കെ.സുരേന്ദ്രന്റെ അറസ്റ്റ് മഞ്ചേശ്വരത്ത് നേട്ടമാക്കി മാറ്റാൻ ബിജെപി: മഞ്ചേശ്വരം ഉപതിരഞ്ഞെടുപ്പിൽ ബലിദാനി പരിവേഷവുമായി സുരേന്ദ്രൻ: മണ്ഡലകാലം കഴിയും വരെ ജാമ്യം എടുക്കേണ്ടെന്ന് ബിജെപി

സ്വന്തം ലേഖകൻ
പത്തനംതിട്ട: ശബരിമല സന്നിധാനത്തു നിന്നും ബലിദാനി പരിവേഷത്തോടെ മഞ്ചേശ്വരം ഉപതിരഞ്ഞെടുപ്പിൽ മിന്നുംതാരമാകാനൊരുങ്ങി ബിജെപി നേതാവ് കെ.സുരേന്ദ്രൻ. ശബരിമലയിൽ നിന്നും പൊലീസ് അറസ്റ്റ് ചെയത് റിമാൻഡിൽ അടച്ച സുരേന്ദ്രൻ മണ്ഡലകാലം മുഴുവൻ ജയിലിൽ കഴിയാനുള്ള തന്ത്രമാണ് ബിജെപി അണിയറയിൽ ഒരുക്കുന്നത്. സാധിക്കുമെങ്കിൽ മണ്ഡല മകരവിളക്ക് സീസൺ മുഴുവനും സുരേന്ദ്രനെ തടവിൽ പാർപ്പിക്കുന്നതിനാണ് പൊലീസ് തയ്യാറെടുപ്പ് നടത്തുന്നത്. എന്നാൽ, പൊലീസ് നീക്കത്തിന് ഒപ്പം ജാമ്യത്തിന് കാര്യമായ ശ്രമം ബിജെപിയിൽ നിന്നും ഉണ്ടാകില്ല. ഇത്തരത്തിൽ തടവിൽ കഴിയേണ്ടി വന്നാൽ ബലിദാനി പരിവേഷത്തോടെയാവും സുരേന്ദ്രൻ പറത്ത് വരിക. ഇത് ബിജെപിയ്ക്കും സംഘപരിവാറിനും രാഷ്ട്രീയ നേട്ടമായി മാറുകയും ചെയ്യും. മഞ്ചേശ്വരം നിയോജക മണ്ഡലത്തിൽ ഉപതിരഞ്ഞെടുപ്പ് നടക്കാനിരിക്കെ സുരേന്ദ്രനെ കൂടുതൽ ഊർജമുള്ള നേതാവാക്കി മാറ്റിയെടുക്കാനാണ് സംഘപരിവാർ ഇക്കുറി ലക്ഷ്യമിടുന്നത്. ഇതിനു സാധിച്ചാൽ ഇതുവഴി കേരളത്തിൽ രാഷ്ട്രീയ നേട്ടമുണ്ടാക്കാനാവുമെന്നും ബിജെപി കണക്ക് കൂട്ടുന്നു. ഇത് തന്നെയാണ് ആർഎസ്എസും ബിജെപിയും ലക്ഷ്യമിടുന്നതും. ഈ കെണിയിൽ പിണറായി വിജയൻ വീണാൻ വൻ രാഷ്ട്രീയ നേട്ടമാവും ഇക്കുറി പാർലമെന്റ് തിരഞ്ഞെടുപ്പിൽ ബിജെപിയ്ക്ക് ലഭിക്കുക.
പത്തനംതിട്ട ജില്ലയിലെ റാന്നി ജുഡീഷ്യൽ മജിസ്‌ട്രേറ്റ് കോടതിയിൽ പൊലീസ് സമർപ്പിച്ച റിമാൻഡ് റിപ്പോർട്ടിലാണ് സുരേന്ദ്രനെതിരായ കുറ്റങ്ങൾ എണ്ണിയെണ്ണി പറഞ്ഞിരിക്കുന്നത്. ഇതോടെ സുരേന്ദ്രൻ മണ്ഡല കാലം മുഴുവൻ റിമാൻഡിൽ കഴിയേണ്ടി വരുമെന്നാണ് സൂചന ലഭിച്ചിരിക്കുന്നത്. നിലക്കൽ പൊലീസ് സ്റ്റേഷനിലെ സ്റ്റേഷൻ ഹൗസ് ഓഫിസർ എസ്.ഐ ബി.വിനോദ്കുമാറാണ് റിമാൻഡ് റിപ്പോർട്ട് കോടതിയിൽ സമർപ്പിച്ചിരിക്കുന്നത്.
പൊലീസ് റിപ്പോർട്ട് പ്രകാരം സുരേന്ദ്രനും അഞ്ചംഗ സംഘവുമാണ് ശബരിമലയിലേയ്ക്ക് പോകാനെത്തിയത്. നിലയ്ക്കൽ കെ എസ് ആർ ടി സി ബസ് സ്റ്റാൻഡിന് സമീപത്ത് വച്ച് ഇവരെ കണ്ട താൻ മടങ്ങിപ്പോകണമെന്ന് ആവശ്യപ്പെട്ടതായി എസ്.ഐ ആവശ്യപ്പെട്ടു. എന്നാൽ, ഇതിനു തയ്യാറാകാതെ സുരേന്ദ്രനും സംഘവും ഇവരെ തള്ളിമാറ്റി മുന്നോട്ട് കടന്നു പോകാൻ ശ്രമിക്കുകയായിരുന്നുവെന്നാണ് റിമാൻഡ് റിപ്പോർട്ട്. ഇതേ തുടർന്നാണ് പൊലീസ് നേരിയ ബലം പ്രയോഗിച്ച് സുരേന്ദ്രനെയും സംഘത്തെയും അറസ്റ്റ് ചെയ്തതെന്ന് റിമാൻഡ് റിപ്പോർട്ട് വ്യക്തമാക്കുന്നു. സുരേന്ദ്രനെ കസ്റ്റഡിയിൽ എടുത്തതോടെ ഒപ്പമുണ്ടായിരുന്ന രണ്ടു പേർ ഓടിരക്ഷപെട്ടതായും റിമാൻഡ് റിപ്പോർട്ടിൽ വ്യക്തമാക്കുന്നുണ്ട്.
തുലാമാസ പുജകൾക്കായി സന്നിധാനത്ത് നട തുറന്നപ്പോഴും, ചിത്തിര ആട്ടവിശേഷത്തിനായി നടതുറന്നപ്പോഴും സന്നിധാനത്ത് സുരേന്ദ്രന്റെ നേതൃത്വത്തിലാണ് അക്രമം നടത്തിയതെന്നാണ് റിമാൻഡ് റിപ്പോർട്ടിൽ പറയുന്നത്. ഈ സാഹചര്യത്തിൽ സന്നിധാനത്ത് വീണ്ടും സുരേന്ദ്രനെത്തിയാൽ കലാപ സാധ്യതയുണ്ടെന്ന് റിപ്പോർട്ടിൽ സൂചനയുണ്ട്. ഈ സാഹചര്യത്തിലാണ് സുരേന്ദ്രനെ കസ്റ്റഡിയിലെടുത്ത് തടങ്കലിൽ വയ്ക്കാൻ പൊലീസ് കോടതിയോട് ആവശ്യപ്പെട്ടത്. പൊലീസിന്റെ ഈ റിപ്പോർട്ട് അംഗീകരിച്ച കോടതി സുരേന്ദ്രനെ തടങ്കലിൽ വയ്ക്കുകയായിരുന്നു. റിമാൻഡിൽ പോയതോടെ സുരേന്ദ്രനെ ഇനി മണ്ഡലകാലം മുഴുവൻ ജയിലിൽ അടയ്ക്കാനാവും പൊലീസ് ശ്രമിക്കുക.
ശബരിമലയിൽ അയ്യപ്പ കർമ്മസമിതിയുടെ നേതാവായ രാഹുൽ ഈശ്വറിന് പമ്പയിൽ പോലും കയറാനാവാത്ത സ്ഥിതിയുണ്ടാക്കിയത് കേരള പൊലീസായിരുന്നു. ഈ കേരള പൊലീസ് തന്നെയാണ് ഇപ്പോൾ കെ.സുരേന്ദ്രനെയും പൂട്ടിയിരിക്കുന്നത്. കെ.സുരേന്ദ്രൻ ഇനി കോടതിയിൽ നിന്നും ജാമ്യത്തിലിറങ്ങിയാൽ തന്നെ പത്തനംതിട്ട ജില്ലയിൽ പ്രവേശിക്കരുതെന്ന വിലക്ക് നേടിയെടുക്കാനുള്ള ശ്രമമാണ് പൊലീസ് നടത്തുന്നത്. കോടതിയിൽ നിന്നും ഇത്തരത്തിൽ വിലക്ക് നേടിയെടുക്കാനായാൽ സുരേന്ദ്രനെയും സംഘത്തെയും പമ്പയിലുണ്ടാക്കുന്ന പ്രശ്‌നങ്ങളിൽ നിന്നും ഒരു പരിധി വരെ തടയാൻ സാധിക്കുമെന്നും പൊലീസ് പ്രതീക്ഷിക്കുന്നുണ്ട്. ഇതിനുള്ള സൂചനകളെല്ലാം റിമാൻഡ് റിപ്പോർട്ടിൽ പൊലീസ് നൽകിയിട്ടുണ്ട്.
Latest
Widgets Magazine