ജിയോ കണക്ഷന്‍ ഒരു ട്രാപ്പാണ്? എന്തുകൊണ്ട്?

ജിയോ എത്തുന്നതിന് മുമ്പ് അണ്‍ലിമിറ്റഡ് ലോക്കല്‍ കോളുകളും എസ്ടിഡിയും ഒരു ജിബി ഡാറ്റയും കിട്ടുന്നതിന് നമ്മള്‍ കൊടുത്തിരുന്നത് 1100ഓളം രൂപയായിരുന്നു. ഇതില്‍ റോമിങിന് വേറെ ചാര്‍ജും ചില കമ്പനികള്‍ ഈടാക്കിയിരുന്നു. ജിയോയുടെ വരവ് ഈ ബില്ലിനെ 400ല്‍ താഴേയ്ക്ക് പിടിച്ചു വലിച്ചിട്ടു. അണ്‍ ലിമിറ്റഡ് കോളും റോമിങും പ്രതിദിനം ഒരു ജിബി ഡാറ്റയും. എന്നാല്‍ ജിയോയുടെ ഇന്ത്യന്‍ ടെലികോം വിപണിയിലേയ്ക്കുള്ള വരവോടെ ഇതെല്ലാം സ്വപ്‌ന തുല്യമായ ഓഫറാണെന്ന് എല്ലാവരും വാഴ്ത്തിപ്പാടാനും തുടങ്ങി. ഡാറ്റ ഫ്രീയുണ്ടെങ്കിലും വര്‍ഷങ്ങളായി ഉപയോഗിക്കുന്ന നമ്പര്‍ ചാടിക്കയറി ജിയോയിലേക്ക് മാറ്റാന്‍ ആരും തയ്യാറായിട്ടില്ല. ഭൂരിഭാഗം പേരും സെക്കന്റ് നമ്പര്‍ എന്ന നിലയിലാണ് ജിയോ തിരഞ്ഞെടുത്തത്. നിയന്ത്രണമില്ലാതെ ഡാറ്റ ഉപയോഗിക്കാന്‍ ഒരു കണക്ഷന്‍ എന്ന രീതിയിലാണ് അംബാനിയുടെ ജിയോയെ മലയാളി കണ്ടത്. വരി നിന്നു തന്നെ മലയാളി കണക്ഷനെടുത്തു. കോള്‍ ചെയ്തും ബ്രൗസും ചെയ്തും ആഘോഷിച്ചു. അംബാനി പിടിമുറുക്കാന്‍ തുടങ്ങുമ്പോള്‍ ഏതുസമയവും ചവറ്റു കുട്ടയിലെറിയാന്‍ സാധിക്കുന്ന ഒരു സിം മാത്രമായിരുന്നു മലയാളിയ്ക്ക് ജിയോ. ആയിരങ്ങള്‍ വിലയുണ്ടായിരുന്ന ഫോണ്‍ വെറും 501 രൂപയ്ക്ക് കൊടുക്കുമ്പോള്‍ അച്ഛന്‍ അംബാനിയുടെ മനസ്സിലുണ്ടായിരുന്ന ചിന്ത ഒന്നു മാത്രമാണ്. ശീലമാക്കുക. അതേ മൊബൈല്‍ ഉപയോഗിക്കുന്ന ശീലം വളര്‍ത്തിയെടുക്കുക. ഘട്ടം ഘട്ടമായി ഇറക്കിയ പണം തിരിച്ചു പിടിയ്ക്കാന്‍ അംബാനിക്ക് സാധിച്ചു. അതേ തന്ത്രമാണ് ജിയോയും പയറ്റുന്നത്. മൂന്നു മാസം ഫ്രീ ഡാറ്റ തന്ന്, നിങ്ങള്‍ പണ്ട് ഭയഭക്തി ബഹുമാനത്തോടെ മാത്രം കണ്ടിരുന്ന ഡാറ്റയെ, ക്ലോസ് ഫ്രണ്ടാക്കി കളഞ്ഞു. വാട്‌സ് ആപ്പ് കോളുകളും ഫേസ് ബുക്ക് ചാറ്റുകളും ചെയ്ത് ശീലമാക്കിയ നിങ്ങള്‍ക്ക് ഇന്റര്‍നെറ്റ് ഒരു ആവശ്യമായി മാറ്റി. ആവശ്യമുള്ളപ്പോള്‍ മാത്രം നെറ്റ് കണക്ട് ചെയ്ത് കാര്യങ്ങള്‍ ചെയ്തിരുന്ന മലയാളി ഇന്ന് ഫുള്‍ ടൈം ഓണ്‍ലൈനിലാണ്. പണ്ടും നമ്മുടെ ഫോണില്‍ സെക്കന്റ് നമ്പറുണ്ടായിരുന്നു. കൊല്ലത്തില്‍ 50ഉം 100ഉം റീച്ചാര്‍ജ് ചെയ്ത് ആ നമ്പറിനെ അങ്ങനെ നിലനിര്‍ത്തി പോരുകയായിരുന്നു. ഡാറ്റ വേണമെങ്കില്‍ 250 രൂപയോളം കൊടുത്ത് ഒരു ജിബിയെടുത്ത് വളരെ അരിഷ്ടിച്ചു ജീവിച്ചിരുന്ന കാലം. ഒരു പ്രീപെയ്ഡ് കാരന്റെ രണ്ട് കണക്ഷനുകളില്‍ നിന്നും ഇന്റര്‍നെറ്റ് ഉപയോഗിക്കുന്ന ഒരാളില്‍ നിന്നും പരമാവധി മൊബൈല്‍ കമ്പനികള്‍ക്കു ലഭിച്ചിരുന്നത് 400 രൂപ മാത്രമായിരുന്നു. അധികപേരും ഇന്റര്‍നെറ്റ് ഉപയോഗിച്ചും ഇരുന്നില്ല. അവര്‍ ഫുള്‍ ടോക്ക് ടൈമിന്റെ 200 രൂപയോ മറ്റോ ചെയ്ത് ഒരു മാസം മുഴുവന്‍ ഉപയോഗിക്കുമായിരുന്നു.

ജിയോ 4ജി വോള്‍ട്ട് ടെക്‌നോളജിയില്‍ വര്‍ക്ക് ചെയ്യുന്ന സേവനമാണ്. കോളും ഡാറ്റയിലൂടെയാണ് പോകുന്നത്. നേരത്തെ പറഞ്ഞല്ലോ ജിയോ സെക്കന്റ് കണക്ഷനായിട്ടാണ് ഭൂരിഭാഗം പേരും എടുത്തിരിക്കുന്നത്. ആദ്യ കണക്ഷനായിരിക്കും പ്രിയപ്പെട്ട നമ്പര്‍. ആ കണക്ഷന്‍ എന്തായാലും പതിവുപോലെ റീച്ചാര്‍ജ് ചെയ്യണം. അല്ലെങ്കില്‍ അതിന്റെ ബില്‍ അടയ്ക്കണം. 349 രൂപയ്ക്ക് അണ്‍ലിമിറ്റഡ് കോള്‍ സൗകര്യം ഫസ്റ്റ് കണക്ഷന്‍ കമ്പനിയും നല്‍കുന്നുണ്ട്. രണ്ടാമത്തെ കണക്ഷനായ ജിയോ വര്‍ക്ക് ചെയ്യണമെങ്കില്‍ അതിന്റെ 4ജി സേവനം എപ്പോഴും ഓണായിരിക്കും. അതിനര്‍ത്ഥം ആദ്യത്തെ കണക്ഷന്റെ ഡാറ്റ ഉപയോഗിക്കാന്‍ കഴിയില്ലെന്നു തന്നെയാണ്. ജിയോ നെറ്റ് ഓണാക്കാനും ജിയോ തന്നെ ഉപയോഗിക്കാനും നിര്‍ബന്ധിക്കപ്പെടും. പതുക്കെ ഒന്നാമത്തെ നമ്പറിനെ മറികടന്ന് ജിയോയ്ക്ക് ഫസ്റ്റ് നമ്പറായി പ്രമോഷന്‍ കിട്ടുകയും ചെയ്യും. പക്ഷേ, അതുവരെ രണ്ടു നമ്പറും റീച്ചാര്‍ജ് ചെയ്യാന്‍ ഏകദേശം ആയിരം രൂപയോളം മാസം ചെലവാക്കേണ്ടി വരും. വെറും 200 രൂപകൊണ്ട് മൊബൈല്‍ ആവശ്യങ്ങള്‍ നടത്തിയിരുന്നവരുടെ ബജറ്റ് ആയിരത്തിലേക്ക് ഉയര്‍ത്താന്‍ ജിയോക്ക് സാധിച്ചു. കൂടാതെ 170 രൂപയോളം പ്രതിമാസം ഒരു ഉപയോക്താവില്‍ നിന്നു കിട്ടിയാല്‍ ആ കണക്ഷന്‍ ലാഭത്തിലാണെന്നാണ് വെപ്പ്. ഇപ്പോ മനസ്സിലായി ജിയോ നമ്മളോട് സ്‌നേഹമുണ്ടായിട്ടല്ല ഇത്തരം സുന്ദര ഓഫറുകളുമായിട്ട് വന്നത്. നമ്മളൊന്നും അറിയാതെ നമ്മുടെ ബജറ്റ് അവര്‍ മാറ്റി മറിച്ചു കഴിഞ്ഞു. ജിയോ വേണമെന്ന് നിര്‍ബന്ധമുള്ളവര്‍ ആദ്യ നമ്പര്‍ ജിയോയിലേക്ക് പോര്‍ട്ട് ചെയ്യുന്നതാണ് നല്ലത്. അങ്ങനെ വരുമ്പോള്‍ എല്ലാ കാര്യങ്ങളും നടക്കും. രണ്ടാം നമ്പര്‍ എന്ന രീതിയില്‍ ജിയോ നമ്പര്‍ പലരുടെയും അടുത്തെത്തുന്നതോടെ ട്രാപ്പിലാകും. കാരണം അണ്‍ലിമിറ്റഡ് കോള്‍ ഉള്ളതുകൊണ്ട് ഈ നമ്പര്‍ പതുക്കെ പതുക്കെ വ്യാപിക്കാന്‍ തുടങ്ങും. കൂടാതെ മധുവിധു കാലം കഴിഞ്ഞതോടെ ജിയോ അതിന്റെ ചാര്‍ജ്ജുകളില്‍ വര്‍ധനവ് വരുത്തികൊണ്ടിരിക്കുന്നുണ്ട്. എന്തായാലും ജിയോ ഉപയോഗിക്കുന്നവര്‍ കാര്യങ്ങളൊക്കെ ഇപ്പോള്‍ തന്നെ ഒന്നു പ്ലാന്‍ ചെയ്യുന്നത് നല്ലതാണ്.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക
Top