ഇടുക്കി കിട്ടിയില്ലെങ്കിൽ മുന്നണി വിടുമെന്ന ഭീഷണിയുമായി ജോസഫ് ഗ്രൂപ്പ്: ജോസഫിനെയും സംഘത്തെയും സ്വാഗതം ചെയ്ത് ആന്റണി രാജു: കോട്ടയം യുഡിഎഫിന് കീറാമുട്ടിയായി മാറുന്നു; സീറ്റില്ലെങ്കിൽ ഇടുക്കിയിൽ വിമതനെ നിർത്തും

സ്വന്തം ലേഖകൻ
കോട്ടയം: ഇടുക്കി കിട്ടിയില്ലെങ്കിൽ കേരള കോൺഗ്രസ് മുന്നണി വിടുമെന്ന ഭീഷണിയുമായി ജോസഫ് ഗ്രൂപ്പ് കേരള കോൺഗ്രസിൽ പൊട്ടിത്തെറിയുണ്ടാക്കുന്നു. ഇടുക്കി സീറ്റ് നൽകണമെന്നാവശ്യപ്പെട്ട് കെ.എം മാണിയെയും മകനെയും വെട്ടി പി.ജെ ജോസഫ് തന്നെ രാഹുൽ ഗാന്ധിയെ കണ്ടതോടെയാണ് കേരള കോൺഗ്രസിൽ പാർലമെന്റ് സീറ്റ് തർക്കം വൻ രാഷ്ട്രീയ തർക്കത്തിലേയ്ക്ക് നീങ്ങുകയാണെന്ന സൂചന ലഭിച്ചത്. ഇതോടെ കേരള കോൺഗ്രസ് രാഷ്ട്രീയം വീണ്ടും കേരളത്തിൽ കുഴഞ്ഞു മറിയുമെന്ന സൂചന ലഭിച്ചിട്ടുണ്ട്.
പാർലമെന്റ് തിരഞ്ഞെടുപ്പിൽ രണ്ട് സീറ്റ് വേണമെന്ന് ആദ്യം ആവശ്യപ്പെട്ടത് കേരള കോൺഗ്രസ് തന്നെയായിരുന്നു. നിലവിൽ കോട്ടയം പാർലമെന്റ് മണ്ഡലം മാത്രമാണ് കേരള കോൺഗ്രസിന്റെ കൈവശമുള്ളത്. എന്നാൽ, നിലവിൽ കോട്ടയം എംപിയായ ജോസ് കെ.മാണി പാതിവഴിയിൽ നിയോജക മണ്ഡലത്തെ ഉപേക്ഷിച്ച് രാജ്യസഭാ എംപിയായി പോയി. ഇതോടെ കോട്ടയം പാർലമെന്റ് മണ്ഡലത്തിൽ പുതിയ സ്ഥാനാർത്ഥിയെ കണ്ടെത്തേണ്ട സാഹചര്യത്തിലാണ് കേരള കോൺഗ്രസ്. പാർട്ടിയ്ക്ക് അനുയോജ്യനായ സ്ഥാനാർത്ഥിയെ ഇതുവരെ കണ്ടെത്താൻ കേരള കോൺഗ്രസിന് സാധിച്ചിട്ടുമില്ല.
മാണിയ്ക്കും മകനും കുടുംബത്തിലെ ഒരാളുമല്ലാതെ മറ്റൊരാൾക്ക് സ്ഥാനം നൽകിയാൽ ഇത് പാർട്ടിയിൽ പുതിയ അധികാരകേന്ദ്രമുണ്ടാക്കുമെന്നാണ് കേരള കോൺഗ്രസ് എമ്മിന്റെ തിയറി. അതുകൊണ്ടു തന്നെ കോട്ടയം പാർലമെന്റ് മണ്ഡലത്തിൽ വിശ്വസ്ഥരായ ഒരാളെ എങ്ങിനെ സ്ഥാനാർത്ഥിയാക്കും എന്നറിയാതെ കുഴങ്ങുകയാണ് കേരള കോൺഗ്രസ് എം. ഇതിനിടെയാണ് ഇപ്പോൾ ഇടുക്കി സീറ്റ് കൂടി ആവശ്യപ്പെട്ട് പി.ജെ ജോസഫും സംഘവും രംഗത്ത് എത്തിയിരിക്കുന്നത്. ഇത് കടുത്ത പ്രതിസന്ധിയാണ് കേരള കോൺഗ്രസിൽ സൃഷ്ടിച്ചിരിക്കുന്നത്.
സീറ്റ് ലഭിച്ചില്ലെങ്കിൽ ഇടുക്കിയിൽ മത്സരിക്കാൻ ജോസഫിന്റെ സ്ഥാനാർത്ഥിയുണ്ടാകുമെന്ന് ഏതാണ്ട് ഉറപ്പാണ്. മുന്നണിയ്ക്കുള്ളിൽ നിന്നുകൊണ്ടു തന്നെ ജോസഫ് വിമതനെ ഇടുക്കിയിൽ മത്സരിപ്പിച്ചേക്കുമെന്നാണ് സൂചന. ഇതോടെ യുഡിഎഫും – കേരള കോൺഗ്രസും ഒരു പോലെ തന്നെ പ്രതിസന്ധിയിലായി.
Top