്ക് പോകുന്നത്.

അവിടെ മുതലമാട് വെള്ളപ്പൊക്കത്തില്‍ കുടുങ്ങിക്കിടക്കുന്നുണ്ടായിരുന്നു സ്ത്രീകളും കുട്ടികളുമടങ്ങിയ ഒട്ടേറെ പേര്‍. അവരെ ബോട്ടില്‍ കരയിലെത്തിക്കുകയായിരുന്നു ദൗത്യം. നിലത്തുനിന്ന് ഉയര്‍ന്നുനില്‍ക്കുന്ന ബോട്ടിലേക്ക് കയറാന്‍ വിഷമിച്ചുനിന്ന സ്ത്രീകളെ കണ്ടപ്പോള്‍ ജെയ്സലിന് ഒരു സംശയവുമുണ്ടായില്ല. അവര്‍ക്കും ബോട്ടിനുമിടയില്‍ അയാള്‍ കുനിഞ്ഞുനിന്നു. ആ പാവം സ്ത്രീകള്‍ക്ക് മുന്നില്‍ ജെയ്സല്‍ ചവിട്ടുപടിയായി. ആദ്യം ഒന്നു മടിച്ചെങ്കിലും ജെയ്സലിന്റെ പുറത്ത് ചവിട്ടി അവരെല്ലാം ജീവിതത്തിലേക്ക് ചുവടുവെച്ചു. ഒന്നുമറിയാത്തപോലെ ജെയ്സല്‍ വീണ്ടും രക്ഷാപ്രവര്‍ത്തനത്തിലേക്കും. അതിനിടെ ഈ രംഗം ആരോ മൊബൈല്‍ഫോണില്‍ പകര്‍ത്തിയിരുന്നു. ആ രംഗങ്ങള്‍ ഇപ്പോള്‍ സാമൂഹികമാധ്യമങ്ങളില്‍ വൈറലായിക്കഴിഞ്ഞു.

ചെയ്യുന്ന തൊഴിലിനുവേണ്ടി മരിക്കാന്‍പോലും തയ്യാറാവുന്ന മത്സ്യത്തൊഴിലാളിയുടെ മനസ്സിന്റെ വലിപ്പം സാമൂഹികമാധ്യമങ്ങളിലൂടെ കണ്ട് ആയിരങ്ങളാണ് അഭിനന്ദിക്കുന്നത്. വിദേശങ്ങളില്‍ നിന്നുപോലും അഭിനന്ദനങ്ങള്‍ വരുമ്പോഴും ഞാനെന്താണ് ഇതിനുമാത്രം ചെയ്തത് എന്ന ഭാവത്തിലാണ് ജയ്സല്‍. മരണം മുന്നില്‍കണ്ടവരെ സ്വന്തം ഉമ്മയായും പെങ്ങന്മാരായും കണ്ടാണ് രക്ഷാ പ്രവര്‍ത്തനം നടത്തിയതെന്ന് ജയ്‌സല്‍ പറയുന്നു. പലപ്പോഴും ലൈഫ്ജാക്കറ്റ് പോലുമില്ലാതെയായിരുന്നു രക്ഷാപ്രവര്‍ത്തനമെന്നും ജയസല്‍ ഒരു മാധ്യമത്തോടു വ്യക്തമാക്കി. ഇതൊന്നുമല്ല, ഒരുപാടുപേരുടെ ജീവന്‍ രക്ഷിക്കാന്‍പറ്റുന്നതാണ് വലിയകാര്യം എന്നാണ് ജെയ്സല്‍ പറയുന്നത്. രണ്ടു വയസ്സുപോലുമാവാത്ത കുട്ടിയേയും ഇവര്‍ ഇവിടെനിന്ന് രക്ഷിച്ചു.

ഇവിടത്തെ രക്ഷാപ്രവര്‍ത്തനത്തിനുശേഷം ജെയ്‌സല്‍ പോയത് തൃശ്ശൂര്‍ ജില്ലയിലെ മാളയില്‍ തുരുത്തില്‍ കുടുങ്ങിയവരെ രക്ഷിക്കാനാണ്. ഞായറാഴ്ച വൈകീട്ടോടെ ആ ദൗത്യവും വിജയകരമായി പൂര്‍ത്തിയാക്കി.

Latest
Widgets Magazine