‘ജിയോ കോയിന്‍’: സ്വന്തം ക്രിപ്‌റ്റോ കറന്‍സി രൂപീകരിക്കാന്‍ റിലയന്‍സ് ജിയോ

ബിറ്റ്‌കോയിന്‍ മാതൃകയില്‍ സ്വന്തം ക്രിപ്‌റ്റോകറന്‍സി രൂപീകരിക്കാന്‍ റിലയന്‍സ് ജിയോ ഇന്‍ഫോകോം പദ്ധതിയിടുന്നു. ജിയോ കോയിന്‍ എന്നു പേരിട്ടിരിക്കുന്ന പദ്ധതിയുടെ നേതൃസ്ഥാനത്ത് മകന്‍ ആകാശ് അംബാനിയെ ചുമതലയേല്‍പ്പിക്കാനാണ് മുകേഷ് അംബാനിയുടെ പദ്ധതി. ഇതിനായി ബ്ലോക് ചെയിന്‍ പദ്ധതി രൂപീകരിക്കാന്‍ 50 പേരടങ്ങുന്ന വിദഗ്ധ സംഘത്തെ നിയോഗിക്കാന്‍ കമ്പനി തീരുമാനിച്ചു. ഇവരാകും സ്മാര്‍ട്ട് കരാറുകള്‍ക്കും വിതരണ ശൃംഖലകള്‍ക്കും രൂപം നല്‍കുക. എന്നാല്‍ നീക്കത്തെക്കുറിച്ച് കമ്പനി ഔദ്യോഗികമായി പ്രതികരിച്ചിട്ടില്ല. ഡാറ്റ സംഭരിക്കുന്നതിനടക്കമുള്ള ഒരു ഡിജിറ്റല്‍ ലെഡ്ജറാണ് ബ്ലോക്ക് ചെയിന്‍. സാമ്പത്തിക ഇടപാടുകള്‍ക്ക് പരിധികളില്ലാത്തതും വളരെ എളുപ്പമാര്‍ന്നതുമാണ്. കൂടാതെ കോപ്പി ചെയ്യാതെ തന്നെ വിവരങ്ങള്‍ വികേന്ദ്രീകരിക്കുകയും ചെയ്യുന്നു. ജിയോ കോയിന്‍ എന്ന പേരിലാണ് റിലയന്‍സ് ഇതിനായി ആപ്പ് തുടങ്ങുക. സാധാരണ ഒരു ഡേറ്റാബേസില്‍ മാറ്റങ്ങള്‍ വരുത്തുവാനുള്ള അധികാരം കേന്ദ്രീകൃതമായിരിക്കും. അതില്‍ ആരൊക്കെ എന്തൊക്കെ മാറ്റങ്ങള്‍ വരുത്താം എന്നത് ഈ ‘കേന്ദ്രം’ തീരുമാനിക്കും. ഇതില്‍ നിന്ന് വിപരീതമായി ബ്ലോക്ക്‌ചെയിനില്‍ ഇടപാടുകാര്‍ ആണ് ഇത് തീരുമാനിക്കുന്നത്. ഇതിലൂടെ നടക്കുന്ന ഇടപാടുകളുടെ ഭൂതകാലം ഇടപാടുകാര്‍ക്ക് ലഭ്യമായിരിക്കുമെന്ന് മാത്രമല്ല, അത് മായിച്ച് കളയുകയോ അതില്‍ മാറ്റം വരുത്തുവാനോ കഴിയില്ല. ഇത്തരം ഇടപാടുകളിലെ വിവരത്തിന്റെ ഒരു ചെറിയ കണ്ണിയെ ബ്ലോക്ക് എന്നും, ഇതിലെ ഇടപാടുകള്‍ സാധൂകരിച്ച് അതിനെ ബ്ലോക്ക്‌ചെയിനില്‍ ചേര്‍ക്കുന്നവരെ മൈനര്‍മാര്‍ എന്നും വിളിക്കുന്നു.

Latest