അപകടത്തില്‍ പരിക്കേറ്റ പെണ്‍കുട്ടിയെ രക്ഷിച്ച് കമല്‍ഹാസന്‍

കന്യാകുമാരി: നടനും, മക്കള്‍ നീതി മയ്യം പാര്‍ട്ടിയുടെ നേതാവുമായ കമല്‍ ഹാസ്സന്റെ സമയോചിതമായ ഇടപെടലില്‍ പെണ്‍കുട്ടിയുടെ ജീവന്‍ രക്ഷപ്പെട്ടു. ജനങ്ങളുമായി സംവദിക്കുന്നതിനും അവരുടെ പ്രശ്‌നങ്ങള്‍ മനസ്സിലാക്കുന്നതിനും കന്യാകുമാരിയില്‍ പര്യടനത്തിലാണ് കമല്‍. ഇതിനായി കന്യാകുമാരിയിലേക്കുള്ള യാത്രയ്ക്കിടെയാണ് അപകടം പറ്റി പരിക്കേറ്റ് ആംബുലന്‍സിനായി കാത്തിരിക്കുന്ന പെണ്‍കുട്ടിയെ കണ്ടത്. രക്തമൊലിച്ചു നിന്ന പെണ്‍കുട്ടിയെ ഇതിനിടെ വന്ന പല വാഹനങ്ങളും കയറ്റാതെ പോയി.

കന്യാകുമാരിയിലേക്ക് പോവുകയായിരുന്ന കമല്‍ ഉടന്‍ തന്റെ വാഹനത്തില്‍ നിന്നിറങ്ങി അതേ വാഹനത്തില്‍ പെണ്‍കുട്ടിയെ ഉടന്‍ തന്നെ ആശുപത്രിയിലെത്തിക്കുകയായിരുന്നു. ചികിത്സയ്ക്കു ശേഷം പെണ്‍കുട്ടി അപകടനില തരണം ചെയ്‌തെന്ന് ആശുപത്രി അറിയിച്ചു.

സംഭവത്തിന് ദൃക്‌സാക്ഷികളായവരാണ് സോഷ്യല്‍ മീഡിയയിലൂടെ ചിത്രങ്ങളുള്‍പ്പെടെ പൃറത്തു വിട്ടത്. തന്റെ സിനിമകളിലെല്ലാം മനുഷ്യത്വത്തിന് പ്രാധാന്യം നല്‍കുന്ന താരത്തിന്റെ പ്രവര്‍ത്തി വാക്കുകളോടുളള നീതിയായെന്ന് എല്ലാവരും പുകഴ്ത്തി. കന്യാകുമാരിയില്‍ രണ്ടു ദിവസം നീളുന്ന ജനസമ്പര്‍ക്കത്തിന് ശേഷം 19ാം തീയതി കമല്‍ ചെന്നൈയിലുണ്ടാകും. കാവേരി പ്രശ്‌നത്തില്‍ നടക്കുന്ന ‘കാവേരിക്കാക തമിഴകത്തിന്‍ കുറല്‍’ എന്ന പ്രക്ഷോഭത്തില്‍ കമല്‍ പങ്കെടുക്കും.

Latest
Widgets Magazine