കല്യാണ്‍ ജ്വല്ലേഴ്‌സ് സ്വര്‍ണക്കവര്‍ച്ച: കാര്‍ കോയമ്പത്തൂരില്‍ ഉപേക്ഷിച്ച നിലയില്‍ കണ്ടെത്തി

തൃശൂര്‍ കല്യാണ്‍ ജ്വല്ലേഴ്‌സിന്റെ 98.5 ലക്ഷം രൂപയുടെ സ്വര്‍ണം കവര്‍ച്ചചെയ്ത കേസില്‍ സ്വര്‍ണം കൊണ്ടുപോയിരുന്ന കാര്‍ കോയമ്പത്തൂരില്‍ പൊലീസ് കണ്ടെത്തി. കറുപ്പകം കോളേജിനു സമീപം റോഡില്‍ ഉപേക്ഷിച്ച നിലയിലാണ് കാര്‍ കണ്ടെത്തിയത്.

വാളയാറിനും കോയമ്പത്തൂര്‍ ചാവടിക്കുമിടയില്‍വച്ച് ഇന്നലെ രാവിലെ പതിനൊന്നരയോടെയാണു കാര്‍ രണ്ടു വാഹനങ്ങളില്‍ എത്തിയ സംഘം തട്ടിക്കൊണ്ടുപോയത്. മോഷ്ടാക്കളുടെ ആക്രമണത്തില്‍ കാറിലുണ്ടായിരുന്ന ജ്വല്ലറി ജീവനക്കാര്‍ക്കു പരുക്കേറ്റു. തൃശൂരില്‍നിന്നും തമിഴ്‌നാട്ടിലെ വിവിധ ഷോറൂമുകളിലേക്ക് കൊണ്ടുപോയ സ്വര്‍ണാഭരണങ്ങളാണ് കൊള്ളയടിക്കപ്പെട്ടത്. ചാവടി പെട്രോള്‍ പമ്പിനു സമീപം കല്യാണ്‍ ജ്വല്ലേഴ്‌സിന്റെ കാര്‍ തടഞ്ഞു നിര്‍ത്തി ഡ്രൈവര്‍ അര്‍ജുന്‍, ഒപ്പമുണ്ടായിരുന്ന വില്‍ഫ്രഡ് എന്നിവരെ വലിച്ചു താഴെയിട്ടശേഷമായിരുന്നു കവര്‍ച്ച. കല്യാണ്‍ ജ്വല്ലേഴ്‌സിന്റെ കാറിനു പിന്നില്‍ ചാവടിയിലെ പെട്രോള്‍ പമ്പിനു സമീപം അക്രമിസംഘത്തിന്റെ കാര്‍ ഇടിച്ചു കയറ്റുകയായിരുന്നു.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

ഇതു ചോദ്യം ചെയ്യാന്‍ കാര്‍ നിര്‍ത്തി അര്‍ജുന്‍ പുറത്തിറങ്ങി. ഈ സമയം കോയമ്പത്തൂര്‍ ഭാഗത്തുനിന്നു മറ്റൊരു കാര്‍ പാഞ്ഞെത്തി. രണ്ടു കാറുകളില്‍നിന്നുമായി പുറത്തിറങ്ങിയവര്‍ സ്വര്‍ണവുമായി വന്ന കാറിന്റെ മുന്‍വശത്തെ ചില്ല് അടിച്ചുതകര്‍ത്തു. എതിര്‍ക്കാന്‍ ശ്രമിച്ച അര്‍ജുനെയും വില്‍ഫ്രഡിനെയും മര്‍ദിച്ചു റോഡില്‍ ഉപേക്ഷിച്ചശേഷം കാറും സ്വര്‍ണവുമായി കോയമ്പത്തൂര്‍ ഭാഗത്തേക്കു കടക്കുകയായിരുന്നു.

ഇവരുടെ നിലവിളി കേട്ടു സമീപത്തെ പെട്രോള്‍ പമ്പിലെ ജീവനക്കാര്‍ ഓടിയെത്തിയെങ്കിലും അക്രമിസംഘം രക്ഷപ്പെട്ടിരുന്നു. പ്രാഥമിക ചികിത്സയ്ക്കു ശേഷം ഇരുവരെയും ചാവടി പൊലീസ് സ്റ്റേഷനിലെത്തിച്ചു.

9 പേരാണു കാറുകളിലുണ്ടായിരുന്നതെന്നും ഇവരില്‍ ചിലര്‍ മുഖം മറച്ചിരുന്നെന്നും ഡ്രൈവര്‍മാര്‍ മൊഴി നല്‍കി. സ്വര്‍ണം, വെള്ളി ആഭരണങ്ങളാണു നഷ്ടപ്പെട്ടത്. പാലക്കാട് ഡിവൈഎസ്പി ജി.ഡി. വിജയകുമാറിന്റെ നേതൃത്വത്തിലുള്ള പൊലീസ് സംഘവും സ്ഥലത്തെത്തി. തമിഴ്‌നാട് മധുക്കര പൊലീസാണ് കേസ് അന്വേഷിക്കുന്നത്.

Top