പത്‌നീ വിരഹത്തില്‍ മധ്യവയസ്‌കന്‍ സൈക്കിള്‍ ചവിട്ടിയത് 600 കിലോമീറ്റര്‍; ഭാര്യയെ തേടി അലഞ്ഞത് 24 ദിവസം കൊണ്ട് 62 ഗ്രാമങ്ങള്‍

ജംഷഡ്പുര്‍: കാണാതായ ഭാര്യയെ കണ്ടെത്താന്‍ സൈക്കിളില്‍ താണ്ടിയത് 600 കിലോമീറ്റര്‍. നാല്‍പ്പത്തിരണ്ടുകാരനായ മനോഹര്‍ 24 ദിവസം കൊണ്ട് പിന്നിട്ടത് 62 ഗ്രാമങ്ങള്‍. പത്‌നീ സ്‌നേഹത്താല്‍ അലയുന്ന ഈ പങ്കാളിയുടെ കഥ ജാര്‍ഖണ്ഡിലെ ബാലിഗോഡ ഗ്രാമത്തില്‍ നിന്നാണ്. മനോഹര്‍ നായക് എന്നാണ് ഇദ്ദേഹത്തിന്റെ പേര്. കാണാതായ ഭാര്യ അനിതയെ കണ്ടെത്താനാണ് മനോഹര്‍ ഇത്രയും ദൂരം സൈക്കിളില്‍ സഞ്ചരിച്ചത്.

എന്നാല്‍ ഇത്രയും ദൂരം സഞ്ചരിച്ചിട്ടും മനോഹറിന് അനിതയെ കണ്ടെത്താനായില്ല. തുടര്‍ന്ന് പത്രത്തില്‍ നല്‍കിയ പരസ്യമാണ് മനോഹറിന് തുണയായത്. ഒടുവില്‍ പശ്ചിമ ബെംഗാളിലെ ഖരഗ്പുറില്‍നിന്ന് മനോഹറിന് ഭാര്യയെ തിരിച്ചുകിട്ടുകയും ചെയ്തു. കുമ്രസോള്‍ ഗ്രാമത്തിലാണ് അനിതയുടെ മാതാപിതാക്കളുടെ വീട്. ഇവിടെ നിന്നാണ് ജനുവരി 14 ന് അനിതയെ കാണാതാവുന്നത്. മകര സംക്രാന്ത്രി ആഘോഷത്തിനാണ് അനിത മാതാപിതാക്കളുടെ വീട്ടിലെത്തിയത്. രണ്ടുദിവസത്തിനു ശേഷം ഭാര്യ തിരികെ എത്താത്തതിനെ തുടര്‍ന്ന് മുസബാനിയിയിലെയും ദുമരിയയിലെയും പോലീസ് സ്റ്റേഷനുകളില്‍ പരാതി നല്‍കിയതായി മനോഹര്‍ പറയുന്നു.

മാനസികാസ്വാസ്ഥ്യവും സംസാരിക്കുന്നതിന് ബുദ്ധിമുട്ടുകളുമുള്ള വ്യക്തിയാണ് അനിത. എന്നാല്‍ പോലീസുകാര്‍ക്ക് വിവരമൊന്നും ലഭിക്കാത്തതിനെ തുടര്‍ന്ന് ഭാര്യയെ കണ്ടെത്താന്‍ മനോഹര്‍ തന്നെ അന്വേഷണം ആരംഭിക്കുകയായിരുന്നു. തുടര്‍ന്ന് തന്റെ സൈക്കിളിന്റെ അറ്റകുറ്റപ്പണികള്‍ തീര്‍ക്കുകയും ഒരു ഗ്രാമത്തില്‍നിന്ന് മറ്റൊന്നിലേക്ക് എന്ന രീതിയില്‍ അന്വേഷണം ആരംഭിക്കുകയുമായിരുന്നു. എന്നാല്‍ തിരച്ചില്‍ ഫലവത്തായില്ല.

തുടര്‍ന്ന് മനോഹര്‍ പ്രാദേശിക പത്രങ്ങളെ സമീപിക്കുകയായിരുന്നു. തുടര്‍ന്ന് കാണ്മാനില്ല എന്ന തലക്കെട്ടില്‍ അനിതയുടെ ചിത്രം പ്രസിദ്ധീകരിക്കുകയും ചെയ്തു. അങ്ങനെയാണ് ഖരഗ്പുറിലെ ചിലയാളുകള്‍ അവിടത്തെ ഒരു വഴിയോര ഭക്ഷണശാലയ്ക്കു സമീപം ഇരിക്കുന്ന സ്ത്രീ അനിതയാണെന്ന് തിരിച്ചറിയുന്നത്.

ഇവര്‍ ആദ്യം ഖരഗ്പുര്‍ പോലീസ് സ്റ്റേഷനില്‍ വിവരം അറിയിച്ചു. ഖരഗ്പുര്‍ പോലീസ് അനിതയുടെ ചിത്രം വാട്ട്‌സ് ആപ്പ് മുഖാന്തരം മുസാബനിയിലെ പോലീസിന് അയച്ചു നല്‍കി. അനിതയെ കണ്ടെത്തിയ വിവരം അറിഞ്ഞതോടെ ഇരുവരുടെയും ആധാര്‍ കാര്‍ഡുകളുമായി ഖരഗ്പുറിലെത്താന്‍ ആവശ്യപ്പെട്ടതായി മുസബാനി എസ് എച്ച് ഒ സുരേഷ് ലിന്‍ഡ പറഞ്ഞു. ഫെബ്രുവരി പത്തിനാണ് മനോഹറും അനിതയും തമ്മില്‍ കണ്ടത്.പതിനൊന്നാം തിയതി ഇരുവരും വീട്ടിലേക്ക് തിരിക്കുകയും ചെയ്തു.

Latest
Widgets Magazine