നിയന്ത്രണം നഷ്ടപ്പെട്ട ബസ് കൊക്കയിലേക്ക് മറിയാന്‍ തുടങ്ങി; മണ്ണുമാന്തി യന്ത്രത്തിന്റെ ഓപ്പറേറ്ററുടെ സമയോചിതമായ ഇടപെടല്‍ രക്ഷിച്ചത് നിരവധി പേരുടെ ജീവന്‍

യാത്രക്കാരുമായി കൊക്കയിലേക്ക് മറിയാന്‍ തുടങ്ങിയ ബസിന് രക്ഷകനായത് മണ്ണുമാന്തി യന്ത്രക്കൈ. ഒരു മണിക്കൂറോളമാണ് മണ്ണുമാന്ത്രി യന്ത്രക്കൈ ബസിനെ പിടിച്ചുനിര്‍ത്തിയത്. ഇന്നലെ വൈകിട്ട് നാലരയോടെ തോണ്ടിമലയ്ക്കു സമീപം ഇറച്ചിപ്പാറയിലാണു സംഭവം. തമിഴ്‌നാട് ട്രാന്‍സ്‌പോര്‍ട്ട് കോര്‍പറേഷന്‍ ബസാണ് വലിയൊരു ദുരന്തത്തില്‍ നിന്ന് രക്ഷപ്പെട്ടത്. അറ്റകുറ്റപ്പണി നടക്കുന്ന ദേശീയപാതയിലൂടെ കടന്നുവരുമ്പോള്‍ നിയന്ത്രണം നഷ്ടപ്പെട്ട ബസ് കൊക്കയിലേക്കു ചരിയുകയായിരുന്നു. ദേശീയ പാതയുടെ പണികളില്‍ ഏര്‍പ്പെട്ടിരുന്ന എറണാകുളം ഗ്രീന്‍വര്‍ത്ത് എര്‍ത്ത് മൂവേഴ്‌സിന്റെ മണ്ണുമാന്തി യന്ത്രത്തിന്റെ ഓപ്പറേറ്റര്‍ രതീഷ് ഇത് കണ്ടു.

അതിവേഗം യന്ത്രക്കൈകൊണ്ട് ബസിന്റെ മുകള്‍ഭാഗത്ത് പിടിച്ച് മറിയാതെ തടഞ്ഞു നിര്‍ത്തി. തുടര്‍ന്നാണ് യാത്രക്കാര്‍ പുറത്തിറങ്ങിയത്. മദ്യലഹരിയിലായിരുന്നു ബസ് ഡ്രൈവര്‍ കാര്‍ത്തികേയനെ (46) ശാന്തന്‍പാറ പൊലീസ് കസ്റ്റഡിയിലെടുത്തു. ബോഡിനായ്ക്കന്നൂര്‍ -രാജാക്കാട് റൂട്ടില്‍ ഓടുന്ന ബസ് തുടക്കം മുതല്‍ റോഡില്‍ തെറ്റായ ദിശകളിലൂടെയാണ് ഓടിച്ചിരുന്നതെന്നു യാത്രക്കാര്‍ പറഞ്ഞു. ഭീതിയിലായ യാത്രക്കാര്‍ ഒച്ചയുണ്ടാക്കിയെങ്കിലും ഡ്രൈവര്‍ കാര്യമാക്കിയില്ല. ഇറച്ചിപ്പാറ എത്തുന്നതിനു മുന്‍പായി തൊഴിലാളികളുമായി പോകുകയായിരുന്ന രണ്ട് ജീപ്പുകളില്‍ ബസ് ഇടിച്ചതായി യാത്രക്കാര്‍ പറയുന്നു. എസ്‌ഐ: ബി.വിനോദിന്റെ നേതൃത്വത്തിലുള്ള പൊലീസ് സംഘമാണ് ഡ്രൈവറെയും ബസും കസ്റ്റഡിയിലെടുത്തത്.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക
Top