മതസൗഹാര്‍ദ്ദം പഠിക്കാന്‍ ഈ മലപ്പുറം ഗ്രാമത്തിലേക്ക് പോകണം; കല്ലാമൂല കേരളത്തിന് മാതൃകയാകുന്നു

മലപ്പുറം: മതസൗഹാര്‍ദ്ദത്തിന്റെ പാഠങ്ങള്‍ മലയാളികള്‍ കണ്ടുപഠിക്കേണ്ടത് മലബാറില്‍ നിന്നുമാണ്. മലപ്പുറത്തെ കല്ലാമൂല എന്ന കൊച്ചു ഗ്രാമത്തില്‍ നമുക്ക് പാഠമാകുന്ന ഒത്തിരി കാര്യങ്ങളുണ്ട്. ദിവസങ്ങള്‍ക്ക് മുമ്പാണ് കറുപ്പന്റെ മകന്‍ ദിബേഷിന് ചികിത്സാസഹായമൊരുക്കി കല്ലാമൂല മഹല്ല് കമ്മിറ്റി വാര്‍ത്തകളില്‍ ഇടം നേടിയത്. ഇപ്പോഴിതാ നബിദിനഘോഷയാത്രയ്ക്ക് സ്വീകരണമൊരുക്കിയും സമ്മേളനമൊരുക്കിയും മരുതങ്ങാട് അയ്യപ്പക്ഷേത്രകമ്മിറ്റി മറ്റൊരു മാതൃകയായിരിക്കുന്നു.

ദിബേഷിന്റെ ചികിത്സാസഹായം കണ്ടെത്താന്‍ മതപ്രഭാഷണവും പ്രാര്‍ഥനാസദസ്സുമാണ് മഹല്ല് കമ്മിറ്റി സംഘടിപ്പിച്ചത്. ഇതിന് വലിയ പ്രതികരണങ്ങളാണ് ലഭിച്ചത്. ഒട്ടേറെപ്പേര്‍ ദിബേഷിനെ സഹായിക്കാന്‍ മുന്നോട്ടുവന്നു. കാരുണ്യപ്രവാചകനായ മുഹമ്മദ് നബി എല്ലാവരുടെയും പ്രവാചകനാണെന്നും അദ്ദേഹത്തിന്റെ പിറന്നാളാഘോഷം എല്ലാവരുടെയും ആഘോഷമാണെന്നും ഉദ്ഘാഷിക്കുന്നതായിരുന്നു അമ്പലക്കമ്മിറ്റിയുടെ പ്രവര്‍ത്തനം.

ശബരിമല തീര്‍ഥാടനത്തിന് തയ്യാറെടുത്ത് നില്‍ക്കുന്ന ക്ഷേത്ര രക്ഷാധികാരി സേതു തന്നെ നബിദിനറാലിക്ക് സ്വീകരണം ഒരുക്കാന്‍ മുന്‍പന്തിയില്‍നിന്നു. ചൊവ്വാഴ്ച നടന്ന കല്ലാമൂലയിലെ നബിദിനറാലിയില്‍ പ്രവാചക പ്രകീര്‍ത്തനങ്ങളുമായി നടന്നുനീങ്ങിയ റാലിയിലുള്ളവര്‍ക്ക് മരുതങ്ങാട് അയ്യപ്പക്ഷേത്രക്കമ്മിറ്റി സ്വീകരണം ഒരുക്കി. വെറും മധുരം നല്‍കല്‍ മാത്രമല്ല, റാലിയെ ആശിര്‍വാദിക്കാനും ക്ഷേത്രക്കമ്മിറ്റി ഭാരവാഹികള്‍ മുന്നിട്ടിറങ്ങി.

സ്വീകരണം ഒരുക്കിയ ക്ഷേത്രക്കമ്മിറ്റിക്ക് നന്ദിയറിയിച്ച് മദ്രസയിലെ പ്രഥമാധ്യാപകന്‍ പി. ജമാലുദ്ദീന്‍ മുസ്ലിയാര്‍ ഉള്‍പ്പെടെയുള്ളവര്‍ പ്രസംഗിച്ചു. മനുഷ്യസ്‌നേഹത്തിനു മുമ്പില്‍ മതങ്ങള്‍ക്ക് അതിര്‍വരമ്പുകള്‍ സൃഷ്ടിക്കാനാവില്ലെന്ന് നാടിന് തെളിയിക്കാന്‍ കഴിഞ്ഞതിലുള്ള സന്തോഷത്തിലാണ് കല്ലാമൂല പ്രദേശവാസികള്‍.

ക്ഷേത്രക്കമ്മിറ്റി രക്ഷാധികാരി കേളുനായര്‍ പടിയിലെ സേതു, പ്രസിഡന്റ് രാമചന്ദ്രന്‍, ഭാരവാഹികളായ രാജീവന്‍ നായര്‍, കുഞ്ഞുട്ടന്‍ വള്ളിപ്പൂള, കല്‍പ്പകച്ചേരി കുട്ടന്‍, രാജപ്പന്‍ നായര്‍ എന്നിവര്‍ സ്വീകരണത്തിന് നേതൃത്വംനല്‍കി. മഹല്ല് ഭാരവാഹി, കെ കുഞ്ഞാണി, മജീദ് മുസ്ലിയാര്‍ എന്നിവര്‍ നബിദിനറാലിക്ക് നേതൃത്വംനല്‍കി.

Latest
Widgets Magazine