സഹപ്രവര്‍ത്തകയ്‌ക്കെതിരെ നടിയുടെ മീടൂ ആരോപണം; ബലമായി ചുണ്ടില്‍ ചുംബിച്ചെന്ന് കനീസ് സുര്‍ക്ക

ഇന്ത്യയിലും കത്തിപ്പടരുന്ന മീടൂ കാമ്പയിനില്‍ പല പ്രമുഖരുടേയും മുഖം മൂടികള്‍ അഴിഞ്ഞ് വീഴുകയാണ്. നടന്മാരും എഴുത്തുകാരും രാഷ്ട്രീയ പ്രമുഖരുമടക്കം പലരും ഈ വെളിപ്പെടുത്തലുകളുടെ ചൂടറിഞ്ഞുകഴിഞ്ഞു. ദിനം പ്രതി എന്നോണം പുതിയ വെളിപ്പെടുത്തലുകള്‍ സോഷ്യല്‍ മീഡിയ അടക്കമുള്ള മാധ്യമങ്ങളിലൂടെ പുറത്തു വരികയാണ്. എന്നാല്‍ അത്തരം വെളിപ്പെടുത്തലുകളില്‍ നിന്നും വ്യത്യസ്തമായ ഒരു ആരോപണമാണ് കഴിഞ്ഞ ദിവസം പുറത്തുവന്നത്.

ഇതുവരെ മീ ടൂവില്‍ വന്നിരുന്നതെല്ലാം തന്നെ സ്ത്രീകള്‍ പുരുഷന് നേരെ ഉന്നയിച്ച ആരോപണങ്ങള്‍ ആയിരുന്നു. എന്നാല്‍ ഇപ്പോള്‍ ഒരു സ്ത്രീ തന്നെ മറ്റൊരു സ്ത്രീക്കെതിരെ ലൈംഗികാരോപണവുമായി രംഗത്ത് എ്ത്തിയിരിക്കുകയാണ്. സ്റ്റാന്‍ഡപ്പ് കൊമേഡിയനും നടിയും യുട്യൂബറുമായ കനീസ് സുര്‍ക്കയാണ് സഹപ്രവര്‍ത്തകയായ അദിതി മിത്തലിനെതിരെ ലൈംഗികാരോപണവുമായി രംഗത്ത് വന്നിരിക്കുന്നത്.

രണ്ട് വര്‍ഷം മുന്‍പ് ഒരു പൊതുപരിപാടിയില്‍ വച്ച് അദിതി തന്നെ ബലമായി ചുണ്ടില്‍ ചുംബിച്ചുവന്നാണ് കനീസിന്റെ ആരോപണം. ‘നൂറിലധികം വരുന്ന കാണികള്‍ക്ക് മുന്നില്‍ വച്ച് സ്റ്റേജില്‍ കയറി വന്നു എന്റെ സമ്മതമില്ലാതെ ബലമായി അദിതി എന്റെ ചുണ്ടില്‍ ചുംബിച്ചു’. കനീസിന്റെ ട്വിറ്ററില്‍ പറയുന്നു

സംഭവത്തിന് ശേഷം മിത്തല്‍ തന്നോട് മാപ്പപേക്ഷിച്ചെങ്കിലും പിന്നീട് ശത്രുത വച്ച് പെരുമാറുകയാണുണ്ടായതെന്നും കനീസിന്റെ ട്വീറ്റില്‍ പറയുന്നു. ‘എല്ലാവര്‍ക്കും അവരുടേതായ താത്പര്യങ്ങളും അതിര്‍വരമ്പുകളുമുണ്ട്. പക്ഷെ അവര്‍ എന്റെ അവകാശത്തില്‍ അതിക്രമിച്ചു കയറി’ കനീസ് പറയുന്നു

ഇപ്പോള്‍ നടക്കുന്ന മീ ടൂ ക്യാമ്പയിനില്‍ സജീവമായി പങ്കെടുക്കുന്ന, പീഡകര്‍ക്കെതിരെ ശക്തമായി വാദിക്കുകയും ചെയ്യുന്ന അദിതിയോട് കനീസിന് നേരെ നടന്ന സംഭവത്തില്‍ പരസ്യമായി മാപ്പു പറയാന്‍ ഒരു സുഹൃത്ത് വഴി ആവശ്യപ്പെട്ടെങ്കിലും അദിതി ആരോപണം നിഷേധിക്കുകയായിരുന്നു. ഇതോടെയാണ് അദിതിക്കെതിരേ പരസ്യമായ ആരോപണവുമായി കനീസ് രംഗത്ത് വന്നത്.

തന്റെ ഈ കുറിപ്പ് ഒരിക്കലും ഒരു പുരുഷന് എന്തെങ്കിലും സ്വാര്‍ത്ഥ താല്‍പര്യങ്ങള്‍ക്കായി ഉപയോഗിക്കാനുള്ള അവസരമല്ലെന്നും ഇത് പകരംവീട്ടലല്ലെന്നും വാദപ്രതിവാദം അവസാനിപ്പിക്കാനുള്ള മാര്‍ഗമാണെന്നും കനീസ് വ്യക്തമാക്കുന്നു..

Latest
Widgets Magazine