താരലേലം നടക്കുമ്പോള്‍ സമ്മര്‍ദ്ദം താങ്ങാനാകാതെ വാഷ്‌റൂമില്‍ പോയി ഒളിച്ച് ഇന്ത്യയുടെ യുവതാരം

മുംബൈ: ഐപിഎല്‍ താരലേലം നടക്കുന്നതിനിടെ സമ്മര്‍ദ്ദം താങ്ങനാകാതെ വാഷ് റൂമില്‍ ഒളിച്ച് ഇന്ത്യന്‍ യുവതാരം. അണ്ടര്‍19 ലോകകപ്പില്‍ ഇന്ത്യക്കായി കളിക്കുന്ന ബൗളര്‍ കമലേഷ് നാഗര്‍കോട്ടിയാണ് അമിത സമ്മര്‍ദ്ദം താങ്ങാനാകാതെ ഇങ്ങനെ ചെയ്തത്. എന്നാല്‍ താരത്തെ സന്തോഷിപ്പിക്കുന്ന വാര്‍ത്തയാണ് പിന്നീടെത്തിയത്. 3.2 കോടി രൂപയ്ക്ക് കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സ് കമലേഷിനെ സ്വന്തം നിരയിലെത്തിക്കുകയായിരുന്നു. നിലവില്‍ അണ്ടര്‍19 ലോകകപ്പ് ക്രിക്കറ്റിനായി ഇന്ത്യന്‍ ടീമിനൊപ്പം ന്യൂസീലന്‍ഡിലാണ് കമലേഷുള്ളത്. താരലേലം നടക്കുന്ന സമയത്ത് താന്‍ മാനസികമായി തളര്‍ന്നിരിക്കുകയായിരുന്നുവെന്നും ടെലിവിഷന്‍ നോക്കിയിരുന്നില്ലെന്നും കമലേഷ് പറയുന്നു. ടീമിലെ സഹതാരങ്ങള്‍ ഫോണിലേക്ക് തുടര്‍ച്ചയായി വളിച്ചു. പക്ഷേ ഞാന്‍ ഫോണെടുത്തില്ല. പക്ഷേ എന്റെ റൂമില്‍ ഒപ്പമുണ്ടായിരുന്ന പങ്കജ് യാദവ് ടിവി ഓണ്‍ ചെയ്തതോടെ എല്ലാ പ്രതിരോധവും തകര്‍ന്നു. തുടര്‍ന്ന് ഞാന്‍ വാഷ് റൂമില്‍ കയറി വാതിലടക്കുകയായിരുന്നു. കമലേഷ് വെളിപ്പെടുത്തുന്നു. ലേലത്തിന് തൊട്ടുമുമ്പ് ബിഗ് ബാഷ് ലീഗില്‍ ക്രിസ് ലിന്‍ ബാറ്റു ചെയ്യുന്നതാണ് ഞാന്‍ കണ്ടത്. മണിക്കൂറുകള്‍ക്ക് ശേഷം അദ്ദേഹത്തിന് നെറ്റ്‌സില്‍ പന്തെറിയാനുള്ള അവസരം എന്നെ തേടിയെത്തി. കമലേഷ് പറയുന്നു. ക്രിസ് ലിന്നിനെയും കൊല്‍ക്കത്ത ലേലത്തില്‍ ടീമിലെത്തിച്ചിരുന്നു. അണ്ടര്‍19 ലോകകപ്പില്‍ ഇന്ത്യ ടീമിന്റെ ബൗളിങ് സംഘത്തിലെ നിര്‍ണായക കളിക്കാരനാണ് കമലേഷ് നാഗര്‍കോട്ടി. 149 കിലോമീറ്റര്‍ വേഗതയില്‍ വരെ ലോകകപ്പില്‍ പന്തെറിഞ്ഞ കമലേഷിന്റെ ശരാശരി വേഗതമണിക്കൂറില്‍ 145 കിലോമീറ്ററാണ്.

Top