ശിരോവസ്ത്രം ധരിക്കുന്നതിന് വന്‍ തുക പിഴ ഈടാക്കണം: ജസ്റ്റിസ് മര്‍കണ്‌ഠേയ കട്ജുവിന്റെ ട്വീറ്റിനെതിരെ വന്‍ പ്രതിഷേധം

ന്യൂഡല്‍ഹി: ഇന്ത്യയില്‍ ശിരോവസ്ത്രം നിരോധിക്കണമെന്ന് മുന്‍ സുപ്രീം കോടതി ചീഫ് ജസ്റ്റിസ് മര്‍കണ്‌ഠേയ കട്ജു. ഫ്രാന്‍സില്‍ നടപ്പിലാക്കിയത് പോലെ ഇവിടെയും നിരോധനം നടപ്പിലാക്കണമെന്നാണ് കട്ജു ആവശ്യപ്പെട്ടത്. ആവശ്യം വലിയ ചര്‍ച്ചകള്‍ക്ക് വഴിവച്ചിരിക്കുകയാണ്.

ശിരോവസ്ത്രം ധരിക്കുന്നത് വന്‍ തുക പിഴ ശിക്ഷ ലഭിക്കാവുന്ന തരത്തിലുള്ള ക്രിമിനല്‍ കുറ്റമാക്കണം. ശിരോവസ്ത്രം ധരിക്കുന്നത് കൊണ്ട് സ്ത്രീകള്‍ക്ക് ഒരുവിധത്തിലുള്ള സ്വാതന്ത്ര്യവും നല്‍കുന്നില്ലെന്നും അദ്ദേഹം ട്വീറ്റ് ചെയ്തു. എന്നാല്‍ സ്ത്രീകള്‍ക്ക് അമിത സ്വാതന്ത്ര്യം നല്‍കുന്നത് അപകടകരമാണെന്നും അദ്ദേഹം ട്വിറ്ററില്‍ കുറിച്ചു. അമിത സ്വാതന്ത്ര്യം അപകടമാണെന്ന അദ്ദേഹത്തിന്റെ പരാമര്‍ശം ഒരു വിഭാഗം സോഷ്യല്‍ മീഡിയ ഉപഭോക്താക്കളുടെ പ്രതിഷേധത്തിനും കാരണമായി.

ശിരോവസ്ത്രം സ്ത്രീകളുടെ സ്വാതന്ത്ര്യത്തിന് വിഘാതമാണെന്ന വാദവും സ്ത്രീകള്‍ക്ക് അമിത സ്വാതന്ത്ര്യം നല്‍കുന്നത് അപകടകരമാണെന്ന വാദവും ഒരുമിച്ച് പോകില്ലെന്നാണ് മിക്കവരുടെയും അഭിപ്രായം. എന്ത് ധരിക്കണമെന്ന് ഒരാളെ നിര്‍ബന്ധിക്കുന്നത് വ്യക്തിസ്വാതന്ത്ര്യത്തിന് നേരെയുള്ള കടന്ന് കയറ്റമാണെന്ന് വാദിക്കുന്നവരുമുണ്ട്. ശിരോവസ്ത്രം നിരോധിക്കണമോ വേണ്ടയോ എന്നത് ചര്‍ച്ചാ വിഷയമാക്കാമെങ്കിലും സ്ത്രീകള്‍ക്ക് നല്‍കുന്ന സ്വാതന്ത്ര്യം അപകടകരമാണെന്ന വാദം തെറ്റാണെന്നും ചിലര്‍ കമന്റ് ചെയ്യുന്നു.

Latest
Widgets Magazine