സുപ്രീംകോടതിയില്‍ പട്യാലഹൗസ് ആവര്‍ത്തിക്കപ്പെടുമോ?കനയ്യകുമാര്‍ നീതി തേടി ഇന്ന് പരമോന്നത കോടതിയില്‍.

ന്യൂഡല്‍ഹി: പാട്യാല ഹൗസ് കോടതിയില്‍ അഭിഭാഷകരാല്‍ അക്രമിക്കപ്പെട്ട കനയ്യകുമാറിന്റെ ജാമ്യാപേക്ഷ ഇന്ന് സുപ്രീം കോടതിയിലേക്ക്.
വിവാദ പ്രസംഗത്തിന്റെ പേരില്‍ രാജ്യദ്രോഹക്കുറ്റത്തിന് അറസ്റ്റിലായ ജെ.എന്‍.യു സ്റ്റുഡന്റ് യൂണിയന്‍ പ്രസിഡന്റ് കനയ്യ കുമാറിന്റെ ജാമ്യാപേക്ഷ നേരെ സുപ്രീം കോടതിയിലെത്തിയത് ഇന്ത്യയുടെ ചരിത്രത്തിലെ തന്നെ ആദ്യ സംഭവമെന്ന് വിലയിരുത്തല്‍. മജിസ്‌ട്രേറ്റ് കോടതിയില്‍ പരിഗണിക്കപ്പെടേണ്ട ജാമ്യാപേക്ഷയാണ് പരമോന്നത നീതിപീഠത്തിന് മുന്നിലെത്തിയിരിക്കുന്നത്.

കീഴ്‌ക്കോടതിയില്‍ ഹാജരാകുന്നത് ജീവന് ഭീഷണിയാണെന്നുകാണിച്ചുകൊണ്ടാണ് കനയ്യ കുമാര്‍ സുപ്രീം കോടതിയെ സമീപിച്ചിരിക്കുന്നത്. കഴിഞ്ഞദിവസം പട്യാല ഹൗസ് കോടതിയില്‍ ഹാജരാക്കാന്‍ കൊണ്ടുവന്നപ്പോള്‍ പൊലീസ് നോക്കിനില്‍ക്കെ കനയ്യ കുമാര്‍ ഒരു വിഭാഗം അഭിഭാഷകരാല്‍ ആക്രമിക്കപ്പെട്ടിരുന്നു. കനയ്യ കുമാറിന്റെ ജാമ്യാപേക്ഷ വെള്ളിയാഴ്ച സുപ്രീം കോടതി പരിഗണിക്കും.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

സുപ്രീം കോടതി ജാമ്യാപേക്ഷ പരിഗണിക്കുമ്പോള്‍ സര്‍ക്കാരിനും ഡല്‍ഹി പൊലീസിനുമെതിരെ ശക്തമായ പരാമര്‍ശങ്ങളുണ്ടാകുമെന്ന ആശങ്കയിലാണ് അധികൃതര്‍. സാധാരണ നിലയില്‍ വിചാരണക്കോടതിയിലാണ് ജാമ്യാപേക്ഷ സമര്‍പ്പിക്കേണ്ടത്. അവിടെ ജാമ്യം കിട്ടിയില്ലെങ്കില്‍ മാത്രമാണ് ഹൈക്കോടതിയില്‍ പോകേണ്ടത്. അപ്പോഴും സുപ്രീം കോടതി അവസാന രക്ഷാമാര്‍ഗമാണ്. ഇവിടെ, കനയ്യ കുമാര്‍ നേരെ സുപ്രീം കോടതിയെത്തന്നെ സമീപിച്ചിരിക്കുകയാണ്.

രാജ്യദ്രോഹിയെന്ന് മുദ്രകുത്തി ഒരുവിഭാഗം അഭിഭാഷകര്‍ തന്നെ ആക്രമിച്ചതിന്റെ പശ്ചാത്തലത്തിലാണ് ജാമ്യാപേക്ഷയുമായി സുപ്രീം കോടതിയെ സമീപിക്കാന്‍ കനയ്യ കുമാര്‍ തയ്യാറായത്. അടുത്ത സുഹൃത്ത് ഹിമാന്‍ഷു എന്ന ജെഎന്‍യു വിദ്യാര്‍ത്ഥിയാണ് കനയ്യയുടെ ജാമ്യം തേടി സുപ്രീം കോടതിയെ സമീപിച്ചിരിക്കുന്നത്. കീഴ്‌ക്കോടതിയില്‍ പോയാല്‍ നീതിന്യായ വ്യവസ്ഥയുടെ ശരിയായ നിര്‍വഹണം ഉണ്ടായേക്കില്ലെന്ന് ഭയന്നാണ് സുപ്രീം കോടതിയെ സമീപിക്കുന്നതെന്ന് ജാമ്യാപേക്ഷയില്‍ പറയുന്നു.

ജസ്റ്റിസുമാരായ ജെ. ചെലമേശ്വറിന്റെയും അഭയ് എം സാപ്രെയുടെയും ബെഞ്ചാണ് ജാമ്യാപേക്ഷ പരിഗണിക്കുന്നത്. മുന്‍ അറ്റോര്‍ണി ജനറല്‍ സോളി സൊറാബ്ജിയാണ് കനയ്യ കുമാറിനുവേണ്ടി ഹാജരാകുന്നത്. സുപ്രീം കോടതിയുടെ നിര്‍ദേശങ്ങളുണ്ടായിട്ടും പട്യാല ഹൗസ് കോടതിയില്‍ അനിഷ്ട സംഭവങ്ങളുണ്ടായ സാഹചര്യത്തിലാണ് സുപ്രീം കോടതിയെ സമീപിക്കുന്നതെന്ന് അപേക്ഷയില്‍ വ്യക്തമാക്കിയിട്ടുണ്ട്.

Top