കമലിനെ വിദ്യ തള്ളിപ്പറയുന്നത് രണ്ടാം തവണ; ആദ്യ തവണ വിജയിച്ചത് വിദ്യയുടെ തീരുമാനം

സിനിമാ ഡെസ്‌ക്

കൊച്ചി: പ്രധാനമന്ത്രി നരേന്ദ്രമോദിയെച്ചൊല്ലിയുള്ള അഭിപ്രായ വ്യത്യാസത്തെ തുടർന്നു കമലിന്റെ സിനിമയിൽ നിന്നു പിന്മാറിയ വിദ്യാബാലൻ കമലിനെ തള്ളിപ്പറയുന്നത് രണ്ടാം തവണ. ആദ്യ തവണ മോഹൻലാൽ നായകനായിരുന്ന ചക്രത്തിലേയ്ക്കാണ് വിദ്യാബാലനെ നായികയായി കമൽ തീരുമാനിച്ചിരുന്നത്. എന്നാൽ, അന്ന് സ്വന്തം ഇഷ്ടപ്രകാരം വിദ്യ സിനിമയിൽ നിന്നു പിന്മാറുകയായിരുന്നു. പിന്നീട് ലോഹിതദാസ് പൃഥ്വിരാജിനെയും മീരാ ജാസ്മിനെയും പ്രധാന താരങ്ങളാക്കി ചക്രം സിനിമ എടുക്കുകയും ചെയ്തു. മോഹൻലാലിന്റെ നായികയാക്കി വിദ്യയെ മലയാളത്തിലൂടെ സിനിമയിൽ പ്രവേശിപ്പിക്കാനുള്ള നീക്കം പക്ഷേ വേണ്ടെന്നു വെയ്ക്കുകയായിരുന്നു. പിന്നീട് ബോളിവുഡിലേക്ക് പോയ വിദ്യ വൻ നായികയായി മാറുകയും ചെയ്തു.
മലയാളത്തിന്റെ പ്രിയപ്പെട്ട എഴുത്തുകാരി മാധവിക്കുട്ടിയാകാനുള്ള നീക്കം ബോളിവുഡ് സൂപ്പർനായിക വിദ്യാബാലൻ ഉപേക്ഷിച്ചതായുള്ള വാർത്തകൾപ്രചരിക്കുന്നതിനിടെയാണ് വിദ്യ കമലിനെ ഉപേക്ഷിച്ച കഥ വീണ്ടും പ്രചരിച്ചത്. കമലാദാസിന്റെ ജീവിത കഥ പറയുന്ന ആമി എന്ന കമൽ ചിത്രത്തിൽ നിന്നുമാണ് വിദ്യാബാലൻ ഒടുവിൽ പിന്മാറിയതായി വ്യക്തമാക്കിയത്.
ഔദ്യോഗികമായി വിവരം പുറത്തുവിട്ടിരിക്കുന്നത് വിദ്യയുടെ വക്താവാണ്. വിദ്യയ്ക്കും കമലിനും ഇടയിലുള്ള അഭിപ്രായ വ്യത്യാസങ്ങളാണ് പിന്മാറ്റത്തിന് കാരണമായി ചുണ്ടിക്കാട്ടിയിരിക്കുന്നത്. സിനിമയുടെ കഥ താരത്തിന് ഇഷ്ടമായെന്നും സിനിമ ചെയ്യാനും ഇഷ്ടമായിരുന്നെന്നും വ്യക്തമാക്കിയ വക്താവ് ഇപ്പോൾ പറയുന്നത് കഥയിൽ അവസാനമായി കൂട്ടിച്ചേർത്ത് ഫൈനൽ രൂപത്തിലായ തിരക്കഥ താരത്തിന് ഇഷ്ടമായില്ലെന്നും അതുകൊണ്ടാണ് നോ പറഞ്ഞതെന്നുമാണ്.
തുടക്കം മുതൽ ആകാംഷാഭരിതയായി കഥാപാത്രത്തിന്റെ വ്യക്തത രൂപപ്പെടുത്താൻ സംവിധായകനും തിരക്കഥാകൃത്തുമായി നിരന്തരം ബന്ധപ്പെട്ടകൊണ്ടിരുന്ന താരം പെട്ടെന്ന് ഒരു ദിവസം സിനിമയിൽ താൽപ്പര്യമില്ല എന്ന് പറഞ്ഞിരിക്കുന്നത് വിദ്യയുടെ മലയാള പ്രവേശം കാണാൻ കാത്തിരുന്ന ആരാധകരെയും ഞെട്ടിച്ചിരിക്കുകയാണ്. ഇപ്പോൾ സംവിധായകനും തിരക്കഥാകൃത്തുമായും നടത്തിയിരുന്ന ചർച്ചകൾ പോലും താരത്തെ അലോസരപ്പെടുത്തുന്നുണ്ടത്രേ.
വിദ്യ കമലിന്റെ സിനിമയിൽ നിന്നും പിന്മാറാനുള്ള കാരണം പ്രധാനമന്ത്രി നരേന്ദ്ര മോഡിയുടെ കാര്യത്തിൽ ഇരുവർക്കുമുള്ള അഭിപ്രായ വ്യത്യാസമാണെന്ന അഭ്യൂഹവും ശക്തമാണ്. വിദ്യ മോഡിയുടെ ശക്തനായ ആരാധികയും കമൽ ശക്തമായി മോഡിയെ എതിർക്കുന്നയാളുമാണ്. കേന്ദ്ര സർക്കാരിന്റെ ശൗചാലയ പരിപാടിയുമായി ബന്ധപ്പെട്ട പരസ്യങ്ങളുടെ ചുമതലയുള്ളയാളാണ് വിദ്യാബാലൻ. കമലാകട്ടെ മോഡിയെ വിമർശിക്കുന്നതിൽ ബിജെപിക്കാരുടെ കണ്ണിലെ കരടും.
തീയറ്ററുകളിലെ ദേശീയഗാന വിവാദവുമായി ബന്ധപ്പെട്ട് കമലിന്റെ നിലപാടുകൾക്കെതിരേ ബിജെപി നേതാക്കൾ ശക്തമായി രംഗത്ത് വരികയും കമലിനെ ഭീകരസംഘടനകളുമായി ബന്ധമുള്ളയാളായി ചിത്രീകരിക്കുകയും പാകിസ്താനിലേക്ക് കമൽ പോകണമെന്ന് ആവശ്യപ്പെടുകയും ചെയ്തത് ദിവസങ്ങൾക്ക് മുമ്പാണ്. എന്നാൽ ഈ ആരോപണങ്ങളെല്ലാം വിദ്യയുടെ കേന്ദ്രങ്ങൾ തള്ളിയിട്ടുണ്ട്. എന്നാൽ വിദ്യ സിനിമയിൽ നിന്നും പിന്മാറുന്നതിന് കാരണം രാഷ്ട്രീയ വ്യത്യാസങ്ങൾ അല്ലെന്നും അവരുടെ വക്താവ് പറയുന്നുണ്ട്. ചെയ്യുന്ന സിനിമയുടെ സംവിധായകരെയും നിർമ്മാണ ടീമിനെയും അങ്ങേയറ്റം ബഹുമാനിക്കുന്നയാളാണ് വിദ്യ. എന്നാൽ ഈ സിനിമയിൽ നിന്നും പിന്മാറുന്നതിന് കാരണം തികച്ചും പ്രൊഫഷണൽ ആണ്. അല്ലാതെയുള്ള പ്രചരണമെല്ലാം തെറ്റാണെന്നും പറയുന്നു.
പാതിമലയാളിയായ വിദ്യാബാലൻ കേരളത്തിൽ ഒരു പുരസ്‌ക്കാര പരിപാടിയിൽ പങ്കെടുക്കുമ്പോഴാണ് കമലിന്റെ ആമിയിൽ അഭിനയിക്കുന്ന വാർത്ത പ്രചരിച്ചത്. കമൽ അന്ന് സിനിമ പ്രഖ്യാപിച്ചിട്ട് പോലുമില്ലായിരുന്നു. പിന്നീട് മാധവിക്കുട്ടിയാകാൻ സമ്മതിച്ചതിന് പിന്നാലെ കഥാപാത്രത്തിനായി നന്നായി ഗൃഹപാഠം ചെയ്തു വരികയുമായിരുന്നു താരം. ഇതിനിടയിലാണ് അവസാന സ്‌ക്രിപ്റ്റ് ശരിയായില്ല എന്ന കാരണവുമായി താരം സിനിമ വേണ്ടെന്ന് വെച്ചിരിക്കുന്നത്.

Latest