ഉരുണ്ടു മറിഞ്ഞു നിലത്തു വീണുപോയ എനിക്ക് മുമ്പില്‍ അയാളുടെ ഉദ്ധരിച്ച ലിംഗം കണ്ടു… ഒരു എ സര്‍ട്ടിഫിക്കറ്റ് സിനിമയിലെ കഥയല്ല: ഇത് ‘മി റ്റൂ’വിനും അപ്പുറം അതിജീവിച്ചവളുടെ ഒരു തുറന്നു പറച്ചില്‍..!

#മി റ്റൂ എന്ന ഹാഷ് ടാഗ് തനിക്ക് വെറുമൊരു ഹാഷ് ടാഗ് മാത്രമല്ല എന്ന് തുറന്നു പറയുകയാണ്‌ അരുണിമ ജയലക്ഷ്മി. ഇത് ഒരു എ സര്‍ട്ടിഫിക്കറ്റ് സിനിമയിലെ കഥയല്ല നേരെ മറിച്ച് പീഡനത്തെ അതിജീവിച്ചവളുടെ കരുത്തുറ്റ വാക്കുകള്‍ ആണ്. ഒമ്പതാം ക്ലാസ്സില്‍ പഠിക്കുമ്പോള്‍ തനിക്ക് നേരെ ഉണ്ടായ ലൈംഗിക പീഡനത്തില്‍ നിന്നും രക്ഷപ്പെട്ടതും ആ സംഭവത്തെതുടര്‍ന്ന്‍ തന്റെ ജീവിതത്തില്‍ ഉണ്ടായ ശൂന്യതയും വിഷാദത്തേയും ആണ് അരുണിമ തന്റെ ഫേസ്ബുക്ക് പോസ്റ്റിലൂടെ പുറം ലോകത്തോട്‌ പറഞ്ഞത്.

അന്ന് ആ കരങ്ങളെ അതിജീവിച്ച അതേ പെണ്‍കുട്ടി ഇന്ന് ഇങ്ങനെ പറയുന്നു… ‘ ഇനി ഭയപ്പെടുകയില്ല. നീയെന്നില്‍ കുത്തിനിറച്ച പേടിയും അപകര്‍ഷതയുമെല്ലാം ഞാന്‍ എന്നോട് തന്നെ പടവെട്ടി തൂത്തെറിഞ്ഞിരിക്കുന്നു.’ – ഇതാണ് ആ സന്ദേശം. ഇതു തന്നെയാണ് ഞാനും അവരിലൊരാളാണെന്ന തുറന്നു പറച്ചിലിന്റെ ലക്ഷ്യവും

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

മി റ്റൂ എന്ന ഹാഷ് ടാഗില്‍ തുടക്കം കുറിച്ച കാംപയിന്റെ ഭാഗമായുള്ള അരുണിമ ജയലക്ഷ്മിയുടെ അനുഭവക്കുറിപ്പിന് ഫേസ്ബുക്കില്‍ വന്‍ സ്വീകാര്യതയാണ് ലഭിച്ചത്. ഒമ്പതാം ക്ലാസില്‍ പഠിക്കുന്ന കാലത്ത് ലൈംഗിക പീഡനത്തില്‍ നിന്ന് രക്ഷപ്പെട്ടതും, ആ സംഭവം ജീവിതത്തിലുണ്ടാക്കിയ ശൂന്യതയും ഭയവും വിഷാദവും പോസ്റ്റില്‍ അരുണിമ വിവരിക്കുന്നു. വര്‍ഷങ്ങള്‍ക്കിപ്പുറം താന്‍ അതിജീവിച്ചവളാണെന്ന ശക്തമായ തുറന്ന് പറച്ചിലിലാണ് കുറിപ്പ് അവസാനിക്കുന്നത്

അരുണിമയുടെ ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണ്ണ രൂപം
#Metoo എന്നു മാത്രം എഴുതിയിട്ടിട്ടു പോകാന്‍ മനസ്സ് സമ്മതിക്കുന്നില്ല. വര്‍ഷങ്ങള്‍ക്കു മുമ്പ് ഞാന്‍ നേരിട്ട, പിന്നീടങ്ങോട്ടുള്ള എന്റെ ജീവിതത്തിന്റെ തന്നെ താളം തെറ്റിച്ച ദുരനുഭവത്തിന്റെ ഓര്‍മ്മയാണിത്. ഭയമായും വിഷാദമായും സങ്കടമായും ഇടക്കിടെയെത്തി എന്നെ ഇപ്പോഴും ഭ്രാന്തു പിടിപ്പിക്കുന്ന ദിവസങ്ങളുണ്ട് പിറകില്‍.. സംഭവിച്ചതെല്ലാം അതിന്റെ തീവ്രതയില്‍ തുറന്നു പറയാന്‍ കഴിയാതെ ഒരു പുഴുത്ത വ്രണം പോലെ മനസ്സിലിട്ടു നീറ്റി നടന്ന ഒരു പെണ്‍കുട്ടിയുണ്ട് പിറകില്‍ ..

എന്റെ ഒമ്പതാം ക്ലാസ്സ് കാലം. കാലിക്കറ്റ് യൂണിവേഴ്‌സിറ്റി ക്യാമ്പസ്സില്‍ ഇന്നുള്ളതിനേക്കാള്‍ കട്ടികൂടിയ കാടുണ്ടായിരു അന്ന് .. സ്‌കൂള്‍ ഗ്രൗണ്ടിനെ ചുറ്റിയുള്ള കാട്ടിലൂടെ സ്‌കൂളിലേക്ക് ചെറിയ വെട്ടുവഴികളുണ്ട്. വീട്ടില്‍ നിന്നും വൈകിയിറങ്ങിയ ഒരുദിവസം ആ വഴികളിലൊന്നിലൂടെ ഓടിയിറങ്ങുന്ന എന്നെ ഒരാള്‍ തടഞ്ഞു നിര്‍ത്തുന്നു.. വായ് പൊത്തിപ്പിടിച്ചു കുറ്റിക്കാട്ടിലേക്ക് വലിച്ചിഴക്കുന്നു .. എനിക്ക് ആര്‍ത്തവം ആരംഭിച്ച കാലമായിരുന്നു അത് . ശരീരത്തെ കുറിച്ചും അത് നേരിട്ടേക്കാവുന്ന അതിക്രമങ്ങളെ കുറിച്ചും വലിയ ധാരണയില്ലാത്ത പെണ്‍കുട്ടി, ഒരാള്‍ ഉപദ്രവിക്കാന്‍ ശ്രമിക്കുന്നു എന്ന ബോധത്തില്‍ നിന്നുകൊണ്ട് അവള്‍ക്കാവുംപോലെ ചെറുത്തു..

ഉരുണ്ടു മറിഞ്ഞു നിലത്തു വീണുപോയ എനിക്ക് മുമ്പില്‍ അയാളുടെ ഉദ്ധരിച്ച ലിംഗം കണ്ടു . പ്രണയിക്കുന്ന പുരുഷന്റെയല്ലാതുള്ള ഒരു ലിംഗം എത്രത്തോളം വലിയ വൃത്തികേടാണെന്നു ഇപ്പോഴെനിക്കറിയാം . അന്ന് ജീവിതത്തിലാദ്യമായി ഒരു പുരുഷ ലിംഗം കണ്ട്, അതിന്റെ സ്പര്‍ശത്തെ ഭയന്ന് അറപ്പോടെ പിന്നോട്ട് മറിഞ്ഞു വീണു.. മുടിക്ക് കുത്തിപ്പിടിച്ച് അയാള്‍ എന്നെ എഴുന്നേല്‍ക്കാന്‍ സഹായിച്ചു.. പിടിവലിക്കിടയില്‍ യൂണിഫോമിന്റെ തുന്നലുകള്‍ വിടുന്നതും പിന്നിപ്പോകുന്നതും ഞാന്‍ അറിയുന്നുണ്ടായിരുന്നു. എന്റെ കഴുത്തില്‍ പിടി മുറുകുകയാണ്.. അയാളുടെ കൈകള്‍ എന്റെ പാവാടയുടെ അടിയിലേക്ക് ഇഴയുകയാണ് ( ഇതു വായിക്കുന്നവരില്‍ ആര്‍ക്കെങ്കിലും ഏതെങ്കിലും രീതിയില്‍ പ്രകോപനം ഉണ്ടാവുന്നെങ്കില്‍ ക്ഷമിക്കുക . എനിക്കിതു പറയാതെ വയ്യ. പറയാനുള്ള ആര്‍ജ്ജവത്തിലേക്കു ഞാനെത്തിയത് ഇപ്പോഴാണ് )

അയാളുടെ മുതുകില്‍ ദുര്‍ബലതയുടെ അങ്ങേയറ്റത്തു നിന്നുകൊണ്ടുതന്നെ ഞാന്‍ ആഞ്ഞു കടിച്ചു. ഒരു നിമിഷം അയാള്‍ പിടിവിട്ടതും ഞാനോടി … പിടഞ്ഞോടി രക്ഷപ്പെടുകയായിരുന്നു .. ശരീരം മുഴുവന്‍ നൊന്തിരുന്നു.. രക്തം പൊടിഞ്ഞിരുന്നു..

ആരോടെങ്കിലും പറയാവുന്ന ഒരു കാര്യമല്ലെന്ന് ധരിച്ച് മനസ്സിലിട്ടു കൊണ്ടുനടന്നു… ഭീകരമായ ഇന്‍സെക്യൂരിറ്റി അനുഭവിച്ച കാലം. ഉണര്‍വ്വിലും ഉറക്കത്തിലും ഞെട്ടിക്കൊണ്ടിരുന്ന ദിവസങ്ങള്‍. ചിരിയും വര്‍ത്തമാനവും മുറിഞ്ഞും മാഞ്ഞും പോയി. മനുഷ്യരെ മുഴുവന്‍ പേടിയായി. ഒറ്റക്കിരിക്കാന്‍ മാത്രം ഇഷ്ട്ടപ്പെടുന്ന കുട്ടിയായി… പത്താം ക്ലാസ്സിന്റെ കാല്‍ ഭാഗം വരയെ സ്‌കൂളില്‍ തുടരാനായുള്ളൂ. സഹപാഠികള്‍ക്കിടയില്‍ പോലും ഇരിക്കാന്‍ കഴിയാത്ത വിധത്തിലേക്ക് മാറിപ്പോയി. കൂട്ടുകാര്‍ ഇല്ലാണ്ടായി. തീര്‍ത്തും ഒറ്റയായി.. എന്റെ ക്ലാസ്സിന്റെ മുന്‍വാതില്‍ കടന്ന് എന്റെ ബെഞ്ച് വരെ കുട്ടികള്‍ക്കിടയിലൂടെ നടന്നെത്താന്‍ എനിക്ക് പറ്റുമായിരുന്നില്ല. അപകര്‍ഷതയും ഭയവും വിഷാദവും. ആ കൊല്ലത്തെ SSLC പരീക്ഷ എഴുതിയില്ല . ഡിപ്രഷന്റെ ഏറ്റവും മാരകമായ ഒരു വേര്‍ഷന്‍ അനുഭവിച്ചുകൊണ്ട് വീട്ടിലെ ഒരു മുറിക്കുള്ളിലായിരുന്നു ഞാന്‍ .

പിന്നീട് നിരന്തരമായ കൗണ്‍സിലിംഗുകള്‍.. മരുന്നുകള്‍ .. എന്നെ മറികടന്നു പോകുന്നവരില്‍ ആ മനുഷ്യന്റെ മുഖം മാത്രം തിരഞ്ഞുകൊണ്ടേയിരുന്നു.

കോളേജ് കാലം അവസാനിക്കും വരെയും വലിയ മാനസിക പ്രശ്‌നങ്ങള്‍ ഉണ്ടായിക്കൊണ്ടിരുന്നു. സഭാകമ്പവും ആള്‍ക്കൂട്ടത്തോടുള്ള ഭയവും ഒരു മാറാ വ്യാധിപോലെ ഈയടുത്ത കാലം വരെയും എനിക്കൊപ്പം ഉണ്ടായിരുന്നു.

പിജി ചെയ്യാന്‍ വീണ്ടും കാലിക്കറ്റ് യൂണിവേഴ്‌സിറ്റി ക്യാമ്പസ്സില്‍ എത്തിയപ്പോള്‍ ആ പഴയ വഴികളിലൂടെ ഞാന്‍ നടന്നുകൊണ്ടിരുന്നു . ഇപ്പോഴും ഞാന്‍ തിരഞ്ഞെടുക്കാറ് ആ വഴിയാണ്. ആ വഴിയില്‍ അയാളെ വെട്ടിനുറുക്കുന്ന ചിലപ്പോള്‍ വെടിവെച്ചു വീഴ്ത്തുന്ന എന്നെ ഇതിനകം എത്രയോ തവണ ഞാന്‍ കണ്ടിരിക്കുന്നു …

ഭ്രാന്തിന്റെയും വിഷാദത്തിന്റെയും ചുഴികള്‍ എന്നില്‍ തുടങ്ങിവെച്ച അജ്ഞാതാ.., എന്റെ കൗമാര ദശയുടെ പുള്ളിച്ചിറകുകള്‍ അരിഞ്ഞുകളഞ്ഞവനെ.., ഞാനിന്നു ആ പഴയ പെണ്‍കുട്ടിയല്ല. നിന്നെയെനിക്ക് കാണുകയും വേണ്ട . പകയല്ല , പകരം പുച്ഛമാണ്. ഇനി ഭയപ്പെടുകയുമില്ല. നീയെന്നില്‍ കുത്തിനിറച്ച പേടിയും അപകര്‍ഷതയുമെല്ലാം ഞാന്‍ എന്നോട് തന്നെ പടവെട്ടി തൂത്തെറിഞ്ഞിരിക്കുന്നു.. വേദനയുടെ കാലത്ത് എന്നെ വിടാതെ ചേര്‍ത്ത് നിര്‍ത്തിയ ചുരുക്കം പേരുണ്ട് .. അച്ഛന്‍ , അമ്മ , ചേച്ചി , ബാലകൃഷ്ണന്‍ ഡോക്ടര്‍, എന്റെ സഭാകമ്പം പൊടിക്കൈ മരുന്ന് തന്നു മാറ്റിയ രാജന്‍ ഡോക്ടര്‍ … സ്‌നേഹത്തിന്റെ ആ കൈകള്‍ക്കു ഒരു നൂറുമ്മകള്‍ .

Top