പെരിയയില്‍ സിപിഎം പ്രവര്‍ത്തകരുടെ വീട് സന്ദര്‍ശിക്കാന്‍ നേതാക്കളെത്തി; കോണ്‍ഗ്രസ് പ്രവര്‍ത്തകരുടെ പ്രതിഷേധത്തില്‍ സ്ഥലത്ത് സംഘര്‍ഷാവസ്ഥ

കാസര്‍കോട്: പെരിയയില്‍ യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരെ കൊലപ്പെടുത്തിയതിനെ തുടര്‍ന്നുണ്ടായ സംഘര്‍ഷത്തില്‍ തകര്‍ക്കപ്പെട്ട സിപിഎം പ്രവര്‍ത്തകരുടെ വീടുകളും സ്ഥാപനങ്ങളും സിപിഎം നേതാക്കള്‍ സന്ദര്‍ശിക്കാനെതത്തിയതോടെ പ്രദേശത്ത് സംഘര്‍ഷം. കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ എംപി പി കരുണാകരനുള്‍പ്പടെയുള്ളവരെ തടഞ്ഞതിനെത്തുടര്‍ന്ന് സ്ഥലത്ത് പൊലീസും പ്രവര്‍ത്തകരും തമ്മില്‍ സംഘര്‍ഷമായി. എംപിക്ക് നേരെ കയ്യേറ്റശ്രമമുണ്ടായെങ്കിലും പൊലീസ് ഇടപെട്ട് തടഞ്ഞു.

കല്യോട് ജംഗ്ഷനില്‍ രാവിലെ ഒമ്പത് മണിയോടെയാണ് സിപിഎം നേതാക്കള്‍ എത്തിയത്. പിന്നാലെ പ്രതിഷേധവുമായി കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ എത്തുകയായിരുന്നു. ഇരട്ടക്കൊലപാതകത്തില്‍ പ്രതിഷേധിച്ച് കല്യോട്ടെ സിപിഎം അനുഭാവികളുടെ വീടുകളും കടകളും വ്യാപകമായി നശിപ്പിക്കപ്പെട്ടിരുന്നു. ആക്രമണത്തിനിരയായ സിപിഎം പ്രവര്‍ത്തകരുടെ വീടുകളിലേക്ക് നേതാക്കള്‍ എത്തുമെന്ന് അറിഞ്ഞത് മുതല്‍ പ്രദേശത്ത് പ്രതിഷേധം തുടങ്ങിയിരുന്നു. സിപിഎം നേതാക്കള്‍ കല്യോട് ജംഗ്ഷനിലെത്തിയതോടെ പ്രകോപിതരായ കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ ആരും ഇങ്ങോട്ട് വരേണ്ടെന്ന് പറഞ്ഞാണ് പ്രതിഷേധിച്ചത്

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ കൂടുതലുള്ള പ്രദേശമാണ് കല്ല്യോട്ട്. ഇവിടേക്ക് സിപിഎം നേതാക്കള്‍ വരേണ്ടെന്നാണ് കോണ്‍ഗ്രസ് പ്രവര്‍ത്തകരുടെ നിലപാട്. സിപിഎം നേതാക്കള്‍ സന്ദര്‍ശിക്കാനെത്തിയ പ്രദേശത്തുനിന്ന് അരകിലോമീറ്റര്‍ അകലെമാത്രമാണ് കൊല്ലപ്പെട്ട ശരത് ലാലിന്റെയും കൃപേഷിന്റെയും വീട്.

വലിയ രീതിയിലുള്ള പ്രതിഷേധമാണ് കല്ല്യോട്ട് ജംഗ്ഷനില്‍ ഉണ്ടായത്. കരുണാകരന്‍ എംപിക്ക് നേരെ കുതിച്ചു ചാടിയ കോണ്‍ഗ്രസ് പ്രവര്‍ത്തകരെ പൊലീസ് തടഞ്ഞു. ഈ ഭാഗത്തേക്ക് സിപിഎം പ്രവര്‍ത്തകര്‍ വരേണ്ട എന്ന കടുത്ത നിലപാടാണ് അവര്‍ മുന്നോട്ടു വെച്ചത്. പ്രദേശവാസികള്‍ എംപിക്ക് നേരെ മുദ്രാവാക്യമുയര്‍ത്തി. പൊലീസ് ഇടപെട്ട് ഇവരെ മാറ്റി.

ഇരട്ടക്കൊലപാതക കേസിലെ പ്രതികളായ പീതാംബരന്‍, ശാസ്താ ഗംഗാധരന്‍ എന്നിവരടക്കമുള്ളവരുടെ വീടുകളില്‍ സ്ഥലം എംപി പി കരുണാകരന്‍ അടക്കമുള്ള സിപിഎം നേതാക്കള്‍ സന്ദര്‍ശനം നടത്തിയിരുന്നു. ശാസ്താ ഗംഗാധരനാണ് കൊലപാതകം ആസൂത്രണം ചെയ്തതെന്ന് കൊല്ലപ്പെട്ട കൃപേഷിന്റെയും ശരത്ലാലിന്റെയും രക്ഷിതാക്കാള്‍ ആരോപിച്ചിരുന്നു. ഒരു സിപിഎം പ്രവര്‍ത്തകരും തങ്ങളെ കാണാന്‍ വരേണ്ടെന്നും ഇവര്‍ പറഞ്ഞിരുന്നു. കൊലപാതകക്കേസിലെ പ്രതികള്‍ സഞ്ചരിച്ച വാഹനം ശാസ്ത ഗംഗാധരന്‍ എന്നയാളുടെ ഉടമസ്ഥതയിലുള്ളതാണ്. ഇദ്ദേഹത്തിന്റെ മകന്‍ ഗിജിന്‍ കേസില്‍ പ്രതിയുമാണ്. ഇവരുടെ വീടുകള്‍ കോണ്‍ഗ്രസുകാര്‍ തീയിട്ടിരുന്നു. ഈ വീടും സംഘം സന്ദര്‍ശിച്ചു.

Top