കണ്ണൂര്‍ വിമാനത്താവളം ഒക്ടോബറില്‍; വിന്റര്‍ ഷെഡ്യൂളില്‍ വിമാനങ്ങള്‍ ഉള്‍പ്പെടുത്തി; എയര്‍ ഇന്ത്യ, ഇന്‍ഡിഗോ, ഗോ എയര്‍ എന്നിവ പറക്കും

കൊച്ചി: വടക്കന്‍ കേരളത്തിലെ ജനങ്ങള്‍ക്ക് വളെരെ ഉപയോഗപ്പെടുന്ന കണ്ണൂര്‍ വിമാനത്താവളം ഒക്ടോബര്‍ ഒന്നിനുമുമ്പ് പ്രവര്‍ത്തനസജ്ജമാകുമെന്ന് കേന്ദ്രസര്‍ക്കാര്‍. ഒക്ടോബര്‍ ഒന്നിനോ അതിനുശേഷമോ വിമാനത്താവളം ഉദ്ഘാടനം ചെയ്യാനാകുമെന്നാണ് സര്‍ക്കാര്‍ അറിയിച്ചിരിക്കുന്നത്. ഉത്ഘാടന തീയ്യതി സംസ്ഥാന സര്‍ക്കാരും ഡയറക്ടറേറ്റ് ഓഫ് സിവില്‍ ഏവിയേഷനും ചേര്‍ന്ന് തീരുമാനിക്കുമെന്ന് ഇത് സംബന്ധിച്ച വാര്‍ത്താസമ്മേളനത്തില്‍ കേന്ദ്ര വ്യോമയാനമന്ത്രി സുരേഷ് പ്രഭു പറഞ്ഞു.

ഒക്ടോബര്‍ ഒന്നിനുമുമ്പ് കേന്ദ്രസര്‍ക്കാര്‍ മുഴുവന്‍ അനുമതിയും നല്‍കും. തുടക്കത്തില്‍ത്തന്നെ മൂന്ന് അന്താരാഷ്ട്ര വിമാന സര്‍വീസുകള്‍ ഉണ്ടാകും. ജെറ്റ് എയര്‍വേസ്, ഗോ എയര്‍, ഇന്‍ഡിഗോ എന്നീ കമ്പനികളാണ് താത്പര്യം കാട്ടിയിരിക്കുന്നത്. കണ്ണൂര്‍-അബുദാബി (ജെറ്റ് എയര്‍വേസ്), കണ്ണൂര്‍-ദമാം (ഗോ എയര്‍), കണ്ണൂര്‍-ദോഹ (ഇന്‍ഡിഗോ) എന്നീ അന്താരാഷ്ട്ര വിമാന സര്‍വീസുകള്‍ക്ക് അനുമതി നല്‍കി. കൂടുതല്‍ കമ്പനികള്‍ കണ്ണൂരില്‍നിന്ന് സര്‍വീസ് നടത്താന്‍ ഉടന്‍ എത്തുമെന്ന് സുരേഷ് പ്രഭു പറഞ്ഞു.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

അടുത്ത ശീതകാലസമയക്രമം (വിന്റര്‍ ഷെഡ്യൂള്‍) ഒക്ടോബറിലാണ് തുടങ്ങുന്നത്. ഇതില്‍ കണ്ണൂരില്‍നിന്നുള്ള സര്‍വീസുകള്‍ ഉള്‍പ്പെടുത്തിയിട്ടുണ്ടെന്ന് വ്യോമയാന സെക്രട്ടറി ആര്‍. എന്‍. ചൗബേ പറഞ്ഞു.

കണ്ണൂര്‍ വിമാനത്താവളത്തെ കേന്ദ്രസര്‍ക്കാരിന്റെ ഉഡാന്‍ പദ്ധതിയില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ടെന്നും വിമാനത്താവളം തുറക്കുന്ന അന്നുതന്നെ ഉഡാന്‍ സര്‍വീസ് തുടങ്ങുമെന്നും വ്യോമയാന സഹമന്ത്രി ജയന്ത് സിന്‍ഹ അറിയിച്ചു. ഉഡാന്‍ പദ്ധതിയില്‍ കണ്ണൂരില്‍ നിന്നുള്ള സര്‍വീസുകള്‍ക്ക് എയര്‍ ഇന്ത്യ, ഇന്‍ഡിഗോ, ഗോ എയര്‍ എന്നീ കമ്പനികളാണ് തയ്യാറായിരിക്കുന്നത്.

രാജ്യങ്ങള്‍ തമ്മിലുള്ള ഉഭയകക്ഷി ഉടമ്പടിപ്രകാരമേ വിദേശ വിമാനക്കമ്പനികള്‍ക്ക് കണ്ണൂരില്‍നിന്ന് സര്‍വീസിന് അനുമതി നല്‍കാന്‍ കഴിയൂ എന്ന് മന്ത്രി അല്‍ഫോന്‍സ് കണ്ണന്താനം വ്യക്തമാക്കി. ഇതിനായി ഉഭയകക്ഷി ചര്‍ച്ചകള്‍ നടത്തി കരാരില്‍ ഒപ്പിടണം. ഭാവിയില്‍ ഇക്കാര്യത്തില്‍ തീരുമാനമുണ്ടാകുമെന്ന് കണ്ണന്താനം പറഞ്ഞു. സംയുക്ത വാര്‍ത്താസമ്മേളനത്തില്‍ വി. മുരളീധരന്‍ എം.പി.യും ഒപ്പമുണ്ടായിരുന്നു.

Top