കബാലി ഡാ..! തമിഴ്‌നാട്ടിൽ 22 നു സ്‌കൂളുകൾക്ക് അവധി..

സിനിമാ ലേഖകൻ

ജൂലൈ 22. രജനി ഫാൻസ് മാത്രമല്ല, സിനിമ പ്രേമികളും അല്ലാത്തവരും ആകാംക്ഷയോടെ കാത്തിരിക്കുന്ന ദിവസം. രജനികാന്തിന്റെ 159ാമത്തെ ചിത്രമായ കബാലിയുടെ റിലീസാണ് അന്ന്. ചിത്രത്തിൽ അധോലോക നായകന്റെ വേഷമാണ് സ്‌റ്റൈൽമന്നൻ കൈകര്യം ചെയ്യുന്നതെന്നാണ് റിപ്പോർട്ട്.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

1994ൽ ഇറങ്ങിയ ബാഷയ്ക്കു ശേഷം രജനികാന്ത് അധോലോക നായകനാകുന്ന ചിത്രമെന്ന പ്രത്യേകത കബാലിക്കുണ്ട്. രജനികാന്തിന്റെ മകൾ സൗന്ദര്യയാണ് കബാലിയുടെ കഥ അദ്ദേഹത്തോട് പറയുന്നത്. രണ്ടു കഥകൾ പറഞ്ഞിരുന്നുവെങ്കിലും കബാലിയുടെ കഥയാണ് രജനികാന്തിന് ഇഷ്ടപ്പെട്ടത്. ചിത്രത്തിന്റെ കഥയെ സംബന്ധിച്ച് നിരവധി അഭൃുഹങ്ങളാണ് പ്രചരിക്കുന്നത്. ചിത്രത്തിന്റെ പ്രധാനപ്പെട്ട ഭാഗങ്ങളെല്ലാം മലേഷ്യയിലാണ് ചിത്രീകരിച്ചിരിക്കുന്നത്.

കബാലി ലോകത്താകമാനമുള്ള 12,000 സ്‌ക്രീനുകൽലാണ് റിലീസ് ചെയ്യുന്നത്. തിയറ്ററുകളിൽ മാത്രമല്ല, ഫൈവ് സ്റ്റാർ ഹോട്ടലുകളിൽ വരെ ചിത്രം റിലീസ് ചെയ്യുന്നുണ്ട്. ബംഗളൂരുവിലുള്ള ചില ഹോട്ടലുകാരാണ് ചിത്രം റിലീസ് ചെയ്യാൻ അനുമതി നേടിയിരിക്കുന്നത്. വെള്ളിയാഴ്ച മുതൽ മൂന്നു ദിവസത്തേക്ക് ചിത്രം ഇവിടെ പ്രദർശിപ്പിക്കും. 1300 രൂപയാണ് ടിക്കറ്റ് നിരക്ക്. ഇന്ത്യക്കു പുറമെ അമേരിക്ക, ജപ്പാൻ, മലേഷ്യ, യുറോപ്പ്, ന്യൂസിലാൻഡ്, ചൈന തുടങ്ങി നിരവധി രാജ്യങ്ങളിലും സിനിമ റിലീസ് ചെയ്യുന്നുണ്ട്.

തമിഴ്‌നാട്ടിൽ 4000 സ്‌ക്രീനുകളിലാണ് കബാലി റിലീസ് ചെയ്യുന്നത്. പുലർച്ചെ ഒന്നിന് ആരാധകർക്കായി ആദ്യത്തെ ഷോ നടത്തും. അടുത്ത ഷോ നാലിന്. ടിക്കറ്റുകൾ ജൂലൈ 15 മുതൽ ബുക്ക് ചെയ്യാൻ സൗകര്യമുണ്ടായിരുന്നുവെങ്കിലും ഒരാഴ്ചത്തേക്കുള്ള ടിക്കറ്റ് മണിക്കൂറുകൾക്കുള്ളിലാണ് വിറ്റ് തീർന്നത്. ഇന്ത്യയിൽ മാത്രമല്ല അമേരിക്കയിലും സമാന സ്ഥിതിയാണുള്ളത്. ടിക്കറ്റുകൾക്ക് 120 രൂപയിൽ കൂടുതൽ വാങ്ങരുതെന്നാണ് തമിഴ്‌നാട് സർക്കാർ നൽകിയിരിക്കുന്ന നിർദ്ദേശം. എന്നാൽ കരിഞ്ചന്തക്കാർക്ക് ഈ നിർദ്ദേശങ്ങൾ ബാധകമല്ലല്ലോ? ആയിരം രൂപമുതലാണ് കരിഞ്ചന്തയിൽ ടിക്കറ്റ് വില. കേരളത്തിൽ ഈ തുക കുറച്ച് കുറയുമെന്ന് കരുതാം.

ചെന്നൈയിലേയും ബംഗളൂരുവിലേയും കമ്പനികൾ വലിയ ഒരു പ്രതിസന്ധിയാണ് വെള്ളിയാഴ്ച നേരിടാൻ പോകുന്നത്. കമ്പനിയിലെ വലിയ വിഭാഗം ജീവനക്കാരും വെള്ളിയാഴ്ച അവധിക്ക് അപേക്ഷിച്ചിരിക്കുകയാണ്. ഇതുമാത്രമല്ല ബാക്കിയുളള എത്ര ജീവനക്കാർ ‘അനാരോഗ്യം’ കാരണം വരാതിരിക്കുമെന്ന് ഒരു നിശ്ചയവുമില്ല. ‘ആദ്യ ദിവസം കണ്ടില്ലെങ്കിൽ പിന്നെ എന്ത്’ എന്ന ചോദ്യമാണ് വിവിധ കമ്പനിയിലെ ജീവനക്കാർക്ക് സോഷ്യൽ മീഡിയയിൽ പങ്കുവയ്ക്കുന്നത്. ഈ പ്രതിസന്ധി മുന്നിൽ കണ്ട് വെള്ളിയാഴ്ച കമ്പനിക്ക് മൊത്തം അവധി നൽകിയിരിക്കുകയാണ് ചില ബിസിനസ് ഗ്രൂപ്പുകൾ. മാത്രമല്ല, ജീവനക്കാർ സൗജന്യമായി ടിക്കറ്റും! തമിഴ്‌നാട്ടിലെ സ്‌കൂളുകൾക്ക് വെള്ളിയാഴ്ച സർക്കാർ അവധി പ്രഖ്യാപിച്ചിരിക്കുകയാണ്. എന്തുകണ്ടാലും അനുകരിക്കുന്ന മലയാളികൾ ഈ വഴിയും ഒന്ന് അനുകരിച്ചിരുന്നുവെങ്കിൽ…

രജനികാന്തിനെക്കുറിച്ച് എന്തു പറഞ്ഞാലും അത് അൽപം അതിശയോക്തിയാണെന്ന് തോന്നാറുണ്ട്. കബാലിയുടെ റിക്കാർഡുകളെക്കുറിച്ച് പറയുമ്പോഴും അത് തോന്നും. വസ്ത്രാലങ്കാരത്തിന് മാത്രം ഒരു കോടിരൂപയിലധികം ചെലവായെന്നാണ് റിപ്പോർട്ട്. യൂട്യൂബിൽ ഇതുവരെ രണ്ടു കോടി അറുപത് ലക്ഷത്തിലധികം പേരാണ് കബാലിയുടെ ടീസർ കണ്ടത്. ചിത്രത്തിന്റെ വിതരണാവകാശം വിറ്റുപോയതും റിക്കാർഡ് തുകയ്ക്കാണ്. മലയാളത്തിൽ കബാലിയുടെ വിതരണാവകാശം നേടിയിരിക്കുന്നത് മാക്‌സ് ലാബാണ്. 8.5 കോടിരൂപയ്ക്കാണ് ഇവർ ചിത്രം വാങ്ങിയതെന്നാണ് റിപ്പോർട്ട്. ചിത്രം റിലീസ് ചെയ്യുന്നതിനു മുമ്പുതന്നെ 200 കോടിയിലധികം രൂപ കബാലി നേടി.

മലയാള സിനിമയുടെ പരസ്യം ട്രെയിനുകളിൽ പ്രദർശിപ്പിക്കാൻ തുടങ്ങിയിട്ട് അധികം നാളുകളായില്ല. എന്നാൽ കബാലിയുടെ പരസ്യം വിമാനത്തിൽവരെ പ്രദർശിപ്പിച്ചിട്ടുണ്ട്. കബാലിയുടെ ഔദ്യോഗിക പാർട്ട്ണർമാരായ എയർ ഏഷ്യ ‘ഫ്‌ളൈ ലൈക്ക് എ സൂപ്പർസ്റ്റാർ’ എന്ന പദ്ധതിയും അവതരിപ്പിച്ചിട്ടുണ്ട്. ഈ ഓഫറിൽ ബംഗളൂരു, ഡൽഹി എന്നീ സ്ഥലങ്ങളിലേക്കുള്ള ഫ്‌ളൈറ്റ് ടിക്കറ്റിന് 786രൂപയായിരുന്നു. ജൂൺ 27 മുതൽ ജൂലൈ മൂന്നുവരെ ടിക്കറ്റ് ബുക്ക് ചെയ്യാൻ സൗകര്യമുണ്ടായിരുന്നു. കബാലിയുടെ പോസ്റ്റർ പതിച്ച വിമാനവും എയർ ഏഷ്യ ഒരുക്കിയിട്ടുണ്ട്. എയർടെൽ മൊബൈൽ കമ്പനി കബാലി സിം എന്ന പേരിൽ മൊബൈൽ കണക്ഷനും പുറത്തിറിക്കിയിരുന്നു.

റിലീസിംഗിന്റെ തൊട്ടുമുമ്പ് കബാലിയുടെ വ്യാജ പതിപ്പ് ഇറങ്ങിയെന്ന റിപ്പോർട്ട് ചെറിയ ആശങ്ക ചിത്രത്തിന്റെ അണിയറ പ്രവർത്തകരിൽ ഉണ്ടാക്കിയെങ്കിലും അവരും പ്രതീക്ഷയിലാണ്. തന്റെതായ സ്‌റ്റൈലുകളാണ് രജനികാന്തിന് ഇത്രയുമധികം ആരാധകരെ നേടിക്കൊടുത്തത്. എല്ലാ സിനിമയിലും ഒരു രജനി സ്‌റ്റൈൽ കാണും. കബാലിയിൽ എന്ത് അദ്ഭുതമാണുള്ളതെന്ന ആകാംക്ഷയിലാണ് ആരാധകരും പ്രേക്ഷകരും. മാസ് എൻട്രിയും കിടു ലുക്കും പഞ്ച് ഡയലോഗുമായി ആകെയൊരു കൊലമാസ് പടമാവും കബാലിയെന്നാണ് ‘ബ്രോ’സിന്റെ പ്രതീക്ഷ.

Top