തെറ്റു പറ്റിയെന്ന് രാജന്‍ ബാബു: താനിപ്പോഴും യുഡിഎഫിന്റെ കൂടെ

കൊച്ചി: വെളളാപ്പളളിക്കൊപ്പം ആലുവ പൊലീസ് സ്റ്റേഷനില്‍ ജാമ്യം എടുക്കാന്‍ പോയ രാജന്‍ ബാബു തനിക്ക് തെറ്റു പറ്റി പോയെന്നും വെളളാപ്പളളിക്കൊപ്പം പോയത് ഒഴിവാക്കാമായിരുന്നുവെന്ന് പിന്നീട് തോന്നിയതായി  പറഞ്ഞു. താനിപ്പോഴും യുഡിഎഫിന്റെ കൂടെതന്നെയാണെന്നും രാജന്‍ബാബു പറഞ്ഞു. വെളളാപ്പളളിയുടെ പാര്‍ട്ടിയോടുളള യുഡിഎഫ് നിലപാട് വ്യക്തമാക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

വെള്ളാപ്പള്ളിക്ക് ജാമ്യമെടുക്കാന്‍ പോയ ജെഎസ്എസ് നേതാവ് രാജന്‍ബാബുവിന്റെ നടപടിയെ വിമര്‍ശിച്ച് യുഡിഎഫിലെ പ്രമുഖ നേതാക്കള്‍ രംഗത്തു വന്നിരുന്നു. രാജന്‍ ബാബുവിന്റെ നടപടി ന്യായീകരിക്കാനാകില്ലെന്ന് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി വ്യക്തമാക്കിയിരുന്നു. പൊതുജീവിതത്തിലും രാഷ്ട്രീയത്തിലും പാലിക്കേണ്ട മിതത്വമുണ്ട്. രാജന്‍ബാബുവിന് അതില്‍ വീഴ്ച പറ്റി. ഘടകകക്ഷികളുമായി കൂടിയാലോചിച്ച് രാജന്‍ബാബുവിനെതിരെ നടപടി സ്വീകരിക്കുമെന്നും മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി വ്യക്തമാക്കിയിരുന്നു.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

രാജന്‍ ബാബുവിന്റെ നടപടി ശരിയായില്ലെന്നും ഇക്കാര്യത്തില്‍ യുഡിഎഫ് നേതൃത്വവുമായി ആലോചിച്ച് നടപടി എടുക്കുമെന്നായിരുന്നു യുഡിഎഫ് കണ്‍വീനര്‍ പി പി തങ്കച്ചന്റെ പ്രതികരണം. ഇക്കാര്യത്തില്‍ മറ്റു ഘടകകക്ഷികളുമായും, നേതാക്കളുമായും ആലോചിച്ച് വേണ്ട നടപടികള്‍ കൈക്കൊള്ളുമെന്നും തങ്കച്ചന്‍ വ്യക്തമാക്കിയിരുന്നു. രാജന്‍ ബാബുവിനെതിരെ കെപിസിസി പ്രസിഡന്റ് വിഎം സുധീരനും രംഗത്ത് വന്നിരുന്നു. രാജന്‍ ബാബു നിലപാട് വ്യക്തമാക്കണമെന്ന് സുധീരന്‍ ആവശ്യപ്പെട്ടു.വെള്ളാപ്പള്ളിയെ സഹായിക്കുന്ന എ എന്‍ രാജന്‍ ബാബുവിനെ യു ഡിഎഫില്‍ നിന്ന് പുറത്താക്കണമെന്ന് യൂത്ത് കോണ്‍ഗ്രസും ആവശ്യപ്പെട്ടു. യുഡിഎഫിന്റെ ചെലവില്‍ വെള്ളാപ്പള്ളിയെ സംരക്ഷിക്കാനാണ് രാജന്‍ ബാബു ശ്രമിക്കുന്നത്. ഇതിന് അനുവദിക്കരുത് എന്നും യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന പ്രസിഡന്റ് ഡീന്‍ കുര്യാക്കോസ് പറഞ്ഞു.

വെള്ളാപ്പള്ളിയുടെ അഭിഭാഷകനായി പ്രവര്‍ത്തിക്കുന്ന ഒരാള്‍ക്ക് എങ്ങനെയാണ് യുഡിഎഫില്‍ നില്‍ക്കാനാവുക എന്നും സുധീരന്‍ ചോദിച്ചു. വെള്ളാപ്പള്ളി പുതുതായി രൂപികരിച്ച പാര്‍ട്ടിയുടെ ഭരണഘടന തയ്യാറാക്കുന്നത് എ.എന്‍ രാജന്‍ബാബുവാണെന്നും അത് ശരിയായ നടപടിയല്ലെന്ന് യുഡിഎഫിനകത്ത് ചര്‍ച്ച ഉയര്‍ന്നിരുന്നു.എന്നാല്‍ വെളളാപ്പളളിയുമായി രാഷ്ട്രീയ ബന്ധങ്ങളില്ലെന്നും തന്റെ ജോലിയുടെ ഭാഗമായുളള കാര്യങ്ങള്‍ മാത്രമേ ചെയ്യുന്നുളളുവെന്നും രാജന്‍ ബാബു പ്രതികരിച്ചിരുന്നു.

ആര്‍എസ്എസുമായി ബന്ധപ്പെടാനുളള മധ്യവര്‍ത്തിയായി രാജന്‍ ബാബുവിനെ ഉമ്മന്‍ചാണ്ടി സംരക്ഷിക്കുകയാണെന്ന് സിപിഐഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണനും ആരോപിച്ചിരുന്നു.

Top