വിഴിഞ്ഞം കരാര്‍ കേന്ദ്ര – യുഡിഎഫ് ഗൂഢാലോചനയെന്ന് കാനം രാജേന്ദ്രന്‍; വിശദമായ അന്വേഷണം വേണം

വിഴിഞ്ഞം കരാറില്‍ ഗൂഢാലോചന നടന്നെന്ന് സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്‍. കേന്ദ്ര – യുഡിഎഫ് സര്‍ക്കാരുകളുടെ ആസൂത്രിത ഗൂഢാലോചനയാണ് കരാറിന് പിന്നിലെന്ന് അദ്ദേഹം ആരോപിച്ചു. വിശദമായ അന്വേഷണം വേണമെന്നും അദ്ദേഹം പറഞ്ഞു. പൊതുമേഖലയിലെ പദ്ധതി അദാനിക്ക് തീറെഴുതി കൊടുക്കുകയാണ്. അഴിമതിക്കെതിരെ പ്രവര്‍ത്തിക്കാന്‍ ഇടതുമുന്നണിക്കെ കഴിയുവെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

യുഡിഎഫ് സര്‍ക്കാരിലെ മുഖ്യമന്ത്രി അടക്കമുള്ളവര്‍ അദാനി ഗ്രൂപ്പുമായി ഒളിഞ്ഞും തെളിഞ്ഞും നേരിട്ട് ചര്‍ച്ച ചെയ്തുണ്ടാക്കിയ വിഴിഞ്ഞം തുറമുഖ കരാര്‍ കൊടിയ അഴിമതിക്ക് വഴിമരുന്നിട്ടു കൊടുക്കാനാണെന്നും ആ കരാറില്‍ സംസ്ഥാന സര്‍ക്കാരിന്റെ പൊതുഖജനാവിലെ പണം അദാനിയുടെ കീശയിലെത്തിക്കാനുള്ള മാര്‍ഗങ്ങളാണ് ഉള്‍പ്പെടുത്തിയിട്ടുള്ളതെന്നും അക്കമിട്ടു ആദ്യം പറഞ്ഞത് സിപിഐ ആണ്.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

സംസ്ഥാന താല്‍പ്പര്യങ്ങള്‍ക്ക് വിരുദ്ധമായ കരാര്‍ റദ്ദാക്കണമെന്ന് ആദ്യം ആവശ്യപ്പെട്ടതും സിപിഐ തന്നെ. എല്ലാ എതിര്‍പ്പുകളെയും തൃണവല്‍ഗണിച്ച് കരാറിന്റെ നിയമവശങ്ങള്‍ പോലും പരിശോധിക്കാതെ ധൃതിപിടിച്ച് വിഴിഞ്ഞം തുറമുഖ പദ്ധതി അദാനിക്ക് തീറെഴുതി കൊടുക്കാന്‍ യുഡിഎഫിലെ ഉന്നതര്‍ കാണിച്ച തിടുക്കം അഴിമതി നടത്തി പണമുണ്ടാക്കാന്‍ വേണ്ടി മാത്രമായിരുന്നു എന്ന് സിഎജി റിപ്പോര്‍ട്ടിലെ നിരീക്ഷണങ്ങള്‍ സംശയാതീതമായി ഇന്ന് തെളിയിച്ചിരിക്കുന്നു. ഏററവും ലളിതമായി പറഞ്ഞാല്‍ 7525 കോടി മുതല്‍മുടക്കുള്ള പദ്ധതിയില്‍ കേരള സര്‍ക്കാര്‍ മുടക്കുന്നത് 5071 കോടിയാണ്. അതായത് 67 ശതമാനം. അദാനി ഗ്രൂപ്പ് മുടക്കുന്നത് 2454 കോടി അതായത് 33 ശതമാനം. എന്നാല്‍ പദ്ധതിയില്‍ നിന്നു ലഭിക്കുന്ന വരുമാനം എന്‍പിപി സംസ്ഥാനത്തിന് 3,866.33 കോടിയും അദാനിയുടേത് +607.19 കോടിയുമാണ്.

എന്‍പിപി അഥവാ നെറ്റ് പ്രസന്റ് വാല്യു എന്നാല്‍ ഒരു പദ്ധതിയുടെ ചെലവുകളും ധനപരമായ നേട്ടങ്ങളുമാണ് സൂചിപ്പിക്കുന്നത്. പൂജ്യം എന്‍പിപി യില്‍ താഴെയുള്ള പദ്ധതികള്‍ നടപ്പിലാക്കുന്നത് വരവിനേക്കാള്‍ ചെലവിനെ സൂചിപ്പിക്കുന്നതിനാല്‍ അവ നടപ്പിലാക്കരുത് എന്ന കേന്ദ്ര ധനമന്ത്രാലയത്തിന്റെ നിര്‍ദ്ദേശം നിലവിലുള്ളപ്പോഴാണ് യുഡിഎഫ് സര്‍ക്കാര്‍3866.33 കോടി നഷ്ടം വരുന്ന പദ്ധതി ആ പദ്ധതിയുടെ 67 ശതമാനം ചെലവും വഹിച്ചുകൊണ്ട് നടപ്പിലാക്കാന്‍ തീരുമാനിച്ചത്.
ഈ കാര്യത്തില്‍ സര്‍ക്കാര്‍ കരാര്‍ ഒപ്പുവയ്ക്കുന്ന അവസരത്തില്‍ തന്നെ സിപിഐ ഉന്നയിച്ച അഴിമതി ആരോപണം പച്ചയായ യാഥാര്‍ത്ഥ്യമാണെന്നു തന്നെയാണ് സിഎജി റിപ്പോര്‍ട്ട് തെളിയിക്കുന്നത്. കൂടാതെ യുഡിഎഫിന്റെ അഞ്ചുവര്‍ഷം എല്ലാ മേഖലകളിലും അഴിമതിയും, കെടുകാര്യസ്ഥതയും മാത്രമാണ് കൊടികുത്തി വാണിരുന്നത് എന്ന് തെളിയിക്കുന്ന ആധികാരിക രേഖയായി മാറിയിരിക്കുന്നു സിഎജി റിപ്പോര്‍ട്ട്. വിഴിഞ്ഞം തുറമുഖ കരാറിലെ അഴിമതിയെ കുറിച്ച് വിശദമായ അന്വേഷണം ആവശ്യമാണെന്നും കാനം വ്യക്തമാക്കുന്നു.

Top