ജെഡിയു വീണ്ടും എൽഡിഎഫിലേക്ക്!..സ്വാഗതം ചെയ്ത് കാനം രാജേന്ദ്രൻ

തിരുവനന്തപുരം: ജെ‍‍ഡിയു വീണ്ടും എല്‍ഡിഎഫിലേക്ക്. യുഡിഎഫ് വിടാനുള്ള നിർണ്ണായക തീരുമാനം പാർട്ടി സെക്രട്ടറിയേറ്റ് എടുത്തു. ഔദ്യോഗിക പ്രഖ്യാപനം നാളത്തെ കൗൺസിൽ യോഗത്തിന് ശേഷം ഉണ്ടാകും. തീരുമാനത്തെ കോടിയേരി സ്വാഗതം ചെയ്തപ്പോൾ വീരേന്ദ്രകുമാറിന്റെ അധികാരക്കൊതിയാണ് പിന്നിലെന്ന് യുഡിഎഫ് കണ്‍വീനര്‍ വിമർശിച്ചു.ഇടതുമുന്നണിയിലേക്കു ജനതാദൾ (യു) എത്തുന്നതു സ്വാഗതം ചെയ്തു സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രനും രംഗത്ത് വന്നു . എൽഡിഎഫ് വിട്ടു പോയ പാർട്ടികൾക്കു മുന്നണിയിലേക്കു തിരിച്ചെത്താമെന്നു നേരത്തെയുള്ള ധാരണയുടെ അടിസ്ഥാനത്തിലാണു ജനതാദളിനെ സ്വാഗതം ചെയ്യുന്നത്. എന്നാൽ ഇടതു മുന്നണിയുടെ ഭാഗമല്ലാതിരുന്ന പാർട്ടികളെ മുന്നണിയിൽ എടുക്കുന്നതു കൂട്ടായ ചർച്ചയുടെ അടിസ്ഥാനത്തിലായിരിക്കും. കേരള കോൺഗ്രസി (എം) ന്റെ ഇടതുമുന്നണി പ്രവേശനത്തെക്കുറിച്ചു സിപിഐയുടെ അഭിപ്രായത്തിൽ മാറ്റമൊന്നുമില്ല. അതു മുന്നണിയിൽ പറയുമെന്നും കാനം പറഞ്ഞു

അനിശ്ചിതത്വം അവസാനിപ്പിപ്പിച്ച് എട്ട് വർഷങ്ങൾക്ക് ശേഷം ജെഡിയു ഇടതുപാളയത്തിലേക്ക് മടങ്ങുന്നു. മുന്നണി മാറ്റം അനിവാര്യമാണെന്നും ഇതാണ് ഉചിതമായ സമയമെന്നും സംസ്ഥാന പ്രസിഡണ്ട് വീീരേന്ദ്രകുമാർ യോഗത്തിന്റെ തുടക്കത്തിൽ വ്യക്തമാക്കി. എതിർക്കുമെന്ന് കരുതിയ കെപിമോഹനൻ പിന്തുണച്ചു. നേരത്തെ എതിർപ്പ് ഉയർത്തിയ മനയത്ത് ചന്ദ്രനടക്കമുള്ള 14 ജില്ലാ പ്രസിഡണ്ടുമാരും തീരുമാനത്തിനൊപ്പം നിന്നു. തീരുമാനത്തിൽ പ്രതിഷേധിച്ച് പാലക്കാടു നിന്നുള്ള സംസ്ഥാന സെക്രട്ടറി ജോൺ ജോൺ യോഗത്തിൽ നിന്നും ഇറങ്ങിപ്പോയി. മുന്നണി മാറ്റത്തിനുള്ള തീരുമാനമെടുത്തതിന് പിന്നാലെ എം വി ശ്രേയംസ് കുമാർ കോടിയേരിയുമായി കൂടിക്കാഴ്ച നടത്തി.

ജെഡിഎസ്സിൽ ലയിക്കാതെ ജെഡിയുവുമായി എൽഡിഎഫിലേക്ക് മടങ്ങാനാണ് സിപിഎമ്മുമായുണ്ടാക്കിയ ധാരണ. വീരേന്ദ്രകുമാർ രാജിവെച്ചൊഴിഞ്ഞ രാജ്യസഭാ സീറ്റ് സിപിഎം ജെഡിയുവിന് നൽകാനാണ് സാധ്യത. അതേ സമയം ജെഡിയു തീരുമാനത്തെ യുഡിഎഫ് വിമർശിച്ചു. 2009 ലോക്സഭ തിരഞ്ഞെടുപ്പിന് തൊട്ടുമുന്പായിരുന്നു ജെഡിയു എല്‍ ഡി എഫ് വിട്ട് യുഡിഎഫ് ചേരിയിലെത്തിയത്.

Latest
Widgets Magazine