പണി പാതിയാകും മുന്‍പേ ഉമ്മന്‍ചാണ്ടിക്ക് കണ്ണൂരില്‍ വിമാനമിറക്കണം;എതിര്‍പ്പുമായി സിപിഐഎം രംഗത്ത്,പാര്‍ലമെന്റ് സമ്മേളനം നടക്കുമ്പോള്‍ ഉദ്ഘാടനം നടത്തുന്നതില്‍ എംപിമാര്‍ക്കും അസംതൃപ്തി.

കണ്ണൂര്‍: കണ്ണൂര്‍ വിമാനത്താവളത്തില്‍ തെരഞ്ഞെടുപ്പ് പ്രഖ്യാപനത്തിന് മുമ്പേ വിമാനം ഇറക്കാനാണ് മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയുടെ പദ്ധതി. വിമാനത്താവളത്തിന്റെ പണി പൂര്‍ത്തിയാകാന്‍ ഇനിയും ഒരു കൊല്ലത്തിലേറെ എടുക്കും. ഇത് സര്‍ക്കാരും സമ്മതിക്കും. എന്നാല്‍ തെരഞ്ഞെടുപ്പിന് മുമ്പേ വിമാനം കൊണ്ടുവന്ന് കണ്ണൂരിന്റെ മനസ്സ് പിടിക്കാനാണ് ഉമ്മന്‍ ചാണ്ടിയുടെ നീക്കം. ഇതിന് തെരഞ്ഞെടുത്തത് ഫെബ്രുവരി 29ഉം. ഉദ്ഘാടനത്തില്‍ നിന്ന് വിട്ടു നില്‍ക്കുമെന്ന് സിപിഐ(എം) പ്രഖ്യാപിച്ചിട്ടുണ്ട്. അതുകൊണ്ട് തന്നെ സിപിഐ(എം) എംപിമാരും പങ്കെടുക്കില്ലെന്നാണ് കരുതിയത്. അതുകൊണ്ട് തന്നെ യുഡിഎഫിന്റെ രാഷ്ട്രീയ പരിപാടിയാക്കാമെന്നും കോണ്‍ഗ്രസ് കരുതി.

എന്നാല്‍ എങ്ങനേയും ഉദ്ഘാടനം മുടക്കാനാണ് സിപിഐ(എം) നീക്കം. അതിന്റെ ഭാഗമായി പാര്‍ലമെന്റില്‍ ബജറ്റ് അവതരിപ്പിക്കുന്ന 29നു കണ്ണൂര്‍ വിമാനത്താവളത്തിന്റെ ഉദ്ഘാടനം തിരക്കിട്ടു നടത്തുന്നതില്‍ പ്രതിഷേധിച്ചു പി. കരുണാകരന്‍, പി. കെ. ശ്രീമതി എന്നിവര്‍ പ്രധാനമന്ത്രി, വ്യോമയാനമന്ത്രി, സ്പീക്കര്‍ എന്നിവര്‍ക്കു പരാതി നല്‍കി. ഇടതുമുന്നണിയുടെ കാലത്താണ് വിമാനത്താവളത്തിനു സ്ഥലമെടുപ്പു യുദ്ധകാലാടിസ്ഥാനത്തില്‍ നടത്തിയതും നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ തുടങ്ങിയതും. പണി പകുതിപോലും തീര്‍ന്നിട്ടില്ല. എംപിമാരുടെയും മന്ത്രിമാരുടെയും അവകാശങ്ങള്‍ നിഷേധിക്കുന്ന നടപടിയാണു സംസ്ഥാന സര്‍ക്കാരിന്റേതെന്ന് അവര്‍ കുറ്റപ്പെടുത്തി. ഇതോടെ മൂര്‍ഖന്‍പറമ്പിലെ പരീക്ഷണ പറക്കലിന് ലോക്‌സഭാ സ്പീക്കറുടെ നിലപാട് നിര്‍ണ്ണായകമായി.kannur airport

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

വികസന പദ്ധതികളില്‍ പങ്കെടുക്കാനുള്ള അവകാശം എംപിമാര്‍ക്കുണ്ട്. കണ്ണൂരിലെ എംപി ശ്രീമതിയാണ്. സ്ഥലം എംപിയെ ഒഴിവാക്കാനാണ് ഫെബ്രുവരി 29ന് പരീക്ഷണപ്പറക്കല്‍ വച്ചതെന്നാണ് ആക്ഷേപം. ഇതില്‍ സ്പീക്കര്‍ അനുകൂല തീരുമാനം എടുക്കുമെന്നാണ് പ്രതീക്ഷ. വിമാനത്താവള പദ്ധതിയിലെ രാഷ്ട്രീയം യുഡിഎഫിന് അനുകൂലമാണ്. അതിനാല്‍ ബിജെപിയുടെ കേന്ദ്ര സര്‍ക്കാരും പരീക്ഷണ പറക്കലിനെ തടയുമെന്നാണ് സൂചന. അടിസ്ഥാന സൗകര്യമൊന്നുമില്ലാതെ റണ്‍വേ മാത്രമാണ് കണ്ണൂര്‍ വിമാനത്താവളത്തില്‍ ഒരുക്കിയിട്ടുള്ളത്. പരീക്ഷണ പറക്കല്‍ നടത്തി യുഡിഎഫ് സര്‍ക്കാരിന്റെ നേട്ടപ്പട്ടികയില്‍ വിമാനത്താവളത്തിന്റെ ചിത്രമടിക്കുകയാണ് ലക്ഷ്യമെന്ന് സിപിഎമ്മിന് അറിയാം. അതുകൊണ്ടാണ് കരുതലോടെ ഇതിനെ തടയാന്‍ ശ്രമിക്കുന്നത്.

ഉത്തരമലബാറിന്റെ വികസനക്കുതിപ്പിന് സാക്ഷ്യം വഹിച്ചുകൊണ്ട് 29 ന് രാവിലെ 9 മണിക്ക് കണ്ണൂരിന്റെ മണ്ണില്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയുടേയും മന്ത്രിമാരുടേയും സമുന്നത നേതാക്കന്മാരുടേയും സാന്നിധ്യത്തില്‍ ആദ്യവിമാനമിറക്കാനാണ് പദ്ധതി. 1892 കോടി രൂപയാണ് പദ്ധതി ചെലവ്. ജിസിസി രാജ്യങ്ങളിലെയും ഏഷ്യന്‍ രാജ്യങ്ങളിലെയും പ്രധാന എയര്‍ക്രാഫ്റ്റുകള്‍ ഇവിടെ എത്തിച്ചേരാന്‍ ഏര്‍പ്പാടുകള്‍ ചെയ്യുന്നുണ്ട്. രണ്ടാം ഘട്ടത്തില്‍ 3400 മീറ്ററും തുടര്‍ന്ന് മൂന്നാം ഘട്ടത്തില്‍ 4000 മീറ്ററും റണ്‍വെ നിര്‍മ്മിക്കാനാണ് ഉദ്ദേശം. ഡിജിസിഎ അധികൃതര്‍ ഗഹനമായ സാങ്കേതിക പഠനങ്ങള്‍ നടത്തിയാണ് പരീക്ഷണ പറക്കലിന് അനുമതി നല്കിയത്. ഇതിനായി പ്രതിരോധ മന്ത്രാലയത്തിന്റെ എയര്‍ക്രാഫ്റ്റ് ലഭ്യമാക്കിയിട്ടുണ്ട്.

പദ്ധതിയുടെ നിര്‍മ്മാണ ഉദ്ഘാടനം 2014 ഫെബ്രുവരി 2 ന് മട്ടന്നൂര്‍ നിവാസികളെ സാക്ഷിയാക്കി എ.കെ.ആന്റണിയാണ് നിര്‍വ്വഹിച്ചത്. ടെര്‍മിനല്‍ ബില്‍ഡിങ്ങിന്റെ നിര്‍മ്മാണ ഉദ്ഘാടനം മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി 2014 ജൂലൈ 5 ന് നിര്‍വ്വഹിച്ചു. കിയാല്‍ പ്രൊജക്ട് ഓഫീസ് 2012 ഡിസംബര്‍ 6 ന് മട്ടന്നൂരില്‍ പ്രവര്‍ത്തനം തുടങ്ങി. വിമാനത്താവളത്തിലെ ഗ്രീന്‍ ബെല്‍റ്റ് പ്രോഗ്രാം 2013 ഓഗസറ്റ് 20 നും ഉദ്ഘാടനം ചെയ്യപ്പെട്ടു. എന്നാല്‍ ഉദ്ദേശിച്ച രീതിയില്‍ പണി മുന്നോട്ട് പോയില്ല. ഈ സാഹചര്യത്തിലാണ് അടിസ്ഥാന സൗകര്യങ്ങളായില്ലെങ്കിലും പരീക്ഷണ പറക്കല്‍ നടത്താന്‍ നീക്കം.

Top