എല്ലാ ഉത്പന്നങ്ങൾക്കും ഒരേ നിരക്കിൽ ജി.എസ്.ടി; സാധ്യത തള്ളാതെ ജെയ്റ്റ്‌ലി

എല്ലാ ഉത്പന്നങ്ങൾക്കും സേവനങ്ങൾക്കും ഒരേ നിരക്കിൽ ജി.എസ്.ടി. ഈടാക്കുന്നത് ഇപ്പോൾ പ്രായോഗികമല്ലെന്ന് ധനമന്ത്രി അരുൺ ജെയ്‌റ്റിലി. എന്നാൽ ഇതിനുള്ള സാദ്ധ്യതകൾ തള്ളിക്കളയാനാകില്ലെന്ന് അദ്ദേഹം പറഞ്ഞു. നികുതി വരുമാനത്തിന്റെ വളർച്ച അനുസരിച്ചു ഈ നിർദേശത്തിന്മേൽ തീരുമാനമെടുക്കും. നേരത്തെ വ്യത്യസ്ത നിരക്കുകൾക്ക് പകരം മദ്യം പോലെ സാമൂഹ്യ വിപത്തായി മാറുന്ന ഉത്പന്നങ്ങൾക്കും ആഡംബര ഉത്പന്നങ്ങൾക്കും ഒഴികെയുള്ള എല്ലാ സാധനങ്ങൾക്കും ഒരേ നികുതി ചുമത്തണം എന്ന നിർദേശം കോൺഗ്രസ്സ് ഉപാധ്യക്ഷന്‍ രാഹുൽ ഗാന്ധിയാണ് മുന്നോട്ട് വച്ചത്. നികുതി വരുമാനം ഉയരുന്നതിനനുസരിച്ച് നിരക്കുകൾ ഇനിയും കുറയ്ക്കുമെന്ന് ജെയ്റ്റ്ലി വ്യക്തമാക്കി. വെള്ളിയാഴ്ച ചേർന്ന ജി.എസ്.ടി. കൗൺസിൽ യോഗം 210 ഉത്പന്നങ്ങളുടെ നിരക്ക് കുറച്ചിരുന്നു. ഇതിൽ 178 സാധനങ്ങളുടെ നികുതി 28 ൽ നിന്നും 18 ശതമാനമാക്കി. ഹോട്ടൽ നികുതി ഏകീകരിച്ചു 5 ശതമാനമാക്കി. ജി.എസ്.ടി. നടപ്പാക്കിയതിനു ശേഷം ജൂലൈ, ആഗസ്റ്റ് മാസങ്ങളിൽ പരോക്ഷ നികുതി വരുമാനം കുറഞ്ഞിരുന്നു. ഇത് നേരത്തെ പ്രതീക്ഷിച്ചിരുന്നതാണ്. അടുത്ത മാസങ്ങളിൽ നികുതി വരുമാനം മെച്ചപ്പെടുമെന്നാണ് കരുതുന്നത്. വരുമാനം നല്ല തോതിൽ ഉയർന്നാൽ നിരക്കുകൾ ഇനിയും കുറയ്ക്കും – അദ്ദേഹം കൂട്ടിച്ചേർത്തു.

Top