സംസ്ഥാന സ്കൂൾ കലോത്സവം നടത്താൻ തയ്യാറായി കാസർഗോഡ്

കാസർഗോഡ്: സംസ്ഥാന സ്കൂൾ കലോത്സവം നടത്താൻ തയ്യാറായി കാസർഗോഡ് ജില്ലാ ഭരണകൂടം. മറ്റു ജില്ലകൾ പ്രളയവും ദുരിതങ്ങളും അനുഭവിക്കുന്നതിനാൽ ഇത്തവണത്തെ കലോത്സവം കാസർഗോഡിന് അനുവദിക്കണമെന്നാണ് ആവശ്യം.

ഈ ആവശ്യമുന്നയിച്ച് പ്രമേയം പാസാക്കാനൊരുങ്ങുകയാണ് ജില്ലാ പഞ്ചായത്ത് ഭരണ സമിതി. ആലപ്പുഴയിലാണ് ഇത്തവണത്തെ സ്കൂൾ കലോത്സവം നടക്കേണ്ടത്. പ്രളയക്കെടുതിയിൽ നിന്നും ഇപ്പോഴും കരകയറിയിട്ടില്ലാത്തതിനാൽ എങ്ങിനെ കലോത്സവം നടത്തുമെന്ന് ആശങ്കയുണ്ട്. കൂടെ സാമ്പത്തിക പ്രതിസന്ധിയും. സംസ്ഥാനത്ത് മഴക്കെടുതിയും പ്രളയവും ഒട്ടും ബാധിക്കാത്ത ജില്ലയാണ് കാസർഗോഡ്.

അതു കൊണ്ട് തന്നെ ഇത്തവണത്തെ കലോത്സവം കാസർഗോട്ടേക്ക് മാറ്റണമെന്നാണാവശ്യം. ബഹുജന പങ്കാളിത്തത്തോടെ പൊലിമ ഒട്ടും കുറയാതെ കലോത്സവം നടത്താമെന്നാണ് വാഗ്ദാനം. സംസ്ഥാന കലോത്സവം നടത്താൻ തയ്യാറാണെന്ന് കാണിച്ച് പ്രമേയം അവതരിപ്പിക്കാനൊരുങ്ങുകയാണ് ജില്ലാപഞ്ചായത്ത്. ജില്ലയിൽ നിന്നുള്ള എം.എൽ.എമാർ സർക്കാറിന് കത്ത് നൽകും. കലോത്സവം ചർച്ച ചെയ്യുന്നതിനായി 17ന് മാന്വൽ കമ്മിറ്റി ചേരുന്നുണ്ട്. ഇതിന് മുമ്പ് ഇക്കാര്യം സർക്കാറിന്റെ മുന്നിലെത്തിക്കാനാണ് നീക്കം. 25 വർഷങ്ങൾക്ക് മുമ്പാണ് അവസാനമായി കാസർഗോഡ് സ്കൂൾ കോലത്സവത്തിന് വേദിയായത്.

Latest
Widgets Magazine