മരണത്തിന്റെ വക്കില്‍ നിന്നും ജീവിതം തിരികെ പിടിച്ച ജോസഫ്; കുത്തൊഴുക്കില്‍ രാത്രി മുഴുവന്‍ മരക്കൊമ്പില്‍ തൂങ്ങിക്കിടന്നു

കലിതുള്ളിയ മഴയുടെ കെടുതികളും ദുരിതങ്ങള്‍ക്കുമിടയില്‍ വിശ്വസിക്കാനാകാത്ത ചില അതിജീവന കഥകള്‍ കൂടിയുണ്ട്. എല്ലാം നഷ്ടമായി എന്ന് കരുതുന്നിടത്തുനിന്ന് ആത്മവിശ്വാസത്താല്‍ മാത്രം തിരികെ കയറിയവരുടെ കഥ. അത്തരമൊരു സംഭവമാണ് മല്ലപ്പള്ളി നടുത്തോല്‍ കുളക്കുടി വീട്ടില്‍ ജോസഫിന്റേത്. ഒരു രാത്രി മുഴുവന്‍ മരണത്തോട് മലല്ടിച്ച് ജീവിതത്തിലേക്ക് തിരിച്ചുവരികയായിരുന്നു ഈ 63കാരന്‍.

ജീവന്‍ തിരിച്ചുകിട്ടിയെന്ന സത്യത്തോട് ജോസഫ് സമരസപ്പെട്ടുവരുന്നതേയുള്ളൂ. കല്ലടയാറ്റിനു നടുവില്‍, കുത്തിയൊഴുകുന്ന വെള്ളത്തില്‍ ഒരുരാത്രിയാണ് മരണത്തോടു മല്ലടിച്ച് ജോസഫ് കഴിഞ്ഞത്. രാത്രി മുഴുവന്‍ ഉച്ചത്തില്‍ കൂവി. സഹായത്തിനായി കേണു. ആരും കേട്ടില്ല. ആര്‍ത്തലച്ചൊഴുകുന്ന വെള്ളത്തിന്റെ ആരവത്തില്‍, ആറ്റിലേക്ക് ചാഞ്ഞുകിടന്ന വാകമരത്തിന്റെ കൊമ്പില്‍ പിടിച്ചുകിടന്ന് രാത്രി മുഴുവന്‍ പ്രാര്‍ഥിച്ചു. ഒടുവില്‍ പുലര്‍ച്ചെ രക്ഷയ്ക്കായുള്ള വിളി കേട്ട് സമീപവാസികളും പിന്നെ അഗ്‌നിരക്ഷാസേനയുമെത്തി രക്ഷപ്പെടുത്തുമ്പോഴും ജീവന്‍ തിരിച്ചുകിട്ടിയെന്നു വിശ്വസിക്കാനായില്ല ഈ മനുഷ്യന്.

പുനലൂരിലെ മൂര്‍ത്തിക്കാവ് കടവില്‍ ഞായറാഴ്ച പുലര്‍ച്ചെ ആറുമണിയോടെയായിരുന്നു മുന്‍ അധ്യാപകനായ ജോസഫിന്റെ ജീവിതത്തിലേക്കുള്ള കരകയറ്റം. ശനിയാഴ്ച വൈകീട്ട് അഞ്ചരയോടെയാണ് ജോസഫ് ആറ്റില്‍ വീണത്. പ്രാര്‍ഥനയ്ക്കായി കുടുംബാംഗങ്ങളോടൊപ്പം രണ്ടുദിവസമായി ആര്യങ്കാവില്‍ ഉണ്ടായിരുന്ന ഇദ്ദേഹം മടക്കയാത്രയില്‍ പുനലൂരില്‍ ഇറങ്ങി. ബന്ധുക്കളെ അയച്ചശേഷം തൂക്കുപാലവും മറ്റും കണ്ട് മൂര്‍ത്തിക്കാവ് കടവിലെത്തി കുളിക്കാനൊരുങ്ങുമ്പോഴായിരുന്നു അപകടം.

കരയില്‍നിന്ന് ഫോണില്‍ സംസാരിക്കുന്നതിനിടെ ദേഹാസ്വാസ്ഥ്യമുണ്ടായി ആറ്റിലേക്ക് വീഴുകയായിരുന്നു. തെന്മല ഡാം തുറന്നുവിട്ടിരുന്നതിനാല്‍ ആറ്റില്‍ വെള്ളപ്പൊക്കവും കുത്തൊഴുക്കും. ജോസഫ് ആറ്റില്‍ വീണത് ആരും കണ്ടില്ല. മൂന്നുതവണ മുങ്ങിയശേഷം പൊങ്ങിയപ്പോള്‍ പിടിവള്ളിയായി കിട്ടിയത് ആറ്റിലേക്ക് ചാഞ്ഞുകിടന്ന വാകമരത്തിന്റെ കൊമ്പ്. സഹായത്തിനായുള്ള നിലവിളി ആരും കേട്ടില്ല.

രാത്രി പത്തുമണിയോടെ ആറ്റില്‍ വെള്ളം വീണ്ടും കുത്തിയൊഴുകി. പിടിച്ചിരുന്ന മരത്തിന്റെ കൊമ്പ് രണ്ടായിപ്പിളര്‍ന്നു. ജോസഫ് പിടിവിട്ടില്ല. കുറ്റാക്കൂരിരുട്ടില്‍ പ്രാര്‍ഥനയോടെ രാത്രി വെളുപ്പിച്ചു. പുലര്‍ച്ചെ സമീപവാസിയായ സ്ത്രീയാണ് ജോസഫിന്റെ വിളികേട്ടത്. ഇവര്‍ അറിയിച്ചതനുസരിച്ച് നാട്ടുകാരും അഗ്‌നിരക്ഷാസേനയുമെത്തി ഇദ്ദേഹത്തെ കരയ്‌ക്കെത്തിക്കുകയായിരുന്നു. പിന്നീട് പുനലൂര്‍ താലൂക്ക് ആശുപത്രിയില്‍ പ്രവേശിപ്പിച്ച ഇദ്ദേഹം വിവരമറിഞ്ഞെത്തിയ ബന്ധുക്കള്‍ക്കൊപ്പം 11 മണിയോടെ വീട്ടിലേക്ക് മടങ്ങി.

Latest