മാധ്യമപ്രവര്‍ത്തകരുടെ അക്രഡിറ്റേഷന്‍ റദ്ദാക്കാനുള്ള വിവാദ സര്‍ക്കുലര്‍ പിന്‍വലിക്കും; പ്രധാനമന്ത്രി വാര്‍ത്താവിതരണ മന്ത്രാലയത്തിന് നിര്‍ദേശം നല്‍കി

ന്യൂഡല്‍ഹി: വ്യാജവാര്‍ത്ത നല്‍കുന്ന മാധ്യമപ്രവര്‍ത്തകരുടെ അംഗീകാരം (അക്രഡിറ്റേഷന്‍) റദ്ദാക്കാമെന്ന സര്‍ക്കുലര്‍ കേന്ദ്രസര്‍ക്കാര്‍ പിന്‍വലിക്കും. ഇത് സംബന്ധിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി വാര്‍ത്താവിതരണ മന്ത്രാലയത്തിനു നിര്‍ദേശം നല്‍കി. ഇത്തരത്തിലുള്ള പരാതികള്‍ പ്രസ് കൗണ്‍സില്‍ കൈകാര്യം ചെയ്താല്‍ മതിയെന്നാണു മോദിയുടെ നിര്‍ദേശം. കേന്ദ്രനിര്‍ദേശത്തിനെതിരെ വിവിധ കോണുകളില്‍നിന്ന് പരാതിയുയര്‍ന്ന സാഹചര്യത്തിലാണ് പ്രധാനമന്ത്രിയുടെ ഇടപെടല്‍. മാധ്യമങ്ങളില്‍ വ്യാജ വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുകയോ പ്രക്ഷേപണം ചെയ്യുകയോ ചെയ്‌തെന്ന് പരാതി ലഭിച്ചാലുടന്‍ പ്രസ് കൗണ്‍സില്‍ ഓഫ് ഇന്ത്യ (പിസിഐ) അല്ലെങ്കില്‍ ന്യൂസ് ബ്രോഡ്കാസ്റ്റേഴ്‌സ് അസോസിയേഷന്‍ (എന്‍ബിഎ) എന്നിവര്‍ക്ക് കൈമാറി ഉപദേശം തേടുന്നതിനാണ് നേരത്തെ നീക്കം നടന്നത്. 15 ദിവസത്തിനുള്ളില്‍ ഇതു സംബന്ധിച്ച റിപ്പോര്‍ട്ട്, സമിതികള്‍ സര്‍ക്കാരിന് തിരികെ നല്‍കണം. റിപ്പോര്‍ട്ട് നല്‍കുന്നതു വരെ ആരോപിതരായ മാധ്യമപ്രവര്‍ത്തകരുടെ അംഗീകാരം മരവിപ്പിക്കുന്ന തരത്തിലായിരുന്നു തീരുമാനം. വ്യാജവാര്‍ത്ത പ്രചരിപ്പിച്ചതായി തെളിഞ്ഞാല്‍ ആറുമാസത്തേക്ക് അംഗീകാരം റദ്ദു ചെയ്യും. ഇതേ മാധ്യമപ്രവര്‍ത്തകര്‍ക്കെതിരെ പിന്നീടൊരിക്കല്‍ പരാതി ലഭിച്ചാല്‍ ഒരു വര്‍ഷത്തേക്കായിരിക്കും അംഗീകാരം റദ്ദാക്കുക. മൂന്നാമതൊരു തവണ കൂടി വ്യാജവാര്‍ത്ത പ്രചരിപ്പിച്ചാല്‍ സ്ഥിരമായി അംഗീകാരം നഷ്ടപ്പെടുമെന്നും സര്‍ക്കുലറില്‍ പറഞ്ഞിരുന്നു.

Top