ജയസൂര്യയുടെ കയ്യേറ്റം പൊളിച്ചുനീക്കും; കൊച്ചി കോര്‍പ്പറേഷന്റെ നോട്ടീസിനെതിരെ നല്‍കിയ ഹര്‍ജി തളളി

തിരുവനന്തപുരം: ജയസൂര്യയുടെ കായല്‍ കയ്യേറ്റം ഒഴിപ്പിക്കുന്നതിന് തടസ്സമില്ല. ഒഴിപ്പിക്കല്‍ തടയണമെന്ന് ജയസൂര്യ നല്‍കിയ ഹര്‍ജി തള്ളി. തിരുവനന്തപുരം തദ്ദേശ ട്രൈബ്യൂണലാണ് ഹര്‍ജി തള്ളിയത്. ചെലവന്നൂര്‍ കായല്‍ കൈയേറി ബോട്ട് ജെട്ടി നിര്‍മ്മിച്ചത് പൊളിക്കാന്‍ കൊച്ചി കോര്‍പ്പറേഷന്‍ നോട്ടീസ് നല്‍കിയിരുന്നു. ഇത് ചോദ്യം ചെയ്താണ് ജയസൂര്യ അപ്പീല്‍ നല്‍കിയിരുന്നത്.

കായല്‍ കയ്യേറി വീടിന് ചുറ്റുമതിലും ബോട്ടുജെട്ടിയും നിര്‍മ്മിച്ച കേസില്‍ താരത്തെ മൂന്നാം പ്രതിയായാണ് കുറ്റപത്രം നല്‍കിയത്. ഒന്നാം പ്രതി കൊച്ചി കോര്‍പ്പറേഷന്‍ സെക്രട്ടറിയും ബില്‍ഡിങ് ഇന്‍സ്‌പെക്ടര്‍ രണ്ടാം പ്രതിയുമാണ്. തീരദേശ പരിപാലന അതോറിറ്റിയിലെ മുതിര്‍ന്ന ശാസ്ത്രജ്ഞന്‍ സാറ്റ്‌ലൈറ്റ് സര്‍വേ അടക്കം വിശദ പരിശോധന നടത്തി സമര്‍പ്പിച്ച റിപ്പോര്‍ട്ട് തയ്യാറാക്കിയത്.

താരം സ്ഥലം വാങ്ങുമ്പോഴും കെട്ടിടം നിര്‍മ്മിക്കുന്നതിന് മുന്‍പും തീരദേശ പരിപാലന അതോറിറ്റിയെ അറിയിക്കണമെന്നും കെട്ടിടം നിര്‍മ്മിക്കാന്‍ തീരദേശ പരിപാലന അതോറിറ്റിയുടെ അംഗീകാരം പാലിച്ചിട്ടില്ലെന്നും കണ്ടെത്തിയിരുന്നു. കെട്ടിടം നിര്‍മ്മിക്കുന്നതിന് കൊച്ചി നഗരസഭ അനുമതി നല്‍കിയതിനാലാണ് സെക്രട്ടറിയെ ഒന്നാം പ്രതിയാക്കിയത്. പിന്നീട് പുറംപോക്കിലെ നിര്‍മ്മാണം കണ്ടെത്തിയിട്ടും തടയാതിരുന്നതിനാണ് ബില്‍ഡിങ് ഇന്‍സ്‌പെക്ടറെ കുറ്റക്കാരനാക്കിയത്.

ഒന്നര വര്‍ഷം മുന്‍പാണ് ജയസൂര്യ കായല്‍ കയ്യേറി നിര്‍മ്മാണ പ്രവര്‍ത്തനം ആരംഭിച്ചതായി പരാതി ലഭിച്ചത്. എറണാകുളം സ്വദേശിയായ ബാബുവാണ് പരാതിനല്‍കിയത്.

Latest
Widgets Magazine