ജെഎന്‍യുവിനെതിരെ പ്രതിഷേധിച്ച കനയ്യ കുമാറടക്കം 21 വിദ്യാര്‍ത്ഥികളുടെ സെമസ്റ്റര്‍ രജിസ്‌ട്രേഷന്‍ റദ്ദാക്കി

JNU_Kumar

ദില്ലി: ജെഎന്‍യുവില്‍ പ്രതിഷേധം നടത്തിയ വിദ്യാര്‍ത്ഥികള്‍ക്കെതിരെ കര്‍ശന നടപടിയുമായി കോളേജ് അധികൃതര്‍ രംഗത്ത്. കനയ്യ കുമാറിന്റേതടക്കം 21 വിദ്യാര്‍ത്ഥികളുടെ സെമസ്റ്റര്‍ രജിസ്‌ട്രേഷന്‍ കോളേജ് റദ്ദാക്കി. രാജ്യദ്രോഹക്കുറ്റം ചുമത്തി കേസെടുത്ത വിദ്യാര്‍ത്ഥികള്‍ക്കെതിരെയാണ് സര്‍വകലാശാല ഭരണസമിതി നടപടിയെടുത്തത്.

ജെഎന്‍യു ക്യാപസില്‍ വിവാദമായ അഫ്സല്‍ ഗുരു അനുസ്മരണ ചടങ്ങുമായി ബന്ധപ്പെട്ട വിദ്യാര്‍ത്ഥികളുടെ അടുത്ത സെമസ്റ്ററിലേക്കുള്ള രജിസ്ട്രേഷനാണ് തടഞ്ഞിരിക്കുന്നത്. ജെഎന്‍യു വിദ്യാര്‍ത്ഥി യൂണിയന്‍ പ്രസിഡന്റ് കനയ്യ കുമാര്‍, മറ്റു യൂണിയന്‍ നേതാക്കളായ ഉമര്‍ ഖാലിദ്, അനിര്‍ബന്‍ ഭട്ടാചാര്യ എന്നിവര്‍ ഉള്‍പ്പടെ 21 പേരാണ് പട്ടികയിലുള്ളത്. വിദ്യാര്‍ത്ഥികളുടെ പേരടങ്ങുന്ന സര്‍ക്കുലറില്‍ അടുത്ത അറിയിപ്പ് ഉണ്ടാകുന്നതുവരെ പട്ടികയിലുള്ള വിദ്യാര്‍ത്ഥികളുടെ രജിസ്ട്രേഷന്‍ തടസപ്പെടുത്തിയതായി സര്‍വകലാശാലാ രജിസ്ട്രാര്‍ പ്രമോദ് കുമാര്‍ എടുത്തു പറയുന്നു. രജിസ്ട്രേഷന്‍ തടയുന്നതായുള്ള ഒരു സൂചനയും നല്‍കാതെയാണ് സര്‍വകലാശാലയുടെ പ്രതികാര നടപടി.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

രജിസ്ട്രേഷന്‍ തടസ്സപ്പെട്ട വിദ്യാര്‍ത്ഥികള്‍ ഇത് കോടതി നിര്‍ദേശം ലംഘിച്ചതാണെന്ന് ആരോപിച്ച് പ്രതിഷേധിച്ചു. ഹൈക്കോടതി നിര്‍ദേശത്തിന്റെ ലംഘനമാണ് പ്രതികാര നടപടിയെന്ന് വിദ്യാര്‍ത്ഥികള്‍ പറഞ്ഞു. എന്നാല്‍, സര്‍വകലാശാല ചുമത്തിയ പിഴ അടയ്ക്കാത്തതിനാലാണ് ഇവരുടെ രജിസ്ട്രേഷന്‍ തടസപ്പെടുത്തിയതെന്നാണ് സര്‍വകലാശാല ഭരണസമിതിയുടെ വാദം. അതേസമയം ഇതേ പട്ടികയില്‍ ഉള്‍പ്പെടുന്ന എബിവിപി പ്രവര്‍ത്തകനായ സൗരഭ് ശര്‍മ്മ ദേശ വിരുദ്ധ മുദ്രാവാക്യം വിളിച്ചവര്‍ക്ക് എതിരെ പ്രവര്‍ത്തിച്ചതിനാണ് തനിക്കെതിരെ നടപടി സ്വീകരിച്ചതെന്ന് ആരോപിക്കുന്നു.

Top