ജയലളിത അന്തരിച്ചു..തമിഴകത്ത് കനത്ത ജാഗ്രത.അസാധാരണത്വമാര്‍ന്ന രാഷ്ട്രീയ പ്രതിഭയായിരുന്നു ജയലളിതയെന്ന് പിണറായി

ചെന്നൈ:തമിഴ്നാട് മുഖ്യമന്ത്രിയും എ.ഐ.എ.ഡി.എം.കെ ജനറല്‍ സെക്രട്ടറിയുമായ കുമാരി ജെ. ജയലളിത (68) അന്തരിച്ചു. ചെന്നൈ അപ്പോളോ ആശുപത്രിയിലായിരുന്നു അന്ത്യം. ശ്വാസകോശ അണുബാധയെ തുടര്‍ന്ന് സെപ്റ്റംബറിലാണ് ജയയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. ഇന്ത്യയിലെയും വിദേശത്തെയും ഡോക്ടര്‍മാരുടെ ചികിത്സയില്‍ രോഗമുക്തയായി വീട്ടിലേക്ക് മടങ്ങുവാനിരിക്കെയാണ് ജയക്ക് ഞായറാഴ്ച വൈകീട്ട് ഹൃദയാഘാതമുണ്ടായത്. തുടര്‍ന്ന് തീവ്രപരിചരണ വിഭാഗത്തിലേക്ക് മാറ്റി. കൃത്രിമ ഉപകരണത്തിന്‍റെ സഹായത്തിലാണ് മുഖ്യമന്ത്രിയുടെ ജീവന്‍ നിലനിര്‍ത്തിയിരുന്നത്. ഇതിനിടെ ഞരമ്പുകളിലെ തടസം പരിഹരിക്കുന്നതിന് തിങ്കളാഴ്ച രാവിലെ ശസ്ത്രക്രിയക്ക് വിധേയമാക്കിയിരുന്നു.jayalalitha-died

ഇന്ത്യ കണ്ട അസാധാരണത്വമാര്‍ന്ന രാഷ്ട്രീയ പ്രതിഭയായിരുന്നു തമിഴ്നാട് മുഖ്യമന്ത്രി ജയലളിത. സവിശേഷമായ നേതൃപാടവം, അത്യപൂര്‍വമായ ഭരണനൈപുണ്യം എന്നിവ ഇന്ത്യന്‍ രാഷ്ട്രീയത്തില്‍ ജയലളിതയെ വേറിട്ട വ്യക്തിത്വത്തിന്‍റെ ഉടമയാക്കിയെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ അനുശോചനസന്ദേശത്തില്‍ സൂചിപ്പിച്ചു.കേരളത്തോട് സവിശേഷ മമതാബന്ധം പുലര്‍ത്തിയിരുന്ന അവര്‍ എന്നും തമിഴര്‍ക്കും മലയാളികള്‍ക്കുമിടയില്‍ സാഹോദര്യം നിലനില്‍ക്കുന്നതിനുവേണ്ടി പരിശ്രമിച്ചു.കലാരംഗത്തുനിന്നും രാഷ്ട്രീയരംഗത്തേക്ക് വരികയും ചുരുങ്ങിയ നാളുകള്‍ കൊണ്ടുതന്നെ രാഷ്ട്രീയരംഗത്തെ തന്‍റെ അസാമാന്യമായ വ്യക്തിപ്രഭാവം കൊണ്ട് മാറ്റിമറിക്കുകയും ചെയ്തു ജയലളിത. ആ പ്രക്രിയയില്‍ തമിഴ് ജനതയുടെ മനസ്സില്‍ മായാത്ത മാതൃബിംബമായി അവര്‍ ഉയര്‍ന്നു. ദരിദ്ര ജനവിഭാഗങ്ങള്‍ക്ക് ആശ്വാസമരുളുന്ന ഒട്ടനവധി നടപടികളിലൂടെ അവര്‍ തമിഴ് ജനതയുടെയാകെ തന്നെ സ്നേഹവിശ്വാസങ്ങള്‍ ആര്‍ജിച്ചു.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

ഒരു ജനതയുടെ മനസ്സിനെയും ഭാഗധേയത്തേയും ഇത്രയധികം സ്വാധീനിച്ച മുഖ്യമന്ത്രിമാര്‍ നമ്മുടെ രാജ്യത്ത് അധികമില്ല.
പൊതുവേ പുരുഷാധിപത്യപരമായ രാഷ്ട്രീയരംഗത്ത് സ്ത്രീത്വം ഒരുവിധത്തിലും പോരായ്മയല്ല മറിച്ച് മികവാണ് എന്ന് അവര്‍ തെളിയിച്ചുകാട്ടി. എം ജി ആറിന്‍റെ മരണശേഷമുള്ള ഘട്ടത്തില്‍ പ്രായോഗിക രാഷ്ട്രീയത്തില്‍ ജയലളിതക്കു മുമ്പില്‍ ഒട്ടനവധി പ്രതികൂല ഘടകങ്ങളുണ്ടായിരുന്നു. ആ പ്രതികൂല ഘടകങ്ങളെയെല്ലാം ജനങ്ങളെ കൂടെനിര്‍ത്തിക്കൊണ്ട് അതിജീവിക്കുകയായിരുന്നു. അങ്ങനെ തമിഴ്നാട്ടിലെ എം ജി ആര്‍ രാഷ്ട്രീയശൈലിയുടെ തുടര്‍ക്കണ്ണിയായി ജയലളിത ജനമനസ്സുകളില്‍ സ്ഥാനം നേടി.

സംസ്ഥാനങ്ങളുടെ ന്യായമായ അവകാശങ്ങള്‍ നേടിയെടുക്കുന്നതിനും അങ്ങനെ ഭരണഘടനയുടെ ഫെഡറല്‍ സ്പിരിറ്റ് ഉയര്‍ത്തിപ്പിടിക്കുന്നതിനും മുഖ്യമന്ത്രി എന്ന നിലയില്‍ ജയലളിത പല ഘട്ടങ്ങളിലും വഹിച്ച നേതൃപരമായ പങ്ക് വിസ്മരിക്കാവുന്നതല്ല. രാജ്യസഭാംഗമെന്ന നിലയിലും നിയമസഭാംഗമെന്ന നിലയിലും മുഖ്യമന്ത്രിയെന്ന നിലയിലുമൊക്കെ അവര്‍ സ്വന്തം നാടിന്‍റെ മനസ്സും ശബ്ദവുമായി നിലനില്‍ക്കുകയായിരുന്നു. അതിനെ തമിഴ് ജനത മനസ്സുകൊണ്ട് അംഗീകരിക്കുകയുമായിരുന്നു.

ചലച്ചിത്രകലാരംഗത്ത് അസാമാന്യപ്രതിഭയായി തിളങ്ങിനിന്ന ഘട്ടത്തിലാണ് ജയലളിത ആ രംഗം ഉപേക്ഷിച്ച് രാഷ്ട്രീയത്തിലേക്ക് വന്നത്. കലാരംഗത്തിനുണ്ടായ നഷ്ടം രാഷ്ട്രീയരംഗത്തിന് മുതല്‍ക്കൂട്ടായി എന്നു പറയാം. എന്തായാലും മികച്ച അഭിനേത്രി എന്ന നിലയില്‍ ജയലളിത ചലച്ചിത്രരംഗത്തിനു നല്‍കിയിട്ടുള്ള സംഭാവനകള്‍ ഗൃഹാതുരത്വത്തോടെ ഓര്‍ക്കുന്ന വലിയൊരു ആസ്വാദകസമൂഹമുണ്ട്.
ദ്രാവിഡ രാഷ്ട്രീയത്തിന് കൃത്യമായ മാര്‍ഗനിര്‍ദേശം നല്‍കിക്കൊണ്ട് അതിനെ പുതിയ മാനങ്ങളിലേക്ക് ഉയര്‍ത്തിയ വ്യക്തി എന്ന നിലയില്‍ രാഷ്ട്രീയചരിത്രം ജയലളിതയെ അടയാളപ്പെടുത്തുമെന്നത് നിശ്ചയമാണ്. ജനോപകാരപ്രദമായ നിരവധി പദ്ധതികള്‍ നടപ്പാക്കിയ ഭരണാധികാരി എന്ന നിലയിലും സംസ്ഥാനാവകാശങ്ങള്‍ സംരക്ഷിക്കുന്ന വിധത്തില്‍ കേന്ദ്ര-സംസ്ഥാന ബന്ധങ്ങളില്‍ മാറ്റം വരുത്താന്‍ വേണ്ടി ഇടപെട്ട നേതാവ് എന്ന നിലയിലും ഒക്കെ ജയലളിതയുടെ സംഭാവനകള്‍ സ്മരിക്കപ്പെടും.

ജയലളിതയുടെ വിയോഗം മൂലമുണ്ടാകുന്നത് തമിഴ്നാടിനു മാത്രമല്ല ഇന്ത്യയ്ക്ക് പൊതുവിലുള്ള നഷ്ടമാണ്. കേരളത്തെ സംബന്ധിച്ചിടത്തോളം സാഹോദര്യഭാവത്തോടെ അയല്‍പക്കത്ത് നിലകൊണ്ടിരുന്ന ഒരു ഭരണാധികാരിയെയാണ് നഷ്ടപ്പെടുന്നത്. ബന്ധപ്പെട്ട എല്ലാവരുടെയും തീവ്രമായ ദുഃഖത്തില്‍ പങ്കുചേരുന്നു. ഹൃദയപൂര്‍വമായ അനുശോചനം രേഖപ്പെടുത്തുന്നു.

സംസ്കാര ചടങ്ങുകള്‍ സംബന്ധിച്ച് അണ്ണാ ഡി.എം.കെ പാര്‍ട്ടി അന്തിമ തീരുമാനമെടുത്തിട്ടില്ല. മരണവാര്‍ത്ത അറിഞ്ഞ ഉടന്‍ നൂറുകണക്കിന് അണ്ണാ ഡി.എം.കെ നേതാക്കളും പ്രവര്‍ത്തകരും അടക്കമുള്ളവര്‍ അപ്പോളോ ആശുപത്രിയിലേക്ക് പ്രവഹിക്കുകയാണ്. തമിഴ്നാടിന്‍റെ വിവിധ ഭാഗങ്ങളില്‍ നിന്നുള്ള പ്രവര്‍ത്തകരും വാഹനങ്ങളിലായി ചെന്നൈയിലേക്ക് തിരിച്ചിട്ടുണ്ട്.
തമിഴ്നാട്ടില്‍ നിന്നും മൈസൂറില്‍ താമസമാക്കിയ അയ്യങ്കാര്‍ കുടുംബത്തിലെ ജയറാമിന്‍റെയും സിനിമ നടിയായിരുന്ന സന്ധ്യ എന്ന വേദവല്ലിയുടെയും രണ്ടാമത്തെ മകളായി 1948 ഫെബ്രുവരി 24നാണ് ജയലളിത എന്ന കോമളവല്ലിയുടെ ജനനം. ചര്‍ച്ച് പാര്‍ക്ക് കോണ്‍വെന്‍റ് സ്കൂള്‍, ബിഷപ്പ് കോട്ടണ്‍ ഹില്‍ ഗേള്‍സ് ഹൈസ്കൂള്‍ എന്നിവിടങ്ങളില്‍ നിന്ന് പ്രാഥമിക വിദ്യാഭ്യാസം പൂര്‍ത്തിയാക്കി. സ്കൂളില്‍ മികച്ച വിദ്യാര്‍ഥിനിയായിരുന്നു അവര്‍.

ജയക്ക് രണ്ട് വയസുള്ളപ്പോള്‍ പിതാവ് മരണമടഞ്ഞു. അമ്മയോടൊപ്പം ആദ്യം ബംഗളൂരിലേക്കും പിന്നീട് ചെന്നൈയിലേക്കും താമസം മാറുകയും സിനിമയിലേക്ക് അവസരം തേടാനും കുടുംബം തീരുമാനിക്കുകയായിരുന്നു. ജയലളിതയുടെ അമ്മ സന്ധ്യ എന്ന പേരില്‍ സിനിമയില്‍ അഭിനയിച്ചു തുടങ്ങി. 15 വയസ്സുള്ളപ്പോള്‍ തന്നെ ജയലളിതയും സിനിമയില്‍ അഭിനയിച്ചു. 1964ല്‍ ‘ചിന്നഡ കൊംബെ’ എന്ന കന്നഡ ചിത്രത്തിലാണ് ജയ നായികയായി തുടക്കംകുറിച്ചത്. ‘പട്ടിക്കാട്ട് പൊന്നയ്യ’ ആണ് ജയലളിത അഭിനയിച്ച അവസാന ചിത്രം.

‘മക്കള്‍ തിലകം’ എം.ജി.ആറിന്‍െറ ഇദയക്കനിയായിരുന്ന ജയലളിതയുടെ രാഷ്ട്രീയ പ്രവേശനം യാദൃച്ഛികമായിരുന്നു. 1982ലാണ് ജയലളിത അണ്ണാ ഡി.എം.കെയില്‍ ചേരുന്നത്. എം.ജി.ആറിന്‍െറ സാന്നിധ്യത്തില്‍ ‘പെണ്ണിന്‍ പെരുമൈ’ (സ്ത്രീ മഹത്വം) എന്ന വിഷയത്തെ ആസ്പദമാക്കി ജയ നടത്തിയ പ്രസംഗമാണ് രാഷ്ട്രീയത്തിലേക്കുള്ള വഴി തുറന്നിട്ടത്. ജയയുടെ ഇംഗ്ലീഷ് പ്രസംഗത്തിലുള്ള കഴിവ് തിരിച്ചറിഞ്ഞ എം.ജി.ആര്‍ 1984ല്‍ അവരെ രാജ്യസഭയിലേക്ക് അയച്ചു. ’89ലെ തെരഞ്ഞെടുപ്പില്‍ എം.ജി.ആറിന്‍െറ യഥാര്‍ഥ പിന്‍ഗാമി താനാണെന്ന് അവകാശപ്പെട്ട് ജയലളിത രംഗത്തിറങ്ങി. ’91ലെ നിയമസഭ തെരഞ്ഞെടുപ്പില്‍ 234 സീറ്റില്‍ 225 എണ്ണത്തില്‍ വിജയിച്ച് തെരഞ്ഞെടുക്കപ്പെട്ട തമിഴ്നാട്ടിലെ ആദ്യ വനിത മുഖ്യമന്ത്രിയായി തെരഞ്ഞെടുക്കപ്പെട്ടു. 2016ലെ നിയമസഭാ തെരഞ്ഞെടുപ്പ് വിജയത്തോടെ ആറാംവട്ടവും തമിഴ്നാട് മുഖ്യമന്ത്രിയായി.

തമിഴക ഭരണത്തില്‍ ജയലളിതയും കരുണാനിധിയും മാറിമാറി അധികാരത്തില്‍ വരുമ്പോള്‍ പരസ്പരം അഴിമതി-ക്രിമിനല്‍ കേസുകള്‍ ചുമത്തുന്നത് പതിവായിരുന്നു. ജയലളിതയുടെ പേരിലുള്ള അഴിമതി കേസുകളുടെ വിചാരണക്ക് മാത്രമായി മൂന്ന് പ്രത്യേക കോടതികള്‍ രൂപവത്കരിച്ചു. ജയലളിതക്കെതിരെ മാത്രം ഡി.എം.കെ മുന്‍കൈയെടുത്ത് 12 കേസുകളാണ് രജിസ്റ്റര്‍ ചെയ്തത്. ഇതില്‍ 11 കേസുകളിലും വര്‍ഷങ്ങളോളം നീണ്ട നിയമപോരാട്ടത്തിലൂടെ ജയലളിത കുറ്റവിമുക്തയായി.

എന്നാല്‍, 66 കോടി രൂപയുടെ അിവിഹിത സ്വത്ത് സമ്പാദ്യ കേസില്‍ മാത്രം ജയലളിത ശരിക്കും കുരുങ്ങുകയായിരുന്നു. സുപ്രീംകോടതി പരാമര്‍ശത്തെ തുടര്‍ന്ന് ജയ മുഖ്യമന്ത്രി സ്ഥാനം രാജിവെച്ചു. എന്നാല്‍, വിശ്വസ്തനായ പന്നീര്‍ശെല്‍വത്തിന് മുഖ്യമന്ത്രിയാക്കി ജയ തമിഴ്നാട് ഭരണം കൈപിടിയില്‍ നിര്‍ത്തി.

ജയലളിത എം.ജി.ആറിനൊപ്പം

തമിഴക ഭരണത്തില്‍ ജയലളിതയും കരുണാനിധിയും മാറിമാറി അധികാരത്തില്‍ വരുമ്പോള്‍ പരസ്പരം അഴിമതി-ക്രിമിനല്‍ കേസുകള്‍ ചുമത്തുന്നത് പതിവായിരുന്നു. ജയലളിതയുടെ പേരിലുള്ള അഴിമതി കേസുകളുടെ വിചാരണക്ക് മാത്രമായി മൂന്ന് പ്രത്യേക കോടതികള്‍ രൂപവത്കരിച്ചു. ജയലളിതക്കെതിരെ മാത്രം ഡി.എം.കെ മുന്‍കൈയെടുത്ത് 12 കേസുകളാണ് രജിസ്റ്റര്‍ ചെയ്തത്. ഇതില്‍ 11 കേസുകളിലും വര്‍ഷങ്ങളോളം നീണ്ട നിയമപോരാട്ടത്തിലൂടെ ജയലളിത കുറ്റവിമുക്തയായി.

എന്നാല്‍, 66 കോടി രൂപയുടെ അിവിഹിത സ്വത്ത് സമ്പാദ്യ കേസില്‍ മാത്രം ജയലളിത ശരിക്കും കുരുങ്ങുകയായിരുന്നു. സുപ്രീംകോടതി പരാമര്‍ശത്തെ തുടര്‍ന്ന് ജയ മുഖ്യമന്ത്രി സ്ഥാനം രാജിവെച്ചു. എന്നാല്‍, വിശ്വസ്തനായ പന്നീര്‍ശെല്‍വത്തിന് മുഖ്യമന്ത്രിയാക്കി ജയ തമിഴ്നാട് ഭരണം കൈപിടിയില്‍ നിര്‍ത്തി.

Top