പാടിത്തകര്‍ത്ത് ബീബര്‍; പരിപാടി അത്ര പോരെന്ന് താരങ്ങള്‍. വെറുതെ സമയം കളഞ്ഞുവെന്നാണ് സൊണാലി

പോപ് സംഗീതത്തിന്‍റെ മാജിക് കിഡ് ജസ്റ്റിന്‍ ബീബറുടെ മുംബൈയിലെ ഷോ ആയിരക്കണക്കിന് ആരാധകര്‍ക്ക് ആവേശമായപ്പോള്‍ ചില ബോളിവുഡ് താരങ്ങള്‍ക്ക് പരിപാടി അത്ര ബോധിച്ചില്ല. സൊണാലി ബിന്ദ്രെ, ബിപാഷ ബസു തുടങ്ങിയ താരങ്ങളാണ് പരിപാടിയില്‍ അതൃപ്തി രേഖപ്പെടുത്തി രംഗത്തെത്തിയത്. ഇവരെക്കൂടാതെ ശ്രീദേവി, ആലിയാ ഭട്ട്, മലൈക്ക അറോറ, ജാക്വിലിന്‍ ഫെര്‍ണാണ്ടസ്, അര്‍ബാസ് ഖാന്‍, അര്‍ജുന്‍ ബില്ലാനി തുടങ്ങിയ നിരവധി താരങ്ങളും പരിപാടിയില്‍ പങ്കെടുക്കാനെത്തിയിരുന്നു.

കുടുംബത്തോടൊപ്പമാണ് സൊണാലി പരിപാടിയില്‍ പങ്കെടുത്തത്. വെറുതെ സമയം കളഞ്ഞുവെന്നാണ് സൊണാലിയുടെ അഭിപ്രായം. വളരെ നിരാശയോടെയാണ് താന്‍ ഡിവൈ പാട്ടീല്‍ സ്റ്റേഡിയം വിട്ടതെന്നും താരം പറഞ്ഞു. ബിപാഷ ബസുവും ഭര്‍ത്താവ് കരണ്‍ സിംഗ് ഗ്രോവറും പരിപാടി തുടങ്ങി അല്‍പ്പസമയത്തിനുള്ളില്‍ തന്നെ സ്റ്റേഡിയം വിട്ടു. ഇത്രയും വലിയ ജനക്കൂട്ടത്തെ പ്രതീക്ഷിച്ചില്ലെന്നും ആവശ്യമായ നിര്‍ദേശങ്ങള്‍ നല്‍കാന്‍ ആരും ഇല്ലായിരുന്നുവെന്നും ബിപാഷ പറഞ്ഞു. മതിയായ സുരക്ഷിതത്വം കിട്ടിയില്ല. അതിനാലാണ് തിരിച്ചു പോകാന്‍ തീരുമാനിച്ചതെന്നും ബിപാഷ വ്യക്തമാക്കി.അതേസമയം, ഇന്ത്യന്‍ ആരാധകരെ അഭിനന്ദിച്ച് ജസ്റ്റിന്‍ ബീബര്‍ രംഗത്തെത്തി. ഇന്ത്യയിലേക്ക് ഇനിയും വരാന്‍ താത്പര്യം ഉണ്ടെന്നും എല്ലാവര്‍ക്കും നന്ദിപറയുന്നുവെന്നും താരം അറിയിച്ചു.

Latest
Widgets Magazine