ജൂവലറിയില്‍ വന്‍ കവര്‍ച്ച; നഷ്ടപ്പെട്ടത് 220 പവന്‍ സ്വര്‍ണം

കല്ലാച്ചി ടൗണില്‍ ജൂവലറിയുടെ പിന്‍ഭാഗത്തെ ചുമര്‍ കുത്തിത്തുരന്ന് വന്‍ കവര്‍ച്ച. വാണിമേല്‍ റോഡില്‍ പഴങ്കൂട്ടത്തില്‍ കേളുവിന്റെ ഉടമസ്ഥതയിലുള്ള റിന്‍സി ജൂവലറിയില്‍നിന്ന് 220 പവന്‍ സ്വര്‍ണാഭരണവും (ഒന്നേമുക്കാല്‍ കിലോഗ്രാം) മൂന്നരലക്ഷം രൂപയും ആറുകിലോ വെള്ളി ആഭരണങ്ങളുമാണ് മോഷണം പോയത്. ജൂവലറിയുടെ പിന്‍ഭാഗത്തെ ചുമര്‍ തുരന്നാണ് മോഷ്ടാക്കള്‍ അകത്തുകടന്നതെന്ന് കരുതുന്നു.ചുമര്‍ തുരക്കാനുപയോഗിച്ച കമ്പിപ്പാര ഉള്‍പ്പെടെയുള്ള ആയുധങ്ങള്‍ സ്ഥലത്ത് ഉപേക്ഷിക്കപ്പെട്ടനിലയില്‍ കണ്ടെത്തി. രാത്രിയിലാണ് മോഷണം നടന്നതെന്നാണ് പോലീസിന്റെ പ്രാഥമികനിഗമനം. ചൊവ്വാഴ്ച രാവിലെ ഒന്‍പതരമണിയോടെ ഉടമ കേളു ജൂവലറി തുറന്നപ്പോഴാണ് കവര്‍ച്ചനടന്നതായി അറിയുന്നത് .

ജൂവലറിക്കുള്ളിലെ ലോക്കര്‍, സീലിങ്, ഗ്ലാസ് തുടങ്ങിയവ തകര്‍ക്കപ്പെട്ടനിലയിലായിരുന്നു. ലോക്കറിനകത്ത് കയറിയപ്പോഴാണ് രണ്ട് അലമാരകളിലായി സൂക്ഷിച്ച സ്വര്‍ണവും പണവും നഷ്ടപ്പെട്ടതായി മനസ്സിലായത്. ഉടന്‍തന്നെ നാദാപുരം പോലീസില്‍ വിവരമറിയിച്ചു. തുടര്‍ന്ന് റൂറല്‍ എസ്.പി. ജി. ജയദേവ്, നാദാപുരം ഡിവൈ.എസ്.പി. ഇ. സുനില്‍കുമാര്‍, സബ് ഇന്‍സ്‌പെക്ടര്‍ എന്‍. പ്രജീഷ് എന്നിവരുടെ നേതൃത്വത്തില്‍ പോലീസ് സ്ഥലത്തെത്തി പരിശോധനനടത്തി.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

വടകരയില്‍നിന്നെത്തിയ വിരലടയാളവിദഗ്ധരും തെളിവുകള്‍ ശേഖരിച്ചു. ഉച്ചയോടെ ബാലുശ്ശേരിയില്‍നിന്ന് എത്തിയ ഡോഗ് സ്‌ക്വാഡ് ജൂവലറിയിലും പരിസരത്തെ റോഡിലും പറമ്പിലും കുറ്റിക്കാട്ടിലുമെല്ലാം മണംപിടിച്ച് ഓടിയെങ്കിലും കാര്യമായ തുമ്പൊന്നും കിട്ടിയില്ല. അന്വേഷണത്തിന് എസ്.പി.യുടെ മേല്‍നോട്ടത്തില്‍ പ്രത്യേകസംഘം രൂപവത്കരിച്ചതായും പ്രതികളെ ഉടന്‍ പിടികൂടാന്‍ കഴിയുമെന്നാണ് പ്രതീക്ഷയെന്നും ഡിവൈ.എസ്.പി. ഇ. സുനില്‍കുമാര്‍ അറിയിച്ചു.

രണ്ടു ദിവസം മുമ്പ് വാണിമേല്‍ പരപ്പുപാറയിലെ വീട്ടിലും ചേലക്കാവ് ക്ഷേത്രത്തിലെ ഭണ്ഡാരത്തിലും കവര്‍ച്ചനടന്നിരുന്നു. അതിന്റെ അന്വേഷണം പുരോഗമിക്കുന്നതിനിടയിലാണ് കല്ലാച്ചി ടൗണില്‍ കവര്‍ച്ചനടന്നത്.

Top