കണ്ണൂരില്‍ വിമാനമിറങ്ങി; വികസന കുതിപ്പില്‍ ഉത്തര മലബാര്‍; ഒരു വര്‍ഷത്തിനുള്ളില്‍ വിമാനത്താവളം പൂര്‍ണ്ണസജ്ജമാകും

കണ്ണൂര്‍: വികസനസ്വപ്‌നങ്ങള്‍ക്ക് ചിറകേകി കണ്ണൂര്‍ വിമാനത്താവളത്തില്‍ ആദ്യ വിമാനം പറന്നിറങ്ങി. വിമാനത്താവളത്തില്‍ പരീക്ഷണ പറക്കലിന്റെ ഭാഗമായാണ് ആദ്യ വിമാനം ഇറങ്ങിയത്. വ്യോമസേനയുടെ ചെറിയ വിമാനമാണ് മൂര്‍ഖന്‍ പറമ്പിലെ വിമാനത്താവള റണ്‍വേയില്‍് പരീക്ഷണ പറക്കലിന്റെ ഭാഗമായി ഇറങ്ങിയത്. മുഖ്യമന്ത്രിമാരും മന്ത്രിമാരും അടക്കമുള്ളവര്‍ പരീക്ഷണ പറക്കലിന് സാക്ഷിയാകാന്‍ എത്തിയിരുന്നു. വ്യോമസേനയുടെ ബാംഗ്ലൂരില്‍ നിന്നുള്ള ഡോണിയര്‍ 228വിമാനമാണ് ചരിത്ര മുഹൂര്‍ത്തത്തില്‍ പങ്കാളിയായത്. മലയാളിയായ എയര്‍മാര്‍ഷല്‍ ആര്‍. നമ്പ്യാരാണ് വിമാനം പറത്തിയത്.

 

രാവിലെ 9.10ന് റണ്‍വേയില്‍ വിമാനം പറന്നിറങ്ങിയത്. മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയും മന്ത്രിമാരും ജനപ്രതിനിധികളും പങ്കെടുത്ത ചടങ്ങില്‍ നിന്നും പ്രതിപക്ഷ വിട്ടു നിന്നു. ബംഗളൂരുവില്‍ നിന്നെത്തിച്ച വിമാനം ചടങ്ങുകള്‍ക്കുശേഷം വീണ്ടും പറന്നുയരും. വിമാനത്തില്‍ വി.ഐ.പികളാരുമുണ്ടാവരുതെന്ന് നിര്‍ദ്ദേശമുണ്ടായിരുന്നു. മുഖ്യമന്ത്രിയും ഉന്നത ഉദ്യോഗസ്ഥരും ഹെലികോപ്റ്ററിലാണെത്തിയത്.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

 

ഉത്തരമലബാറിന്റെ വികസനക്കുതിപ്പിനു വഴിതുറക്കുന്ന കണ്ണൂര്‍ വിമാനത്താവളം യാത്രാ ആവശ്യങ്ങള്‍ക്കുള്ള കേരളത്തിലെ നാലാമത്തെ വിമാനത്താവളമായിരിക്കും ഇത്. പരീക്ഷണ പറക്കല്‍ നടന്നെങ്കിലും വിമാനത്താവളം പ്രവര്‍ത്തന സജ്ജമാകാന്‍ ഇനിയും ഒരു വര്‍ഷമെങ്കിലും കാത്തിരിക്കേണ്ടി വരും.
സംസ്ഥാനത്തെ ഏറ്റവും ആധുനികവും വലുപ്പമേറിയതുമായ വിമാനത്താവളമാണ് മട്ടന്നൂര്‍ മൂര്‍ഖന്‍പറമ്പില്‍ 2,200 ഏക്കറില്‍ നിര്‍മ്മിക്കുന്നത്. 3,050 മീറ്റര്‍ റണ്‍വേയില്‍ പ്രവര്‍ത്തനം തുടങ്ങിയശേഷം ഭാവിയില്‍ റണ്‍വേ 4,000 മീറ്റര്‍ ആക്കും. 2,400 മീറ്റര്‍ റണ്‍വേ ഇതിനകം പൂര്‍ത്തിയായി. ആദ്യഘട്ടത്തില്‍ 1,892 കോടി രൂപ ചെലവു പ്രതീക്ഷിക്കുന്നു. ടെര്‍മിനല്‍ കെട്ടിടം 65 ശതമാനവും എയര്‍ ട്രാഫിക് കണ്‍ട്രോള്‍ ടവര്‍ 80 ശതമാനവും പൂര്‍ത്തീകരിച്ചുവെന്നാണ് സര്‍ക്കാരിന്റെ അവകാശ വാദം.

പരീക്ഷണ പറക്കലിന് സാക്ഷിയാകാന്‍ ആയിരത്തോളം പേര്‍ എത്തിയിരുന്നു. നാട്ടുകാരും കോണ്‍ഗ്രസ് പ്രവര്‍ത്തകരും പരിപാടികളില്‍ സംബന്ധിക്കാന്‍ എത്തി. റണ്‍വേയില്‍ പ്രത്യേകം അടയാളപ്പെടുത്തിയ 1500 മീറ്റര്‍ സ്ഥലമാണ് പരീക്ഷണപ്പറക്കലിനായി ഉപയോഗിച്ചത്. നാലായിരം മീറ്റര്‍ റണ്‍വേ യാഥാര്‍ഥ്യമായാല്‍, ഹബ് എയര്‍ പോര്‍ട്ട് പദവിക്ക് അവകാശവാദമുന്നയിക്കാന്‍ കണ്ണൂരിനു സാധിക്കും. ഇപ്പോള്‍ ഡല്‍ഹി, ഹൈദരാബാദ്, ബെംഗളൂരു വിമാനത്താവളങ്ങള്‍ക്കു 4,000 മീറ്റര്‍ റണ്‍വേയുണ്ട്. സംസ്ഥാന സര്‍ക്കാര്‍ 35%, സര്‍ക്കാര്‍ പൊതുമേഖലാ സ്ഥാപനങ്ങള്‍ 25%, എയര്‍ പോര്‍ട്ട് അഥോറിറ്റി ഓഫ് ഇന്ത്യ 10%, സ്വകാര്യ വ്യക്തികളും സ്ഥാപനങ്ങളും 30% എന്നിങ്ങനെയാണ് വിമാനത്താവളത്തിന്റെ ഓഹരി ഘടന.

Top